ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപ കൈമാറി
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെ ക്ഷയരോഗ നിവാരണ യജ്ഞത്തിലേക്ക് കൊച്ചി കപ്പൽശാല 24 ലക്ഷം രൂപയുടെ സി.എസ്.ആർ ഫണ്ട് നൽകുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
പ്രധാനമന്ത്രി ടി.ബി മുക്ത് ഭാരത് അഭിയാന്റെ കീഴിൽ നിക്ഷയ് മിത്ര പദവി ലഭിച്ച കൊച്ചി കപ്പൽ ശാലയുടെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി ക്ഷയരോഗ ചികിത്സയിൽ കഴിയുന്ന ജില്ലയിലെ 500 രോഗികൾക്ക് ആറു മാസത്തേക്ക് പോഷകാഹാരം നൽകുക, ജില്ലയിൽ ക്ഷയരോഗ നിവാരണത്തിനായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്.
നാഷണൽ ഹെൽത്ത് മിഷൻ ആരോഗ്യകേരളം മുഖേനെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇത്രയും വലിയ തുക സി.എസ്.ആർ പദ്ധതി വഴി ക്ഷയരോഗ നിവാരണ പരിപാടിക്ക് വേണ്ടി ജില്ലയിൽ ലഭിക്കുന്നത് ആദ്യമായാണ്.
കലക്ടറുടെ ചേമ്പറിൽ കലക്ടർ എൻ.എസ്.കെ ഉമേഷിൻ്റെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയുടേയും സാന്നിധ്യത്തിൽ കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മേധാവി പി.എൻ സമ്പത്ത് കുമാർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി. രോഹിണിക്ക് ധാരണാപത്രം കൈമാറി. ജില്ലാ ടി.ബി ഓഫീസർ ഡോ. അനന്ത് മോഹൻ, കൊച്ചിൻ ഷിപ്യാർഡ് സി.എസ്.ആർ വിഭാഗം മാനേജർ എ.കെ യൂസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

