ഭരണത്തിൽ ഇതൊക്കെ മാറിമാറിവരും; ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മാറ്റം സ്വാഭാവികമെന്ന് മന്ത്രി കെ. മുരളീധരൻ
text_fieldsകെ. മുരളീധരൻ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മാറ്റം തികച്ചും സ്വാഭാവികമെന്ന് മന്ത്രി കെ. മുരളീധരൻ. മറ്റ് വകുപ്പുകളിലും മാറ്റംവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ കഴിഞ്ഞ ദിവസം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചിരുന്നു. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഷർമിള മേരി ജോസഫും മന്ത്രി കെ. മുരളീധരനും തമ്മിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.
ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയിൽ അത്ഭുതമൊന്നുമില്ല. ഭരണത്തിൽ ഇതൊക്കെ മാറിമാറിവരും. ജനറൽ ട്രാൻസ്ഫർ പതിവാണെന്നും ഒരു സെക്രട്ടറി മാറി പുതിയ സെക്രട്ടറി വരുന്നതിൽ അത്ഭുതമില്ലെന്നും കെ. മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാത്രമല്ല എല്ലാ സെക്രട്ടറിമാരെയും മാറ്റിയിട്ടുണ്ട്. ഷർമിള മേരി ജോസഫിന് പകരം മറ്റൊരാൾ വരുന്നത് ആരോഗ്യവകുപ്പിലെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും നിലവിലെ ആരോഗ്യ സെക്രട്ടറിക്ക് പകരം വന്നത് ഐ.എ.എസുകാരൻ തന്നെയാണെന്നും മുരളീധരൻ പറഞ്ഞു. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഒരുകാലത്തും ഐ.എ.എസ് അസോസിയേഷനുമായി കൂടിയാലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.എച്ച്.എമ്മിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടില്ലെന്നും അവരുടെ കരാർ അവസാനിച്ചതാണെന്നും മന്ത്രി പറഞ്ഞു. നടപടി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല മണ്ഡലകാലത്ത് അരവണ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തു കൊടുത്തിട്ടുണ്ട്. ഇനിയും ക്ഷാമം ഉണ്ടായാൽ ഉത്തരവാദിത്തം ദേവസ്വം ബോർഡിനാണ്. റോഡ് ഉൾപ്പെടെ എല്ലാം നൽകി. മുഖ്യമന്ത്രി തന്നെ നേരിട്ട് ചെന്ന് കാര്യങ്ങൾ വിലയിരുത്തി. ഇതിൽ അധികം ഒന്നും ഒരു സർക്കാരിനും ചെയ്തു കൊടുക്കാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.

