പെരുവള്ളൂരിൽ ഭീഷണിയായി വീണ്ടും മഞ്ഞപ്പിത്തം; 27 പേർക്ക് രോഗം; കർശന മാർഗനിർദേശങ്ങളുമായി പഞ്ചായത്ത്
text_fieldsപെരുവള്ളൂർ: പഞ്ചായത്തിൽ ഭീഷണിയായി വീണ്ടും മഞ്ഞപ്പിത്തം. 27 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 44 പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ വർഷം പഞ്ചായത്തിലെ ഒരു വിദ്യാലയത്തിൽ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തതിന്റെ തുടർച്ചയാണിതെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് കെ. കലാമിന്റെ അധ്യക്ഷതയിൽ പൊതുജനാരോഗ്യ സമിതി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ജാഗ്രത നിർദേശങ്ങൾ നൽകുകയും ചെയ്തു.
അനധികൃത ഭക്ഷ്യ, ശീതള പാനീയങ്ങളുടെ വിൽപ്പന പഞ്ചായത്ത് പരിധിയിൽ നിരോധിച്ചിട്ടുണ്ട്. മുറിച്ചുവെച്ച പഴവർഗങ്ങളും തുറന്നുവെച്ച ഭക്ഷ്യവസ്തുക്കളും വിൽപ്പന നടത്താൻ പാടില്ല. ആവർത്തിച്ച് ഉപയോഗിക്കുന്ന വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന പലഹാരങ്ങൾ വിൽപ്പന നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സൽക്കാര പരിപാടികൾ മുൻകൂട്ടി പഞ്ചായത്തിനെയോ പബ്ലിക് ഹെൽത്ത് ഓഫീസിനെയോ അറിയിക്കണം.
പകർച്ചവ്യാധികളുള്ള വീടുകളിലോ അവരുമായി സമ്പർക്കത്തിൽ ഉള്ളവരുടെ വീടുകളിലും സൽക്കാര പരിപാടികൾ നടത്താൻ പാടില്ല. പകർച്ചവ്യാധി ഭീഷണി ഉള്ള വ്യക്തികളെ സൽക്കാര പരിപാടികളിൽ പങ്കെടുപ്പിക്കാൻ പാടില്ല. ഭക്ഷണം പാകം ചെയ്യുന്നവർക്കും വിതരണം ചെയ്യുന്നവർക്കും മെഡിക്കൽ സർട്ടിഫിക്കറ്റ് വേണമെന്ന കർശന നിർദേശങ്ങളാണ് നൽകിയത്.
പച്ചവെള്ളമോ വൃത്തിഹീനമായ സാഹചര്യത്തിൽ നടത്തുന്ന ഭക്ഷ്യ ശീതള പാനീയങ്ങളോ കഴിക്കരുത്. റമദാൻ വ്രതമനുഷ്ഠിക്കുന്നവർ നിർജലീകരണ സാധ്യത മുൻനിർത്തി നേരിട്ടു വെയിൽ ഏൽക്കുന്ന പ്രവർത്തികളിൽ ഏർപ്പെടരുത്. ഭക്ഷണ പാനീയങ്ങളിൽ ഈച്ച, കൊതുക് പോലെയുള്ള പ്രാണികൾ കടക്കാതെ അടച്ചു സൂക്ഷിക്കുക, പാനീയങ്ങളിൽ അംഗീകൃത രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ഐസ് കട്ടകൾ മാത്രം ഉപയോഗിക്കുക, ആരാധനാലയങ്ങളിൽ അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം തയ്യാറാക്കുന്നതിനും ശുദ്ധജലം മാത്രം ഉപയോഗിക്കുക, നോമ്പ് തുറക്കുന്ന സമയങ്ങളിൽ എരിവും പുളിയുമുള്ള ഭക്ഷണ പദാർഥങ്ങൾ ഒഴിവാക്കുക, നോമ്പ് തുറ പരിപാടികളിൽ ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക തുടങ്ങി നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ നിയമം, കേരള പഞ്ചായത്ത് രാജ് നിയമം, കേരള പൊതുജനാരോഗ്യ നിയമം എന്നിവ പ്രകാരം നിയമനടപടികൾ സ്വീകരിക്കാൻ സമിതി തീരുമാനിച്ചു.
പെരുവള്ളൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.പി ഫൗസിയ , ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. റഫീഖ്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. സുനന്ദകുമാർ ആരോഗ്യ പ്രവർത്തകരായ ലൈജു ഇഗ്നേഷ്യസ്, അനുശ്രീ, രജില ബീവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

