പിടിയിലൊതുങ്ങാതെ പകർച്ചവ്യാധികൾ; സംസ്ഥാനത്ത് 17 മലേറിയ, 25 എലിപ്പനി കേസുകൾ കൂടി
text_fieldsകോഴിക്കോട്: മഴയോടൊപ്പമെത്തിയ പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കാനാകാതെ ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് മലേറിയ, എലിപ്പനി കേസുകൾ വൻതോതിൽ വർധിച്ചു. സംസ്ഥാനത്ത് ഇന്നലെ മാത്രം 17 മലേറിയ കേസുകളും 25 എലിപ്പനിയും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തിന് പുറത്തുനിന്നാണ് 17 മലേറിയ കേസുകളും പിടിപെട്ടത്. ഈ വർഷം 401 പേർക്കാണ് കേരളത്തിൽ മലേറിയ റിപ്പോർട്ട് ചെയ്തത്. ഇതിൽ 91 പേർക്ക് ഈ മാസമാണ് രോഗം പിടിപെട്ടത്. ഈ വർഷം രണ്ടുപേർ മലേറിയ ബാധിച്ച് മരിക്കുകയും ചെയ്തു. ഇടുക്കി ദേവികുളത്താണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് (14 പേർ). കട്ടപ്പനയിൽ 1, പാലക്കാട് കടമ്പഴിപ്പുറത്ത് 2, കാസർകോട് മഞ്ചേശ്വരം 1 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു കേസുകൾ.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്നലെ എലിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഷിഗല്ല ബാധിതരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെട്ടു. ആറുപേർക്കാണ് ഇന്ന് ഷിഗല്ല റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരം നെയ്യാറ്റിൻകര, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ തൃക്കുന്നപ്പുഴ, വയനാട് ചെതലയം എന്നിവിടങ്ങളിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഷിഗല്ല ബാധിച്ചവരുടെ എണ്ണം 248 ആയി.
മലേറിയ
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. പ്ലാസ്മോഡിയം വിഭാഗത്തിൽപ്പെട്ട അഞ്ചു സ്പീഷീസുകളാണ് രോഗം പരത്തുന്നത്. പ്ലാസ്മോഡിയം ഫാൽസിപ്പാരം, പ്ലാസ്മോഡിയം വിവാക്സ്, പ്ലാസ്മോഡിയം ഒവൈൽ, പ്ലാസ്മോഡിയം മലേറിയെ, പ്ലാസ്മോഡിയം നോളെസി എന്നിവയാണവ. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഇത് കടുത്ത വിളർച്ച, അവയവങ്ങളുടെ തകരാറ്, കോമ തുടങ്ങിയവയ്ക്കും മരണത്തിനും കാരണമാകും.
കൊതുകാണ് വില്ലൻ
അനോഫിലിസ് ഇനത്തിൽപ്പെട്ട പെൺകൊതുകിലൂടെയാണ് മനുഷ്യനിലേക്ക് രോഗം പകരുന്നത്. പ്ലാസ്മോഡിയം ശരീരത്തിൽ പ്രവേശിച്ചാൽ 7-30 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങൾ കരളിൽ പ്രവേശിച്ച് പെരുകുന്നു. കരളിന്റെ കോശങ്ങൾ നശിക്കുമ്പോൾ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്ത ഘട്ടത്തിൽ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിക്കും. ഇതോടെ ശരീരത്തിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. അപൂർവം അവസരങ്ങളിൽ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
രോഗലക്ഷണങ്ങൾ
പനി, കുളിര്, അപസ്മാരം, മാനസികനിലയിൽ തകരാറ് എന്നിവയാണ് ലക്ഷണങ്ങൾ. മലേറിയയുടെ ആദ്യ ലക്ഷണങ്ങൾ മറ്റു പകർച്ചപ്പനികളോട് സാമ്യമുള്ളവയാണ്. അതിനാൽ തിരിച്ചറിയാൻ വൈകും. വിറയലോടു കൂടിയ പനി, ഒന്നിടവിട്ട ദിവസങ്ങളിലെ പനി എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തിൽ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയർക്കുകയും ഒപ്പം തളരുകയും ചെയ്യുക, ശരീരവേദന, തലവേദന, സന്ധിവേദന, ഛർദ്ദി, ഓക്കാനം, വിളർച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
സ്ഥിരീകരണം
രക്തം, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നിവ പരിശോധിച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
പ്രതിരോധം
കൊതുകുകൾ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് മലേറിയ വരാതിരിക്കാനുള്ള പ്രധാന മാർഗം. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുക, കിണറും വാട്ടർ ടാങ്കുകളും വലകൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കാൻ കീടനാശിനികളോ മണ്ണെണ്ണയോ മോസ്ക്വിറ്റോ ലാർവിസൈഡൽ ഓയിലോ ജലോപരിതലത്തിൽ ഒഴിക്കുക.
രോഗി രോഗം ഭേദമാകുന്നതുവരെ കൊതുകുവലയ്ക്കുള്ളിൽത്തന്നെ കിടക്കാനും ശ്രദ്ധിക്കണം. നമുക്കിടയിൽ താമസിക്കുന്നവർക്ക് രോഗം സ്ഥിരീകരിച്ചാൽ രോഗമില്ലാത്തവരും കൂടെയുള്ളവരും രോഗമുള്ള കാലയളവിൽ കൊതുകുവല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക. വീടിനുള്ളിൽ കൊതുക് കടക്കാതിരിക്കാൻ വലകൾ തറയ്ക്കുക. കൊതുകുതിരികൾ, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന റിപ്പല്ലർ, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രതിരോധത്തിന് നല്ലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

