പുകവലിക്കാത്തവരും സുരക്ഷിതരല്ല; ഇന്ത്യയിൽ പരോക്ഷ പുകവലി മരണങ്ങൾ 50 ശതമാനം വർധിച്ചു
text_fieldsനിങ്ങൾ പുകവലിക്കാറുണ്ടോ? ഇല്ലെങ്കിൽ പോലും നിങ്ങളുടെ ജീവൻ അപകടത്തിലാണ് എന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര പഠന റിപ്പോർട്ട് പുറത്ത്. സ്വന്തമായി പുകവലിച്ചില്ലെങ്കിലും മറ്റുള്ളവർ വലിച്ചുതള്ളുന്ന വിഷപ്പുക ശ്വസിക്കാൻ നിർബന്ധിതരാകുന്നതിലൂടെ ഇന്ത്യയിൽ സംഭവിക്കുന്ന മരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 50 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലാൻസെറ്റ് പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച ആഗോള രോഗബാധ പഠനത്തിന്റെ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണക്കുകൾ ഉള്ളത്. രാജ്യത്ത് നേരിട്ട് പുകവലിക്കാത്തവരും എന്നാൽ പുകയിലയുടെ പുക ശ്വസിക്കാൻ നിർബന്ധിതരാകുന്നവരുമായ 44.4 കോടി ജനങ്ങളുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഈ ആഗോള പട്ടികയിൽ ചൈനക്ക് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുടെ സ്ഥാനം. 1990-ൽ പരോക്ഷ പുകവലി മൂലം ഇന്ത്യയിൽ ഉണ്ടായ മരണം 2 ലക്ഷത്തിൽ കൂടുതൽ ആയിരുന്നെങ്കിൽ 2023-ൽ അത് 3 ലക്ഷം കടന്നു. കഴിഞ്ഞ മുപ്പത് വർഷത്തിനിടയിൽ രാജ്യത്ത് പരോക്ഷമായി പുക ഏൽക്കുന്നവരുടെ ശതമാനം 43.2-ൽ നിന്നും 30.6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, രാജ്യത്തെ ജനസംഖ്യാ വർദ്ധനവ് കാരണം ഈ ആഘാതം അനുഭവിക്കുന്നവരുടെ ആകെ എണ്ണം വലിയ തോതിൽ വർദ്ധിക്കുകയാണുണ്ടായത്. ഈ മരണസംഖ്യയിൽ 1,56,900 സ്ത്രീകളും 1,68,700 പുരുഷന്മാരും ഉൾപ്പെടുന്നു.
പുക വലിക്കുന്ന വ്യക്തികൾ പുറത്തുവിടുന്ന പുകയിൽ 70,000 ത്തിൽ അധികം മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നുവെന്നും ഇതിൽ ഭൂരിഭാഗവും കാൻസർ പോലുള്ള മാരക അസുഖങ്ങൾക്ക് കരണമായേക്കാമെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ അർബുദം എന്നിവക്കും ഈ പുക കാരണമാകുന്നുണ്ട്. പുകവലിക്കാത്ത ഒരാൾ തുടർച്ചയായി മറ്റുള്ളവർ വലിച്ചു പുറന്തള്ളുന്ന ഈ പുക ശ്വസിക്കുന്നത് അവർക്ക് ഹൃദ്രോഗ സാധ്യത 30 ശതമാനവും സ്ട്രോക്ക് സാധ്യത 20 ശതമാനവും വർധിക്കാൻ കാരണമാകുന്നു. കുട്ടികളിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ അണുബാധകൾക്കും കടുത്ത ആസ്ത്മക്കും ഇത് കാരണമാകുന്നു. ഗർഭിണികളായ സ്ത്രീകളിൽ ഇത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കുറഞ്ഞ ജനനഭാരത്തിന് ഇടയാക്കുകയും ചെയ്യുന്നു.മുറികളിലെ ജനലുകൾ തുറന്നിട്ടതുകൊണ്ടോ എക്സോസ്റ്റ് ഫാനുകൾ ഉപയോഗിച്ചതുകൊണ്ടോ ഇത്തരം അപകടങ്ങളിൽ നിന്ന് രക്ഷനേടാനാകില്ലെന്നും പൂർണ്ണമായും പുകവലി രഹിത അന്തരീക്ഷം ഉറപ്പുവരുത്തുക മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധിയെന്നും ലോകാരോഗ്യ സംഘടന ഓർമ്മിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

