ഹന്താ വൈറസും എബോളയും അതിവേഗം പടരുന്നു; രോഗവ്യാപനം കൂടുതൽ മാരകമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്
text_fieldsജനീവ: ആഗോളതലത്തിൽ പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള ലോകത്തിന്റെ ശേഷി കുറഞ്ഞുവരികയാണെന്ന് വിദഗ്ദ്ധരുടെ ഗുരുതര മുന്നറിയിപ്പ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും (DRC) ഉഗാണ്ടയിലും എബോള വൈറസ് ബാധ അതിവേഗം പടരുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. കോംഗോയിൽ എബോള ബാധിച്ച് 87 പേർ മരിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഗോള പ്രതിരോധ സംവിധാനങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി റിപ്പോർട്ടുകൾ പുറത്തുവന്നത്.
വേൾഡ് ബാങ്കും ലോകാരോഗ്യ സംഘടനയും ചേർന്ന് രൂപീകരിച്ച ഗ്ലോബൽ പ്രിപ്പേർഡ്‌നെസ് മോണിറ്ററിങ് ബോർഡ് (GPMB) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ആശങ്കാജനകമായ വിവരങ്ങളുള്ളത്. കാലാവസ്ഥാ വ്യതിയാനവും ആഭ്യന്തര യുദ്ധങ്ങളും പകർച്ചവ്യാധികൾ പടരാൻ കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം വെട്ടിക്കുറച്ചതും അന്താരാഷ്ട്ര പ്രതിരോധ പ്രോഗ്രാമുകൾ നിർത്തലാക്കിയതും വൈറസ് നിരീക്ഷണ സംവിധാനങ്ങളെ തകർത്തതായി ജോർജ്ജ് ടൗൺ സർവകലാശാലയിലെ പ്രൊഫസർ മാത്യു കവനാഗ് ചൂണ്ടിക്കാട്ടി.
എബോളയുടെ തെറ്റായ സ്ട്രെയിൻ ആണ് തുടക്കത്തിൽ പരിശോധിച്ചതെന്നും, ഇതുകാരണം നെഗറ്റീവ് ഫലങ്ങൾ വന്ന് ആഴ്ചകളോളം സമയം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഈ സമയം കൊണ്ട് വൈറസ് പ്രധാന ഗതാഗത മാർഗ്ഗങ്ങളിലൂടെ അതിർത്തികൾ കടന്നു. കോംഗോയിലെ എബോള വ്യാപനത്തെ തുടർന്ന് തലസ്ഥാനമായ കിൻഷാസയിലെ പ്രതിരോധ സാമഗ്രികളുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്നതായി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ആനി അൻസിയ അറിയിച്ചു. കെനിയയിലെ ഡിപ്പോയിൽ നിന്ന് സാധനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
എം.ആർ.എൻ.എ (mRNA) പോലുള്ള പുതിയ വാക്സിൻ സാങ്കേതികവിദ്യകൾ അതിവേഗം വളരുന്നുണ്ടെങ്കിലും, പാവപ്പെട്ട രാജ്യങ്ങളിലേക്ക് ഇവ കൃത്യസമയത്ത് എത്തുന്നില്ല. അടുത്തിടെയുണ്ടായ എംപോക്സ് ബാധയുടെ സമയത്ത് ആഫ്രിക്കൻ രാജ്യങ്ങളിൽ വാക്സിൻ എത്താൻ രണ്ട് വർഷത്തോളം സമയമെടുത്തു. എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിൽ ഹന്താവൈറസ് പടർന്നുപിടിച്ചതും ആഗോള ആരോഗ്യ മേഖലയെ ആശങ്കയിലാക്കുന്നുണ്ട്. പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കാൻ വികസിത രാജ്യങ്ങൾ മടിക്കുന്നത് ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

