Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോംഗോയിലെ എബോള വ്യാപനം: അടിയന്തര മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിച്ച് ഇന്ത്യ

text_fields
bookmark_border
കോംഗോയിലെ എബോള വ്യാപനം: അടിയന്തര മരുന്നുകളും പ്രതിരോധ സാമഗ്രികളും എത്തിച്ച് ഇന്ത്യ
cancel

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിവേഗം പടരുന്ന എബോള വൈറസ് ബാധയെ പ്രതിരോധിക്കാൻ അടിയന്തര സഹായവുമായി ഇന്ത്യ. കോംഗോയിലെ രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ അയച്ച അടിയന്തര ഫാർമസ്യൂട്ടിക്കൽ സാമഗ്രികൾ ആഫ്രിക്കയിലെത്തി.

ആഫ്രിക്കൻ രാജ്യങ്ങളിലെ പൊതുജനാരോഗ്യ ഏജൻസിയായ 'ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ' (ആഫ്രിക്ക സി.ഡി.സി) ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. എത്യോപ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഫ്രിക്ക സി.ഡി.സി തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെയാണ് ഇന്ത്യക്ക് നന്ദി അറിയിച്ചത്.

ഇന്ത്യ സംഭാവനയായി നൽകിയ ഈ മെഡിക്കൽ സാമഗ്രികൾ ഉഗാണ്ടയിലുള്ള ഈസ്റ്റേൺ ആഫ്രിക്ക റീജിയണൽ കോർഡിനേറ്റിങ് സെന്ററിലാണ് സ്വീകരിച്ചത്. ഇവിടെ നിന്ന് ഇവ കിഴക്കൻ കോംഗോയിലെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വിതരണം ചെയ്യും. രോഗനിർണയത്തിനും പ്രതിരോധത്തിനുമായി വൻതോതിലുള്ള സജ്ജീകരണങ്ങളാണ് ഇന്ത്യ എത്തിച്ചിട്ടുള്ളത്.

എബോള ബാധ വേഗത്തിൽ തിരിച്ചറിയാനുള്ള ടെസ്റ്റിങ് കിറ്റുകൾ, രോഗലക്ഷണങ്ങൾ കുറക്കുന്നതിനുള്ള അടിയന്തര മരുന്നുകൾ, അണുബാധ പ്രതിരോധ സാമഗ്രികൾ, ആരോഗ്യപ്രവർത്തകർക്കും ജനങ്ങൾക്കും ഉപയോഗിക്കാനുള്ള പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ, രോഗികളെ പരിചരിക്കുന്നതിനും ഐസൊലേറ്റ് ചെയ്യുന്നതിനുമുള്ള മറ്റ് മെഡിക്കൽ സാമഗ്രികൾ എന്നിവയെല്ലാം ഇന്ത്യ എത്തിച്ചിട്ടുണ്ട്.

"കോംഗോയിലെ 'ബുന്ദിബുഗ്യോ' എബോള വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയിലെ സർക്കാരും ജനങ്ങളും ഉദാരമായി നൽകിയ ഈ അടിയന്തര മെഡിക്കൽ സഹായത്തെ ആഫ്രിക്ക സി.ഡി.സി സ്വാഗതം ചെയ്യുന്നു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യ നൽകുന്ന തുടർച്ചയായ പിന്തുണക്ക് നന്ദി അറിയിക്കുന്നു."- ആഫ്രിക്ക സി.ഡി.സി പ്രസ്താവനയിൽ വ്യക്തമാക്കി.

2007ൽ ഉഗാണ്ടയിലാണ് ഈ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഈ പ്രത്യേക വകഭേദത്തിനെതിരെ നിലവിൽ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ പ്രത്യേക മരുന്നുകളോ ലഭ്യമല്ല എന്നത് ഇതിന്റെ തീവ്രത വർധിപ്പിക്കുന്നു. വനപ്രദേശങ്ങളിൽ കാണപ്പെടുന്ന വവ്വാലുകൾ, ചിമ്പാൻസികൾ, ഗൊറില്ലകൾ, കുരങ്ങുകൾ, കാട്ടുമാനുകൾ, മുള്ളൻപന്നികൾ എന്നിവയിൽ നിന്നാണ് പ്രധാനമായും ഈ വൈറസ് മനുഷ്യരിലേക്ക് പടരുന്നത്.

കോംഗോയിലും ഉഗാണ്ടയിലും എബോള ബാധ നിയന്ത്രണാതീതമായി പടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ മെയ് 17ന് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കണക്കുകൾ പ്രകാരം ആയിരത്തിലധികം ആളുകൾക്ക് രോഗബാധ സംശയിക്കുന്നുണ്ട്. 220-ലധികം മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഏഴ് മരണങ്ങൾ ഉഗാണ്ടയിലാണ് സ്ഥിരീകരിച്ചത്. എന്നാൽ യഥാർത്ഥ മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും ഇതിലും വളരെ കൂടുതലായിരിക്കാമെന്നാണ് അന്താരാഷ്ട്ര സഹായ ഏജൻസികൾ വിലയിരുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India Sends Emergency Medical Supplies For Ebola Outbreak Response In Congo
Next Story