ഇതൊന്നും കഴിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം!
text_fieldsകൊച്ചി: സംസ്ഥാനത്തെ ഭക്ഷണശാലകളിലും ബേക്കറികളിലും മറ്റ് ഭക്ഷണ വിതരണ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനം. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കാതിരിക്കുക, വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയാറാക്കുകയും വിളമ്പുകയും ചെയ്യുക, ലൈസൻസിങ് വ്യവസ്ഥകൾ പാലിക്കാതിരിക്കുക, വെള്ളത്തിന്റെ ഗുണനിലവാരമില്ലായ്മ തുടങ്ങിയവയാണ് ഭക്ഷണശാലകളിലെ പ്രധാന നിയമലംഘനങ്ങൾ.
-2024 ജനുവരി മുതൽ കഴിഞ്ഞ ഫെബ്രുവരി അവസാനം വരെ നടത്തിയ 1,20,980 പരിശോധനകളിലായി നിയലംഘനം കണ്ടെത്തിയ 6,135 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. 3,64,93,955 രൂപ പിഴ ഈടാക്കി.
നശിപ്പിച്ചത് 2409 കിലോ മത്സ്യം
പരിശോധനയിൽ കണ്ടെടുത്ത് നശിപ്പിച്ച 2806 കിലോഗ്രാം ഭക്ഷ്യവസ്തുവിൽ 2409 കിലോയും മത്സ്യമാണ്. തേയില 203.6 കിലോ, നെയ്യ് 93.5 കിലോ, നിറം ചേർത്ത മധുരപലഹാരം 74 കിലോ, ഗ്രീൻപീസ് ആറ് കിലോ, അരി 20.75 കിലോ, തേൻ 81 ലിറ്റർ എന്നിങ്ങനെയാണ് മറ്റുള്ളവയുടെ കണക്ക്.
തിരുവനന്തപുരം 50.57 ലക്ഷം, എറണാകുളം 52.37 ലക്ഷം, പാലക്കാട് 15.83 ലക്ഷം, തൃശൂർ 23.58 ലക്ഷം, കണ്ണൂർ 38.77 ലക്ഷം, കോട്ടയം 25.64 ലക്ഷം, പത്തനംതിട്ട 17.60 ലക്ഷം, വയനാട് 10.82 ലക്ഷം, ആലപ്പുഴ 22.21 ലക്ഷം, കോഴിക്കോട് 37.97 ലക്ഷം, മലപ്പുറം 69.55 ലക്ഷം എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ ഈടാക്കിയ പിഴ. ഇടുക്കി, കാസർകോട്, കൊല്ലം ജില്ലകളുടേത് ലഭ്യമായിട്ടില്ല.
തലസ്ഥാനത്ത് പൂട്ടിച്ചത് 311 സ്ഥാപനങ്ങൾ
തിരുവനന്തപുരം ജില്ലയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയ 311 സ്ഥാപനങ്ങൾ താത്കാലികമായി അടപ്പിക്കുകയും 762 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. പാലക്കാട്ട് 648 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. തൃശൂരിൽ 55 സ്ഥാപനങ്ങൾ അടപ്പിച്ചു. 931 എണ്ണത്തിന് പിഴ ചുമത്തി. കണ്ണൂരിൽ 875ഉം വയനാട്ടിൽ 269ഉം സ്ഥാപനങ്ങൾക്ക് പിഴയിട്ടപ്പോൾ മലപ്പുറത്ത് 1282 സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി.
കർശന നടപടി തുടരും
സംസ്ഥാനത്ത് 140 ഭക്ഷ്യ സുരക്ഷാ ഓഫിസർമാരാണുള്ളത്. എന്നാൽ, ഈ മേഖലയിലെ സ്ഥാപനങ്ങൾ നാലര ലക്ഷമാണ്. എങ്കിലും നിയമലംഘനം കണ്ടെത്തിയാൽ നോട്ടീസ് നൽകൽ, ലൈസന്സ് റദ്ദാക്കൽ, സ്ഥാപനം അടപ്പിക്കൽ തുടങ്ങിയ കർശന നടപടികൾ ഉടൻ സ്വീകരിക്കാറുണ്ട്. പരിശോധനകൾ മാത്രമല്ല, സ്ഥാപന നടത്തിപ്പുകാർക്ക് പരിശീലനവും തൊഴിലാളികൾക്ക് ബോധവത്കരണവുമുണ്ട്. കൂടുതൽ ഭക്ഷ്യസുരക്ഷാ ഓഫിസർമാരുടെ നിയമനം ഈ വർഷം ഉണ്ടാകും.
അഫ്സാന പർവീൺ (സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമീഷണർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

