ലാബ് പരിശോധന ഫലങ്ങൾക്കായി അലയേണ്ട; മെഡിക്കൽ കോളജിലെ പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജിൽ നടപ്പാക്കിവരുന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവിന്റെ ഭാഗമായാണ് നടപടി.
പദ്ധതിയുടെ ഭാഗമായി ആശുപത്രിയിലെ ലാബ് സാമ്പിൾ കലക്ഷൻ സെന്ററും ടെസ്റ്റ് റിസൾട്ട് സെന്ററും ഏകീകരികരിച്ചിട്ടുണ്ട്. അതിനാൽ ആശുപത്രിയിലെ വിവിധ േബ്ലാക്കുകളിലെ രോഗികൾക്ക് അവരവരുടെ പരിശോധന ഫലങ്ങൾ അതാത് ബ്ലോക്കുകളിൽ തന്നെ ലഭ്യമാകും. ഇത് കൂടാതെയാണ് മൊബൈൽ ഫോണുകളിലും പരിശോധന ഫലങ്ങൾ ലഭ്യമാക്കുന്നത്. ഫോൺ നമ്പർ വെരിഫിക്കേഷൻ കഴിഞ്ഞ രോഗികൾക്കാണ് ഈ സേവനം ലഭ്യമാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഒ.പി രജിസ്ട്രേഷൻ സമയത്തോ ലാബിൽ ബില്ലിങ് ചെയ്യുന്ന സമയത്തോ മൊബൈൽ നമ്പർ വെരിഫിക്കേഷൻ ചെയ്യാം. ടെസ്റ്റ് മെസേജായി മൊബൈലിൽ ലിങ്ക് വരും. ലിങ്കിൽ ക്ലിക്ക് ചെയ്താൽ പരിശോധന ഫലം ലഭിക്കും. 90 ദിവസം ലിങ്ക് സജീവമായിരിക്കും. ഇതുകൂടാതെ മെഡിക്കൽ കോളജ് ആശുപത്രിയിലെ എച്ച്.ഡി.എസ്, ആർ.ജി.സി.ബി, എ.സി.ആർ ലാബുകളിലെ പരിശോധന ഫലം ആശുപത്രിക്ക് അകത്തുള്ള ഏകീകൃത റിസൾട്ട് കൗണ്ടറിൽനിന്ന് 24 മണിക്കൂറും ലഭ്യമാണ്. കിടത്തി ചികിത്സ വിഭാഗത്തിലെ രോഗികളുടെ പരിശോധന ഫലങ്ങൾ അവരവരുടെ വാർഡുകളിൽ തന്നെ ലഭ്യമാക്കാനുള്ള ശ്രമം പുരോഗമിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായാണ് മെഡിക്കൽ കോളജിൽ ഈ പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കുന്നത്. ക്യൂ നിൽക്കാതെ ഒ.പി ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടുമടങ്ങുമ്പോൾതന്നെ തുടർചികിത്സക്കുള്ള തീയതിയും ടോക്കണും ഈ സംവിധാനത്തോടെ നേരത്തെയെടുക്കാനും സാധിക്കുന്നു. മെഡിക്കൽ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്താനുള്ള ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷേറ്റീവ് തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ആദ്യം ആരംഭിച്ചത്. മറ്റ് മെഡിക്കൽ കോളജുകളിലെ സീനിയർ ഡോക്ടർമാർകൂടി ഉൾക്കൊള്ളുന്ന സംഘമാണ് മേൽനോട്ട സമിതി. അത്യാഹിത വിഭാഗത്തിലെത്തുന്നവർക്ക് കാലതാമസമില്ലാതെ വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പുവരുത്തുകയാണ് പ്രധാന ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

