ഹൃദയം മാറ്റിവെക്കൽ: നവീന സാങ്കേതികവിദ്യയുമായി ഡോ. നബീൽ
text_fieldsമങ്കട/മലപ്പുറം: ലണ്ടനിൽ നടക്കുന്ന ആഗോള യൂറോപ്യൻ സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ കോൺഗ്രസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച് നാടിന് അഭിമാനമായി വടക്കാങ്ങര സ്വദേശിയും യുവശാസ്ത്രജ്ഞനുമായ ഡോ. നബീൽ പിലാപറമ്പിൽ. ഐ.ഐ.ടി മദ്രാസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ. നബീലിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം വികസിപ്പിച്ചെടുത്ത ഹൃദയം മാറ്റിവെക്കാനുള്ള നവീന സാങ്കേതികവിദ്യയാണ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.
ഹൃദയം ദാനം ചെയ്തശേഷം ശരീരത്തിനുപുറത്തുവെച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടും സജീവമാക്കാനും അവയവത്തിന്റെ ആരോഗ്യനില വിലയിരുത്തുവാനുമുള്ള സാങ്കേതികവിദ്യ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പെർഫ്യൂഷൻ സിസ്റ്റമായി അവതരിപ്പിക്കപ്പെടും.
പൂർണമായും ഐ.ഐ.ടി മദ്രാസിൽ ആശയവത്കരിക്കുകയും വികസിപ്പിക്കുകയും ചെയ്ത ഈ സാങ്കേതികവിദ്യ ഹൃദയ സംരക്ഷണത്തിലും അവയവദാനത്തിലും വിപ്ലവം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഈ കണ്ടുപിടുത്തത്തിന്റെ പ്രാധാന്യം അംഗീകരിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ഡോ. നബീലിനെയും സഹഗവേഷകയായ ഡോ. പ്രിയങ്ക നടുപറമ്പിലിനെയും ഇന്റർനാഷനൽ ട്രാവൽ ഗ്രാൻഡ് അവാർഡ് നൽകി ഇ.എസ്.ഒ.ടി. കോൺഗ്രസിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു.
രക്തക്കുഴലുകളുടെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള ‘ആർട്ട്സെൻസ്’ എന്ന ഉപകരണം വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞരുടെ ടീമിലെ അംഗമായും ഡോ. നബീൽ ശ്രദ്ധേയനായിരുന്നു. ഹൃദയസംബന്ധമായ രോഗനിർണയത്തിനുള്ള അൾട്രാസൗണ്ട് സങ്കേതികവിദ്യയുടെ കണ്ടുപിടിത്തത്തിന് നബീൽ പിലപറമ്പിലിന്റെ ഗവേഷണസംഘത്തിന് പേറ്റന്റ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

