വാക്‌സിനെടുത്ത 97.38 ശതമാനവും കോവിഡില്‍നിന്ന് സുരക്ഷിതരാകുന്നുവെന്ന് പഠനം
text_fieldsന്യൂഡല്‍ഹി: പ്രതിരോധ കുത്തിവെപ്പെടുത്ത 97.38 ശതമാനം പേരും കോവിഡ് വൈറസ് ബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നതായും ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത 0.06 ശതമാനം മാത്രമാണെന്നും പഠനം. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ നിരീക്ഷണ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
കോവിഡ് പ്രതിരോധ കുത്തിവെപ്പിന് ശേഷവും രോഗം ബാധിച്ച (ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍) ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 3,235 ആരാേഗ്യ പ്രവര്‍ത്തകരെയാണ് ഇതിനായി പരിശോധിച്ചത്.
കോവിഷീല്‍ഡ് വാക്‌സിന്‍ ഉപയോഗിച്ച് കുത്തിവെപ്പ് നല്‍കിയ ആദ്യ 100 ദിവസങ്ങളില്‍ ആശുപത്രിയില്‍ കോവിഡ് ലക്ഷണങ്ങളോടെ എത്തിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് പരിശോധിച്ചത്. നിരീക്ഷണ കാലയളവില്‍ 85 പേരില്‍ വൈറസ് ബാധ കണ്ടെത്തി. ഇതില്‍ 65 പേര്‍ പൂര്‍ണമായും 20 പേര്‍ ഭാഗികമായും കുത്തിവെപ്പ് എടുത്തവരുമായിരുന്നു. സ്ത്രീകളെയാണ്് കൂടുതല്‍ ബാധിച്ചതെന്നും പ്രായം ഘടകമല്ലെന്നും കണ്ടെത്തി.
പഠനത്തിലെ കൂടുതല്‍ കണ്ടെത്തലുകള്‍ മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പരിഗണനയിലാണ്.
കോവിഡ് രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനുപം സിബല്‍ പറഞ്ഞു. ചില വ്യക്തികളില്‍ ഭാഗികവും പൂര്‍ണ്ണവുമായ വാക്‌സിനേഷനുശേഷവും അണുബാധ ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

