Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightബ്രെയിൻ അന്യൂറിസത്തിന്...

ബ്രെയിൻ അന്യൂറിസത്തിന് ഫ്ലോ ഡൈവെർട്ടർ ചികിത്സയിൽ സെഞ്ചറി തികച്ച് കോഴിക്കോട് മെഡിക്കൽ കോളജ്

text_fields
bookmark_border
ബ്രെയിൻ അന്യൂറിസത്തിന് ഫ്ലോ ഡൈവെർട്ടർ ചികിത്സയിൽ സെഞ്ചറി തികച്ച് കോഴിക്കോട് മെഡിക്കൽ കോളജ്
cancel

കോഴിക്കോട്: തലച്ചോറിലെ രക്ത ധമനികളെ ബാധിക്കുന്ന അതിസങ്കീർണമായ ബ്രെയിൻ അന്യൂറിസത്തിനുള്ള ഫ്ലോ ഡൈവെർട്ടർ ചികിത്സയിൽ സെഞ്ചറി തികച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്. ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ചികിത്സ സാധാരണക്കാരായ 100ൽ പരം പേർക്ക് സ്വാന്തനമേകി.

തലച്ചോറിൽ രക്തസ്രാവത്തിനും അതുവഴി പക്ഷാഘാതത്തിനും കാരണമാകുന്ന രോഗാവസ്ഥയാണ് ബ്രെയിൻ അന്യൂറിസം. രക്തക്കുഴലുകളിലെ ബലഹീനത കാരണം ഉണ്ടാകുന്ന കുമിളകളെയാണ് അന്യൂറിസം എന്നു പറയുന്നത്. തലയോട്ടി തുറക്കാതെ കാലിലെ രക്തക്കുഴൽ വഴി (പിൻ ഹോൾ ദ്വാരത്തിലൂടെ) തലച്ചോറിലെ രക്തക്കുഴലിലേക്ക് കതീറ്റർ കടത്തിവിട്ടു നടത്തുന്ന എൻഡോവാസ്കുലാർ ചികിത്സയുടെ രണ്ടു വകഭേദങ്ങളാണ് കോയിലിങ് ചികിത്സയും ഫ്ലോ ഡൈവെർട്ടർ ചികിത്സയും. അന്യൂറിസം ബാധിച്ച രക്തക്കുഴലിലേക്ക് കതീറ്റർ കടത്തി വിട്ടു രക്തപ്രവാഹം പൂർവസ്ഥിതിയിലാക്കുന്ന സ്റ്റെന്റ് പോലുള്ള ഉപകരണമാണ് ഫ്ലോ ഡൈവെർട്ടർ.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ആറ് ലക്ഷം രൂപ വരെയാണ് ഇതിന് ചെലവ് വരുന്നത്. ഇതിൽ 2021 വരെ അഞ്ചു ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചിരുന്നു. നിലവിൽ 2,35,000 രൂപ മാത്രമാണ് ഇൻഷുറൻസ് ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞത് 10 ലക്ഷത്തിന് മുകളിലാണ് ചികിത്സക്ക് പണം ഈടാക്കുന്നത്. 250-ൽ അധികം രോഗികൾക്ക് കോയിലിങ് ചികിത്സയിലൂടെ രോഗശമനം നേടിക്കൊടുക്കുവാനും കോഴിക്കോട് മെഡിക്കൽ കോളേജിന് സാധിച്ചതായി ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രാഹുൽ അറിയിച്ചു.

തൃശൂർ മുതൽ മലബാറിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള രോഗികൾ ഇതിനകം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫ്ലോ ഡൈവെർട്ടർ ചികിത്സക്ക് വിധേയരായി ജീവിതത്തിലേക്ക് തിരികെയെത്തിയിട്ടുണ്ട്.

പൊതു മേഖലയിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, കോഴിക്കോട് മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ബ്രെയിൻ അന്യൂറിസത്തിന് ഫ്ലോ ഡൈവെർട്ടർ ചികിത്സ ലഭിക്കുന്നത്. 2018ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫ്ലോ ഡൈവെർട്ടർ ചികിത്സ ആരംഭിച്ചത്. ഇതിൽ തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഫ്ലോ ഡൈവെർട്ടർ ചികിത്സ നടത്തിയ ഖ്യാതി കോഴിക്കോട് മെഡിക്കൽ കോളേജിനാണുള്ളതെന്ന് പ്രിൻസിപ്പൽ ഡോ. സജീത് കുമാർ അറിയിച്ചു. പ്രിൻസിപ്പൽ ഡോ. സജീത് കുമാർ, റേഡിയോളജി വിഭാഗം മേധാവി ഡോ. ജോൺ, ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റ് ഡോ. രാഹുൽ, അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ബിനു സാജിദ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. ഷാജു മാത്യു, മെഡിസിൻ വിഭാഗം മേധാവി ഡോ. ഗീത പി എന്നിവരുടെ ഏകോപനത്തിലാണ് അന്യൂറിസം ചികിത്സ നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical Collegebrainhealthnews
News Summary - Kozhikode Medical College completes century in flow diverter treatment for brain aneurysm
Next Story