Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൂടുചായ കുടിച്ചാൽ അന്നനാളത്തിൽ ക്യാൻസർ വരുമോ?; പാനിക് റീലുകൾക്ക് പിന്നിലെ റിയാലിറ്റി പറഞ്ഞ് ഡോ. മനോജ് വെള്ളനാട്

text_fields
bookmark_border
ചൂടുചായ കുടിച്ചാൽ അന്നനാളത്തിൽ ക്യാൻസർ വരുമോ?; പാനിക് റീലുകൾക്ക് പിന്നിലെ റിയാലിറ്റി പറഞ്ഞ് ഡോ. മനോജ് വെള്ളനാട്
cancel

മലയാളിക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ് ചായ. അതും ചൂടോടെ. രാവിലെ ഉണർന്ന ഉടൻ മലയാളികൾക്ക് ചായ നിർബന്ധമാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ചൂടോടെ ചായ കുടിച്ചാൽ ക്യാൻസർ വരും, വെറുംവയറ്റിൽ ചായ കുടിച്ചാൽ ഗ്യാസ്ട്രൈറ്റിസ് വരും എന്നൊക്കെ ഡോക്ടർമാർ തന്നെ പറഞ്ഞാലോ? ചായ പ്രേമികൾ മാത്രമല്ല, അത്യാവശ്യത്തിന് മാത്രം ചായ കുടിക്കുന്നവരും ആശങ്കയിലാവും. കുറച്ചു ദിവസങ്ങളായി ഒരു ഡോക്ടറുടെ ഇത്തരമൊരു ചായ റീൽ പലരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. എന്നാൽ ഇത്തരം പ്രചാരണത്തിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ചൂടോടെ ചായ കുടിക്കുന്നത് ക്യാൻസർ സാധ്യത 8 മടങ്ങ് കൂട്ടുമെന്ന് WHO പറഞ്ഞിട്ടുണ്ടെന്നാണ് വീഡിയോയിലെ പ്രധാന അവകാശവാദം. എന്നാൽ 65°C-ൽ കൂടുതൽ ചൂടുള്ള പാനീയങ്ങളെ WHO-ക്ക് കീഴിലുള്ള IARC, ഗ്രൂപ്പ് 2A എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. മനോജ് പറഞ്ഞു. Group 2A എന്നാൽ മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ ക്യാൻസർ ഉണ്ടാക്കുമെന്ന് തെളിവുകളുണ്ടെങ്കിലും, മനുഷ്യരിൽ നേരിട്ടുള്ള ക്ലിനിക്കൽ/എപ്പിഡെമിയോളജിക്കൽ തെളിവുകൾ പരിമിതമാണ്.

നല്ല ചൂടുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് ആവർത്തിച്ച് താപക്ഷതവും പൊള്ളലുമേൽക്കുന്നു. കാലക്രമേണ ഇത് കോശമാറ്റങ്ങൾക്കും ക്യാൻസർ സാധ്യത വർധിക്കുന്നതിനും കാരണമാകാം. എന്നാൽ സാധ്യത 8 മടങ്ങ് കൂടും എന്ന് WHO എവിടെയും പറഞ്ഞിട്ടില്ലെന്നും ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

സാധാരണയായി നമ്മൾ ചായ ആറ്റി, ഗ്ലാസിലൊഴിച്ച് കുടിക്കാൻ എടുക്കുമ്പോഴേക്കും അതിന്റെ ചൂട് 55°C – 60°C ലേക്ക് താഴ്ന്നിട്ടുണ്ടാകും. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടർ പറഞ്ഞു. പാനിക്കായ പലരും സത്യാവസ്ഥ അറിയാൻ റീൽ അയച്ചു തന്നിരുന്നുവെന്നും അതിനാലാണ് ഈ പോസ്റ്റ് എന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ വെറുംവയറ്റിൽ ചായ കുടിക്കുന്നവരിൽ ഗ്യാസ്ട്രൈറ്റിസ് വർദ്ധിപ്പിക്കാമെന്നതും ശരിയായ കാര്യങ്ങളാണ്. അതുകൊണ്ട് അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കിയാൽ നല്ലത്. പ്ലാസ്റ്റിക് അരിപ്പക്ക് പകരം സ്‌റ്റെയിൻലെസ് സ്‌റ്റീൽ അരിപ്പ ഉപയോഗിച്ചാൽ അതും നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ഫേസ് പോസ്റ്റിന്‍റെ പൂർണ രൂപം:

രണ്ടുമൂന്ന് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു ചായ റീൽ കറങ്ങിനടക്കുന്നുണ്ട്. ഒരു മോഡേൺ മെഡിസിൻ ഡോക്‌ട്റുടെതാണ് റീൽ. വെറുംവയറ്റിൽ ചായ കുടിച്ചാൽ ഗ്യാസ്ട്രൈറ്റിസ് വരും, ചൂടുചായ കുടിച്ചാൽ അന്നനാളത്തിൽ ക്യാൻസർ വരും, ക്യാൻസർ സാധ്യത 8 മടങ്ങ് കൂടും എന്ന് WHO പറഞ്ഞിട്ടുണ്ട്, പ്ലാസ്റ്റിക് അരിപ്പ വെച്ച് ചായ അരിക്കരുത്, മാംസം കഴിച്ചയുടൻ ചായ കുടിച്ചാൽ ശരീരത്തിൽ അയൺ കിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് അതിലുള്ളത്. രാവിലെ എണീറ്റാൽ പല്ലു തേച്ചില്ലെങ്കിൽ പോലും ഒരു ചായ മുടങ്ങാൻ പറ്റാത്ത സാധാരണ മലയാളി പാനിക്കാവാൻ ആ വീഡിയോ ധാരാളം.

വീഡിയോയിൽ പറയുന്നത് സത്യമാണോ എന്ന് ചോദിച്ച് പാനിക്കായ പലരും അയച്ചു തന്ന ലിങ്കിലൂടെ ആ വീഡിയോ ഒന്ന് രണ്ട് വട്ടം ഞാനും കണ്ടു. അതിൽ ശരിയായ കുറച്ച് കാര്യങ്ങളുണ്ട്, എന്നാൽ വാസ്തുതാ വിരുദ്ധമായ കാര്യങ്ങളും അതിശയോക്തിയും കൂടുതലാണ്.

1. ചൂടുചായയും അന്നനാള കാൻസറും

WHO ക്ക് കീഴിലുള്ള IARC, 65°C-ൽ കൂടുതൽ ചൂടുള്ള പാനീയങ്ങളെ Group 2A എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. Group 2A എന്നാൽ മൃഗങ്ങളിലെ പരീക്ഷണങ്ങളിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിവുകളുണ്ടെങ്കിലും, മനുഷ്യരിൽ നേരിട്ടുള്ള ക്ലിനിക്കൽ/എപ്പിഡെമിയോളജിക്കൽ തെളിവുകൾ പരിമിതമായവ. നൈറ്റ് ഷിഫ്റ്റ് ജോലികൾ, വിറകടുപ്പിലെ പുക ഒക്കെ ഈ ഗ്രൂപ്പിലാണ്.

നല്ല ചൂടുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുമ്പോൾ അന്നനാളത്തിലെ കോശങ്ങൾക്ക് ആവർത്തിച്ച് താപക്ഷതവും പൊള്ളലുമേൽക്കുന്നു. കാലക്രമേണ ഇത് കോശമാറ്റങ്ങൾക്കും ക്യാൻസർ സാധ്യത വർധിക്കുന്നതിനും കാരണമാകാം. എന്നാൽ സാധ്യത 8 മടങ്ങ് കൂടും എന്ന് WHO എവിടെയും പറഞ്ഞിട്ടില്ല.

ഇറാനിലെ ഗോലെസ്താൻ പ്രവിശ്യയിൽ നടത്തിയ ഒരു പ്രത്യേക പഠനത്തിൽ, 70°C-ന് മുകളിൽ ചായ കുടിക്കുന്നവരിൽ 65°C ൽ താഴെ കുടിക്കുന്നവരേക്കാൾ സാധ്യത 8 മടങ്ങ് കൂടുതലായി കാണപ്പെട്ടു എന്ന് 2009 ലെ ഒരു BMJ ലേഖനത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. രണ്ടും രണ്ട് കാര്യങ്ങളാണ്.

സാധാരണയായി നമ്മൾ ചായ ആറ്റി, ഗ്ലാസിലൊഴിച്ച് കുടിക്കാൻ എടുക്കുമ്പോഴേക്കും അതിന്റെ ചൂട് 55°C – 60°C ലേക്ക് താഴ്ന്നിട്ടുണ്ടാകും. അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല.

2. വീഡിയോയിൽ പറയുന്നത് മീറ്റ് ഭക്ഷണത്തിനോടൊപ്പം ചായ കുടിച്ചാൽ അയൺ ആഗിരണം കുറയുമെന്നാണ്. അതും തെറ്റാണ്.

ഭക്ഷണത്തിലെ അയൺ (ഇരുമ്പ്) പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഒന്ന്, നോൺ-ഹീം അയൺ. അതായത് പച്ചക്കറികൾ, ഇലക്കറികൾ, ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ എന്നിവയിൽ നിന്നുള്ളത്. രണ്ട്, ഹീം അയൺ. മാംസം, മത്സ്യം, മുട്ട തുടങ്ങിയവയിൽ നിന്നുള്ളത്.

ചായയിലുള്ള ടാനിനുകൾ സസ്യഭക്ഷണങ്ങളിലെ നോൺ-ഹീം അയണുമായി ചേർന്ന് അലിയാത്ത സംയുക്തങ്ങൾ ഉണ്ടാക്കുകയും അതിന്റെ ആഗിരണം തടസ്സപ്പെടുത്തുകയും ചെയ്യും എന്നത് ശരിയാണ്. സസ്യാഹാരത്തിനൊപ്പം ചായ കുടിച്ചാൽ ഇത് സംഭവിക്കാം. എന്നാൽ മാംസത്തിലുള്ള ഹീം അയണിന് ചായയിലെ ടാനിനുമായി ബന്ധപ്പെടാൻ കഴിയില്ല. അത് പ്രൊട്ടക്റ്റഡ് ആണ്. അതുകൊണ്ടുതന്നെ മാംസം കഴിച്ചയുടൻ ചായ കുടിച്ചാലും അതിലെ അയൺ ആഗിരണത്തെ ചായ കാര്യമായി ബാധിക്കില്ല. വീഡിയോയിൽ മീറ്റ് എന്ന് പ്രത്യേകം പറയാതിരുന്നെങ്കിൽ പകുതി ശരിയായേനെ.

പ്ലാസ്റ്റിക് അരിപ്പ ഉപയോഗിച്ച് ചായ അരിക്കുന്നതും

വെറുംവയറ്റിൽ ചായ കുടുക്കുന്നവരിൽ ഗ്യാസ്ട്രൈറ്റിസ് വർദ്ധിപ്പിക്കാമെന്നതും ശരിയായ കാര്യങ്ങളാണ്. അതുകൊണ്ട് അസിഡിറ്റി പ്രശ്നമുള്ളവർ വെറുംവയറ്റിൽ ചായ കുടിക്കുന്നത് ഒഴിവാക്കിയാൽ നല്ലത്. പ്ലാസ്റ്റിക് അരിപ്പയ്ക്ക് പകരം സ്‌റ്റെയിൻലെസ് സ്‌റ്റീൽ അരിപ്പ ഉപയോഗിച്ചാൽ അതും നല്ലത്.

ഒപ്പം സോഷ്യൽ മീഡിയയിലെ കണ്ടൻ്റ് ക്രിയേറ്റർമാർ വീഡിയോ പിടിക്കുമ്പോൾ സാധാരണക്കാർക്കിടയിൽ ഭീതി പടർത്തുന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കാതിരുന്നാൽ അതിലും നല്ലത്. പറയുന്ന വസ്തുതകൾ കൃത്യമല്ലെങ്കിലോ അതിശയോക്തി കലർത്തിയാലോ ചില സ്വയം പ്രഖ്യാപിത ലൈഫ് സ്‌റ്റൈൽ ഫിസിഷ്യന്മാരേക്കാൾ മെച്ചമൊന്നും നിങ്ങളെ പറ്റിയും ആർക്കും തോന്നില്ല.

എന്ന്, എന്നെന്നും ഒരു ചൂട് ചായ ലവർ

മനോജ് വെള്ളനാട്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hot tea and esophageal cancer - Dr. Manoj Vellanad writes
Next Story