പകർച്ച വ്യാധികൾ ഈ വർഷം അപഹരിച്ചത് 197 ജീവൻ; വില്ലൻമാരായി അമീബയും ഷിഗല്ലയും
text_fieldsകോഴിക്കോട്: സംസ്ഥാനത്ത് ഈ വർഷം പകർച്ച വ്യാധികൾ അപഹരിച്ചത് 197 ജീവനുകൾ. ഈ വർഷം ജനുവരി ഒന്നുമുതൽ ജൂൺ 23 വരെയാണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഈ മാസം മാത്രം 59 പേർ മരിച്ചു. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ ജൂൺ 30 വരെ ഇത് 189 ആയിരുന്നു പകർച്ച വ്യാധി മരണം.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി അമീബിക് മെനിഞ്ചൈറ്റിസ്, ഷിഗല്ല വൈറസുകളാണ് ഇത്തവണ കൂടുതൽ ഭീഷണിയാവുന്നത്. എലിപ്പനിയും മഞ്ഞപ്പിത്തവുമായിരുന്നു കഴിഞ്ഞ തവണ പ്രതിസന്ധി സൃഷ്ടിച്ചത്. കഴിഞ്ഞ വർഷം ജൂൺ 30 വരെ 21 പേർക്കായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അഞ്ചു പേർ മരിക്കുകയും ചെയ്തു. ഈ വർഷം 36 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗ ബാധിച്ചവരുടെ എണ്ണം 139 ആയി ഉയർന്നു.
എ.ഇ.എസ് (മസ്തിഷ്ക ജ്വരം) ബാധിതരുടെ എണ്ണവും ഈ വർഷം കൂടി. 73 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 15 പേർ മരിച്ചു. രണ്ടിരട്ടിയാണ് മസ്തിഷ്ക ജ്വര മരണം വർധിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളിൽ 37 പേർക്കായിരുന്നു മസ്തിഷ്ക ജ്വര പിടിപെട്ടത്. കഴിഞ്ഞ വർഷം ജൂൺ അവസാനം വരെ ഷിഗല്ല മരണങ്ങൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. സംസ്ഥാനത്ത് ആകെ 70 പേരായിരുന്നു ഷിഗല്ല ബാധിച്ച് ചികിത്സ തേടിയത്. ഈവർഷം 241 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഏഴ് പേർ മരിക്കുകയും ചെയ്തു. ഈ മാസം മാത്രം 165 പേർക്ക് രോഗം ബാധിക്കുകയും 6 പേർ മരിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂൺ 30 വരെ വർഷം 65 എലിപ്പനി ആയിരുന്നു മരണം. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് 39 പേരും മരിച്ചു. എന്നാൽ മഞ്ഞപ്പിത്തം, എലിപ്പനി മരണങ്ങൾ 27 വീതമായി കുറഞ്ഞത് ആരോഗ്യ വകുപ്പിന് ആശ്വാസമാണ്. ഡങ്കിപ്പനി ബാധിച്ച് കഴിഞ്ഞ വർഷം ജൂൺ വരെ 18 പേരായിരുന്നു മരിച്ചത്. ഈ വർഷം ഇതു വരെ ഏഴ് വയറിളക്ക മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഈ വർഷം 11,26,837 പേർക്ക് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 882 പേർ എലിപ്പനി ബാധിച്ചും 3737 പേർ മഞ്ഞപ്പിത്തം ബാധിച്ചും ചികിത്സ തേടി.
മഞ്ഞപ്പിത്തം, എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകർച്ച വ്യാധികൾ മൂന്നു വർഷം മുമ്പ് വരെ സീസണലായി മാത്രം കണ്ടിരുന്ന രോഗങ്ങൾ ഇപ്പോൾ എല്ലാ സമയങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നതും ആരോഗ്യ വകുപ്പിനെ കുഴക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

