Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ഈയമെത്തുന്നു; അടിയന്തര നടപടിക്ക് ലോകാരോഗ്യ സംഘടന

text_fields
bookmark_border
മൂന്നിലൊന്ന് കുട്ടികളുടെ ശരീരത്തിലും ഈയമെത്തുന്നു; അടിയന്തര നടപടിക്ക് ലോകാരോഗ്യ സംഘടന
cancel

ജനീവ : ലോകത്ത് മൂന്നിൽ ഒരു കുട്ടിയെ ബാധിക്കുന്നതായി കണ്ടെത്തിയ ലെഡ് വിഷബാധ തടയാൻ രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ലോകമെമ്പാടും 81.5 കോടി കുട്ടികൾക്ക് ലെഡ് സമ്പർക്കം മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കണക്ക്. കുട്ടികളുടെ മസ്തിഷ്കവളർച്ചയെയും പഠനശേഷിയെയും ദീർഘകാല ആരോഗ്യത്തെയും ബാധിക്കുന്ന ഈ പ്രശ്നം പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും സംഘടന മുന്നറിയിപ്പ് നൽകി.

ലെഡ് അഥവാ ഈയം ശരീരത്തിലെത്തുന്നത് വിവിധ വഴികളിലൂടെയാണ്. പഴയ പെയിന്റുകൾ, മലിനമായ കുടിവെള്ളം, ലിപ്സ്റ്റിക്ക് പോലുള്ള ചില സൗന്ദര്യവർധക വസ്തുക്കൾ, കളിപ്പാട്ടങ്ങൾ, മസാലപ്പൊടികൾ, പരമ്പരാഗത മരുന്നുകൾ, വ്യവസായ മാലിന്യങ്ങൾ എന്നിവയിലൂടെ ലെഡ് ശരീരത്തിലെത്താം. ബാറ്ററി നിർമാണം, പുനഃസംസ്കരണം, ഖനനം തുടങ്ങിയ മേഖലകളും ലെഡ് വിഷബാധയുടെ പ്രധാന ഉറവിടങ്ങളാണ്. കുട്ടികൾ മലിനമായ പൊടിയോ മണ്ണോ കൈകളിലൂടെ വായിലെത്തിക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു.

ലെഡ് സമ്പർക്കം കുട്ടികളുടെ മസ്തിഷ്കത്തെയും നാഡീവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കാം. ബുദ്ധിവികാസം, ശ്രദ്ധ, പഠനശേഷി, പെരുമാറ്റം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നതിനൊപ്പം വൃക്കകളുടെ പ്രവർത്തനത്തെയും രക്തസമ്മർദത്തെയും ബാധിക്കാനും സാധ്യതയുണ്ട്. ഉയർന്ന അളവിലുള്ള സമ്പർക്കം ഗുരുതരമായ മസ്തിഷ്ക ക്ഷതത്തിനും ചില സാഹചര്യങ്ങളിൽ മരണത്തിനും കാരണമാകാം. ഗർഭിണികളിലെ ലെഡ് സമ്പർക്കം ഗർഭസ്ഥശിശുവിനെയും ബാധിച്ചേക്കാം.

യുണിസെഫ്, നീതി ആയോഗ് എന്നിവയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഈയവിഷബാധ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപെട്ടിട്ടുണ്ട്. 2020 ൽ യൂനിസെഫ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏതാണ്ട് 27.5 കോടി കുട്ടികളുടെ രക്തത്തിൽ ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള സുരക്ഷിത അളവിനേക്കാൾ (5 µg/dL) കൂടുതൽ ലെഡിന്റെ അംശം അടങ്ങിയിട്ടുണ്ട്. ലെഡ് വിഷബാധ തടയുന്നതിനായി രാജ്യങ്ങൾക്ക് പ്രായോഗിക മാർഗനിർദേശങ്ങൾ നൽകുന്ന സാങ്കേതിക പാക്കേജും ആഗോള കർമപദ്ധതിയും 2027 ഓടെ അവതരിപ്പിക്കാനാണ് ഡബ്ല്യു.എച്ച്.ഒയുടെ തീരുമാനം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lead Poisoning Threatens Children
Next Story