വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു; സജ്ജമാകാൻ ആശുപത്രികൾക്ക് നിർദേശം
text_fieldsന്യൂഡൽഹി: മെയ് മാസത്തിൽ ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ ഉണ്ടായത് ക്രമാനുഗതമായ വർധന. പുതിയ സാഹചര്യത്തെ തുടർന്ന് ഡൽഹി, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ആശുപത്രികളോടും ആരോഗ്യ കേന്ദ്രങ്ങളോടും സജ്ജമാകാൻ നിർദേശം നൽകി. വൈറസിന്‍റെ വ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണവും പ്രതിരോധ നടപടികളും പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെടുന്നു.
മെയ് 19 വരെ, കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യവ്യാപകമായി 257 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നിവിടങ്ങളിലാണ്. മേയ് 12 മുതൽ കേരളത്തിലും കേസുകളുടെ എണ്ണത്തിൽ വർധനയാണ് കാണിച്ചത്. മെയ് 19 ആയപ്പോഴേക്കും കേരളത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ 69 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 95 ആയി. തൊട്ടുപിന്നാലെ മഹാരാഷ്ട്രയും മെയ് 12 നും മെയ് 19 നും ഇടയിൽ 44 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു.
മിക്ക അണുബാധകളും വീര്യം കുറഞ്ഞതും നിയന്ത്രിക്കാവുന്നതുമായിരുന്നു. എന്നാൽ, പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങൾ രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും പടരുന്നതിനാൽ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ ഗുരുതരമായേക്കുമെന്നാണ് മുന്നറിയിപ്പ്.
മെയ് 23 ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.സി) രണ്ട് കോവിഡ് രോഗ മരണം സ്ഥിരീകരിച്ചു. എന്നാൽ, ഈ രണ്ടു കേസുകളിലും രോഗികൾക്ക് മുൻകാലങ്ങളിൽ കാര്യമായ രോഗാവസ്ഥകളുണ്ടായിരുന്നുവെന്നും മരണത്തിന് കോവിഡ് നേരിട്ടുള്ള കാരണമല്ലെന്നും വിലയിരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

