ന്യൂഡൽഹി: ഒമിക്രോണിന്റെ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബിഎ.4, ബിഎ.5 എന്നിങ്ങനെ ഒമിക്രോമിണിന്റെ രണ്ട് ഉപ വകഭേദങ്ങളെയാണ് കണ്ടെത്തിയത്. ഒരു കേസ് തമിഴ്നാട്ടിലും മറ്റെത് തെലങ്കാനയിലുമാണ് റിപ്പോർട്ട് ചെയ്തത്.
കൊറോണ വൈറസിന്റെ ഏറ്റവും വേഗത്തിൽ വ്യാപിക്കുന്ന വകഭേദങ്ങളാണ് ഇവ. തമിഴ്നാട്ടിൽ 19 കാരിയിൽ ബിഎ.4വകഭേദവും തെലങ്കാനയിലെ 80കാരനിൽ ബിഎ.5 വകഭേദവുമാണ് കണ്ടെത്തിയതെന്ന്
നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐ.എൻ.എസ്.എ.സി.ഒ.ജി (ഇന്ത്യൻ സാർസ് കോവ്2 ജീനോമിക് കൺസോൾട്യം) പ്രസ്താവനയിൽ പറഞ്ഞു. രോഗികൾക്ക് ചെറിയ ലക്ഷണങ്ങൾ മാത്രമേയുള്ളു. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരും യാത്രാ പശ്ചാത്തലം ഇല്ലാത്തവരുമാണ്.
നേരത്തെ ഹൈദരാബാദ് വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കൻ സ്വദേശി ഒമിക്രോൺ ബിഎ.4 പോസിറ്റീവായിരുന്നു.
രോഗ പ്രതിരോധ മാർഗമെന്ന നിലയിൽ പുതിയ വകഭേദങ്ങൾ കണ്ടെത്തിയവരുമായി ബന്ധപ്പെടവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി ഐ.എൻ.എസ്.എ.സി.ഒ.ജി അറിയിച്ചു.
പുതിയ വകഭേദങ്ങൾ ആഗോള തലത്തിൽ അതിവേഗം വ്യാപിക്കുന്നുണ്ട്. ആദ്യം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പിന്നീട് പലരാജ്യങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ആദ്യമായാണ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.