പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു; മുതിര്‍ന്നവര്‍ക്കും വാക്സിൻ അനിവാര്യമെന്ന് ഐ.എം.എ
text_fieldsകൊച്ചി: പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ മുതിര്‍ന്നവര്‍ക്കും രോഗപ്രതിരോധത്തിന് അനിവാര്യമാണെന്ന് ഐ.എം.എ കൊച്ചി ഭാരവാഹികൾ പറഞ്ഞു. പകര്‍ച്ചവ്യാധികളുടെ വ്യാപനം പ്രതിരോധ കുത്തിവെപ്പുകളിലൂടെ ഒരുപരിധിവരെ തടയാനാകും. ഇവ സര്‍ക്കാറിന്റെ പദ്ധതിയില്‍ വന്നാൽ മാത്രമേ വില കുറയൂ. ഒരു ഡോസ് വാക്സിനെങ്കിലും സര്‍ക്കാര്‍ നല്‍കിയാലേ ഇത്തരം യജ്ഞങ്ങള്‍ പൂര്‍ണമായി വിജയത്തിലെത്തുകയുള്ളൂ.
ശിശുമരണ നിരക്ക് കുറക്കുന്നതില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. എല്ലാ രോഗങ്ങള്‍ക്കും വാക്സിനുകള്‍ ലഭ്യമല്ല. അതേസമയം ചില രോഗങ്ങള്‍ വാക്സിൻകൊണ്ട് പൂർണമായി ഒഴിവാക്കാനാകും. 22 രോഗങ്ങള്‍ തടയാനുള്ള കുത്തിവെപ്പുകള്‍ ഇന്ന് ഇന്ത്യയിലുണ്ട്. പ്രതിരോധ വാക്സിന് കുട്ടികള്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ ശരിയല്ല. ഇന്‍ഫ്ളുവന്‍സ, ഹെപ്പറ്റൈറ്റിസ്(മഞ്ഞപ്പിത്തം), ചിക്കന്‍പോക്സ്, ഷിംഗിള്‍സ്, ബാക്ടീരിയല്‍ ന്യുമോണിയ എന്നിവക്കെതിരെയുള്ള വാക്സിനുകള്‍ ഫലപ്രദമാണ്. പ്രായമായവര്‍ ഇവ സ്വീകരിക്കുന്നത് ഉത്തമമായിരിക്കും.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് 7,326 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചു. ഇതില്‍ 49 പേര് മരിച്ചതായാണ് കണക്ക്. എലിപ്പനി, ഡെങ്കിപ്പനി എന്നിവക്കെതിരെ വാക്സിനുകളില്ല. എലിപ്പനിക്കെതിരെ പ്രതിരോധ ഗുളികയുണ്ട്. ഐ.എം.എയുടെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പിലൂടെ ആയിരത്തോളം ഡോക്ടർമാരും കുടുംബാംഗങ്ങളുമടക്കം 2,200ഓളം പേര് പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പ്രസിഡന്റ് ഡോ. ജേക്കബ് എബ്രഹാം, സെക്രട്ടറി ഡോ. സച്ചിന് സുരേഷ്, ട്രഷറര്‍ ഡോ. ബെന്‍സീര്‍ ഹുസൈന്, സയന്റിഫിക് ചെയര്മാന് ഡോ. രാജീവ് ജയദേവന്, മുന്‍ പ്രസിഡന്റുമാരായ ഡോ. എം.ഐ. ജുനൈദ് റഹ്മാന്, ഡോ. എം. നാരായണന് പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

