Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകുടുംബം കുളംതോണ്ടുന്ന...

കുടുംബം കുളംതോണ്ടുന്ന ചികിൽസാ ചെലവുകൾ; പാലിയേറ്റിവ് കെയറുകളുടെ അഭാവം ഇന്ത്യൻ വീടുകളിലെ വയോജന പരിചരണത്തെ ബാധിക്കുന്നു

text_fields
bookmark_border
കുടുംബം കുളംതോണ്ടുന്ന ചികിൽസാ ചെലവുകൾ; പാലിയേറ്റിവ് കെയറുകളുടെ അഭാവം ഇന്ത്യൻ വീടുകളിലെ വയോജന പരിചരണത്തെ ബാധിക്കുന്നു
cancel

ന്യൂഡൽഹി: മതിയായ ആരോഗ്യ പരിരക്ഷയുടെ അപര്യാപ്തതയും ഇൻഷുറൻസിലെ വിടവും പല ഇന്ത്യൻ കുടുംബങ്ങൾക്കും താങ്ങാനാവാത്ത ആരോഗ്യ സംരക്ഷണ ചെലവുകൾ വരുത്തിവെക്കുന്നതായി പുതിയ പഠനം. ആശുപത്രി വാസത്തിൽ നിന്ന് മാത്രമല്ല, വീട്ടിൽ പാലിയേറ്റിവ് കെയർ ആവശ്യമുള്ള പ്രായമായ അംഗങ്ങളെ മാസങ്ങളോളം പരിചരിക്കുന്നതിലൂടെയുമാണ് ഈ ഭാരിച്ച ചെലവുകൾ ഉണ്ടാവുന്നതെന്നും അതു ചൂണ്ടിക്കാണിക്കുന്നു.

ആരോഗ്യ ഇൻഷുറൻസിലും ദീർഘകാല പരിചരണത്തിനുള്ള സർക്കാർ പിന്തുണയിലുമുള്ള അപര്യാപ്തതയും വിടവും ഈ കണ്ടെത്തലുകളെ അടിവരയിടുന്നു. താങ്ങാനാവാത്ത ആരോഗ്യ ചെലവ് എന്നത് കുടുംബ വരുമാനത്തിന്റെ 25 ശതമാനത്തിന് തുല്യമോ അതിലധികമോ ആണെന്നും പഠനം നിർവചിക്കുന്നു.

സാമ്പത്തിക ബുദ്ധിമുട്ട് പലപ്പോഴും കുടുംബങ്ങളെ കടത്തിലേക്ക് തള്ളിവിട്ടു. നാലിലൊന്ന് വീടുകളും ചികിത്സാ ചെലവുകൾക്കായി അവരുടെ സമ്പാദ്യം മുഴുവനായി ചെലവഴിക്കുകയോ വായ്പ എടുക്കുകയോ ചെയ്തു. മറ്റുള്ളവർ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള സാമ്പത്തിക സഹായത്തെ ആശ്രയിച്ചു. ‘ആരോഗ്യ പരിരക്ഷകൾ ഉണ്ടായിട്ടും ഇന്ത്യയിൽ പാലിയേറ്റിവ് കെയർ ആവശ്യമുള്ള പ്രായമായവർ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് ഇരയാകാൻ സാധ്യത നിലനിൽക്കുന്നു. കാരണം അവർ പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്നതിനെയാണ് കൂടുതലും ആശ്രയിക്കേണ്ടിവരുന്നത്’ എന്ന് ചെന്നൈയിലെ എസ്.ആർ.എം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ആരോഗ്യ സാമ്പത്തിക ശാസ്ത്ര പ്രഫസറും പഠന സൂപ്പർവൈസറുമായ ബെൻസൺ തോമസ് പറഞ്ഞു.

ബി.എം.സി പാലിയേറ്റീവ് കെയർ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനം, എല്ലാതരം വരുമാന ഗ്രൂപ്പുകളിലുമായി വ്യാപിച്ചുകിടക്കുന്ന 2,698 വീടുകളിലായി പാലിയേറ്റിവ് കെയർ ആവശ്യമുള്ള 2,903 വൃദ്ധ രോഗികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയത്.

ഈ കുടുംബങ്ങളിൽ 24 ശതമാനം പേർ അവരുടെ സമ്പാദ്യം മുഴുവനായി ചികിൽസക്കായി ചെലവിട്ടു. 27 ശതമാനം പേർ പണം കടം വാങ്ങി. 14 ശതമാനം പേർ സുഹൃത്തുക്കളിലേക്കോ ബന്ധുക്കളിലേക്കോ സഹായത്തിനായി കൈനീട്ടി.

വിട്ടുമാറാത്തതും ആയുസ്സ് പരിമിതപ്പെടുത്തുന്നതുമായ അവസ്ഥകളുള്ള ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് പാലിയേറ്റീവ് കെയർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രായമായവരിൽ വിട്ടുമാറാത്ത ശ്വസന വൈകല്യങ്ങൾ, കാൻസർ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് സാധാരണയായി ആശുപത്രി അധിഷ്ഠിത ചികിത്സയേക്കാൾ ദീർഘകാല ഔട്ട്പേഷ്യന്റ് പരിചരണം ആവശ്യമാണ്.

‘പാലിയേറ്റീവ് കെയർ ആവശ്യമുള്ളവർക്ക് സാമ്പത്തിക സംരക്ഷണം നിലവിലില്ല അല്ലെങ്കിൽ വളരെ ദുർബലമാണെന്ന് ഞങ്ങൾ കണ്ടെത്തി’യെന്ന് എസ്.ആർ.എം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയും പഠന സംഘത്തിലെ അംഗവുമായ ടെറിമൈസ് ഇമ്മാനുവൽ പറഞ്ഞു.

രാജ്യത്തെ മിക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലും പാലിയേറ്റിവ് കെയർ ഉൾപ്പെടുന്നില്ലെന്നും പ്രത്യേകിച്ച് വീടുകളിലെ പ്രായമായ രോഗികൾക്കുള്ള സേവനം വേണ്ടിടത്ത് അതില്ലെന്നും അദ്ദേഹം പറഞ്ഞു.

വിട്ടുമാറാത്ത രോഗങ്ങളുള്ള പ്രായമായ രോഗികളുടെ ആശുപത്രി ചെലവുകളുടെ 82 ശതമാനവും വീടുകൾ വഹിക്കേണ്ടിവരുമെന്ന് പഠനം കണ്ടെത്തി. ഇങ്ങനെ വീടുകളിൽ ഒരു വർഷത്തിൽ ആശുപത്രി ചെലവ് ശരാശരി 2.68 ലക്ഷം രൂപയും, ഹൃദ്രോഗത്തിന് 93,000 രൂപയും, പക്ഷാഘാതത്തിന് 54,000 രൂപയുമാണെന്നും ഏറ്റവും കൂടുതൽ പണം ചെലവഴിക്കേണ്ട രോഗാവസ്ഥകളാണിവരെന്നും പഠനം ചുണ്ടിക്കാട്ടുന്നു.

2018ൽ ആരംഭിച്ച പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന ഉൾപ്പെടെയുള്ള സർക്കാർ ധനസഹായത്തോടെയുള്ള ആരോഗ്യ സംരക്ഷണ, ഇൻഷുറൻസ് പദ്ധതികൾ കുടുംബങ്ങളുടെ പോക്കറ്റിൽ നിന്ന് ചെലവഴിക്കുന്ന ചെലവുകൾ ഗണ്യമായി കുറച്ചുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തി​ന്റെ അവകാശ വാദം.

എന്നാൽ, ഈ നേട്ടങ്ങൾ വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള പ്രായമായവരുടെ ചികിത്സയിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്ന് ഇമ്മാനുവൽ പറഞ്ഞു. സംസ്ഥാനങ്ങളിലുടനീളം വിനാശകരമായ ആരോഗ്യ ചെലവുകളുടെ ഭാരം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും പഠനം കണ്ടെത്തി. കർണാടകയിൽ ഏകദേശം 6.5 ശതമാനം കുടുംബങ്ങൾ ദുരന്തകരമായ ചെലവ് നേരിട്ടു. ബംഗാളിൽ 23 ശതമാനവും കേരളത്തിൽ 38 ശതമാനവുമാണ് ഈ കണക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palliative careOld Age Peopleinsurance planIndian Homes
News Summary - lack of palliative care is affecting elderly care in Indian homes
Next Story