മാനസിക സമ്മർദ്ദവും മസ്തിഷ്ക ആരോഗ്യവും: പക്ഷാഘാതത്തിലേക്ക് നയിക്കുന്ന കാണാപ്പുറങ്ങൾ
text_fieldsആധുനിക മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്ന ഒന്നാണ് മാനസിക സമ്മർദ്ദം (സ്ട്രെസ്). കരിയറിലെ ലക്ഷ്യങ്ങൾ, കുടുംബപരമായ ഉത്തരവാദിത്തങ്ങൾ, സാമ്പത്തിക ഭദ്രതയ്ക്കായുള്ള നെട്ടോട്ടങ്ങൾ എന്നിവയെല്ലാം ഓരോരുത്തരെയും നിരന്തരമായ ടെൻഷനിലേക്ക് തള്ളിവിടുന്നു. എന്നാൽ ഈ മാനസിക ഭാരം നമ്മുടെ തലച്ചോറിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും എത്രമാത്രം ഗുരുതരമായി ബാധിക്കുന്നുണ്ടെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. ഒടുവിൽ അതൊരു പക്ഷാഘാതത്തിൽ (സ്ട്രോക്ക്) കലാശിക്കുമ്പോഴായിരിക്കും പലരും അതിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഒക്ടോബർ 29 'ലോക പക്ഷാഘാത ദിന'മായി ആചരിക്കുമ്പോൾ സമ്മർദ്ദവും മസ്തിഷ്ക ആരോഗ്യവും തമ്മിലുള്ള ബന്ധവും, അത് പക്ഷാഘാതത്തിന് എങ്ങനെ കാരണമാകുന്നുവെന്നും പരിശോധിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്
തലച്ചോറിൽ എന്ത് സംഭവിക്കുന്നു?
നാം കടുത്ത മാനസിക സമ്മർദ്ദത്തിലോ ആശങ്കയിലോ ആകുമ്പോൾ, ശരീരത്തിന്റെ പ്രതിരോധ സംവിധാനം 'കോർട്ടിസോൾ', 'അഡ്രിനാലിൻ' തുടങ്ങിയ ഹോർമോണുകളെ അമിതമായി ഉത്പാദിപ്പിക്കുന്നു. പെട്ടെന്നുള്ള അപകടങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഈ 'ഫ്ലൈറ്റ് ഓർ ഫൈറ്റ്' പ്രതികരണം ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുന്നു. എന്നാൽ ഈ അവസ്ഥ ദിവസങ്ങളോ ആഴ്ചകളോ നീണ്ടുനിൽക്കുമ്പോൾ, അത് രക്തക്കുഴലുകളിൽ സ്ഥിരമായ സമ്മർദ്ദമുണ്ടാക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുകയും ചെയ്യുന്നു.
സമ്മർദ്ദവും പക്ഷാഘാതവും തമ്മിലുള്ള നേരിട്ടുള്ള ബന്ധം
- ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ): വിട്ടുമാറാത്ത മാനസിക സമ്മർദ്ദം രക്തസമ്മർദ്ദം സ്ഥിരമായി ഉയർന്നുനിൽക്കാൻ കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള നേർത്ത രക്തക്കുഴലുകളെ തകരാറിലാക്കുകയോ പൊട്ടുകയോ ചെയ്യാം. രക്തക്കുഴലുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്ന ഇസ്കെമിക് സ്റ്റോക്കിനും, രക്തസ്രാവം ഉണ്ടാകുന്ന ഹെമറേജിക് സ്റ്റോക്കിനും ഇത് പ്രധാന വഴിയൊരുക്കുന്നു.
- രക്തക്കുഴലുകളുടെ ദൃഢത കുറയൽ: നിരന്തരമായ സമ്മർദ്ദം ശരീരത്തിൽ നീർക്കെട്ടിനും കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് മസ്തിഷ്കത്തിലേക്കുള്ള രക്തധമനികളെ ഇടുങ്ങിയതാക്കി മാറ്റുകയും രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
- ജീവിതശൈലിയിലെ ദോഷകരമായ മാറ്റങ്ങൾ: മാനസിക സമ്മർദ്ദം കൂടിയവർ പലപ്പോഴും പുകവലി, മദ്യപാനം, അമിതഭക്ഷണം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ മോശമായ ശീലങ്ങളിലേക്ക് വഴുതിവീഴാറുണ്ട്. ഇവയെല്ലാം പക്ഷാഘാത സാധ്യത പലമടങ്ങ് വർദ്ധിപ്പിക്കുന്നു.
- രക്തം കട്ടപിടിക്കാനുള്ള പ്രവണത: കടുത്ത ഉത്കണ്ഠ ശരീരത്തിലെ പ്ലേറ്റ്ലറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും, രക്തം പെട്ടെന്ന് കട്ടപിടിക്കാൻ ഇടയാക്കുകയും ചെയ്യും. ഈ കട്ടകൾ രക്തത്തിലൂടെ സഞ്ചരിച്ച് മസ്തിഷ്കത്തിലെ രക്തക്കുഴലുകളിൽ തടസ്സം സൃഷ്ടിക്കാം.
പ്രതിരോധവും പരിഹാരങ്ങളും
സമ്മർദ്ദരഹിതമായ ഒരു ജീവിതം ഇന്നത്തെ സാഹചര്യത്തിൽ എളുപ്പമല്ലെങ്കിലും, അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമുക്ക് സാധിക്കും.
- പതിവായ വ്യായാമം: നടത്തം, യോഗ, ലഘുവായ വ്യായാമങ്ങൾ എന്നിവ തലച്ചോറിലെ എൻഡോർഫിൻ തോത് വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.
- കൃത്യമായ ഉറക്കം: ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഗാഢമായ ഉറക്കം ലഭിക്കുന്നത് മസ്തിഷ്കകോശങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
- ധ്യാനവും ശ്വസന വ്യായാമങ്ങളും: മനസ്സിന് ശാന്തി നൽകുന്ന ലഘുവായ ധ്യാനങ്ങളും ആഴത്തിലുള്ള ശ്വസന വ്യായാമങ്ങളും ഹോർമോൺ വ്യതിയാനങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും.
- ആരോഗ്യകരമായ ഭക്ഷണക്രമം: പച്ചക്കറികൾ, പഴങ്ങൾ, നട്സ് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
'ലോക പക്ഷാഘാത ദിനം' നമുക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം മുൻകരുതലുകളുടെ പ്രാധാന്യത്തെക്കുറിച്ചാണ്. പക്ഷാഘാതം എന്നത് പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെങ്കിലും, അതിന്റെ പിന്നിലെ കാരണങ്ങൾ വർഷങ്ങളായി നമ്മുടെ ശരീരത്തിൽ രൂപംകൊള്ളുന്നവയാണ്. അതിൽ പ്രധാനം നിശബ്ദ കൊലയാളിയായ മാനസിക സമ്മർദ്ദമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കാൻ മാനസിക പിരിമുറുക്കങ്ങളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുക എന്നത് അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, വ്യായാമം, മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ എന്നിവയിലൂടെ നമുക്ക് പക്ഷാഘാതത്തെ പ്രതിരോധിക്കാം. തിരക്കുകൾക്കിടയിലും നമ്മുടെ മനസ്സിനും ശരീരത്തിനും അർഹമായ വിശ്രമം നൽകുക, കാരണം ആരോഗ്യത്തോടെയുള്ള ഒരു ജീവിതത്തിനുള്ള ഏറ്റവും വലിയ മുതൽക്കൂട്ട് സമാധാനമുള്ള ഒരു മനസ്സ് തന്നെയാണ്.
(സീനിയർ കൺസൾട്ടന്റ് - ന്യൂറോളജി, ആസ്റ്റർ മെഡ്സിറ്റി, കൊച്ചി.)
