കേള്‍വി കുറവ്: പോസിറ്റിവിറ്റി നിരക്കില്‍ വൻ വര്‍ധനവെന്ന് പഠനം
text_fieldsതൃശൂർ: സംസ്ഥാനത്ത് ചില പ്രത്യേക മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വ്യാപകമായി കേള്‍വി കുറവുള്ളതായി പഠനം. ബസ് ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍, നഗരമേഖലയില്‍ തൊഴിലെടുക്കുന്നവര്‍, വ്യാപാരികള്‍ എന്നിവരിലാണ് കേള്‍വിക്കുറവിന്റെ നിരക്ക് കൂടുതലായി കണ്ടെത്തിയത്. പ്രസ്തുത മേഖലയില്‍ 90 ശതമാനത്തിന് മുകളിലാണ് കേൾവികുറവിന്റെ തോത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആൻറ് റിഹാബിലിറ്റേഷനും (നിപ്മര്‍) മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി 2020ൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. മറ്റു മേഖലകളില്‍ കേള്‍വിക്കുറവിന്റെ തോത് 20 മുതല്‍ 30 ശതമാനം വരെയായിരുന്നു.
പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വിവിധ മേഖലകളില്‍ ശബ്ദപരിധി നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. നിശബ്ദ മേഖലയില്‍ പകല്‍ 50 ഡെസിബലും രാത്രിയില്‍ 45മാണ് നിശ്ചയിച്ചിട്ടുള്ളത്. ആവാസ മേഖലയില്‍ യഥാക്രമം 55 (45), വാണിജ്യ മേഖല 65(55), വ്യവസായ മേഖല 75 (65) എന്നിങ്ങനെയാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഈ നിര്‍ദേശങ്ങളൊന്നും നിശബ്ദ, ആവാസ, വാണിജ്യ മേഖലകളില്‍ പാലിക്കപ്പെടുന്നില്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
വെടിക്കെട്ടുകള്‍, വാഹനങ്ങളുടെ ഹോണ്‍, സ്പീക്കര്‍ അനൗണ്‍സ്‌മെന്റ്, മൊബൈല്‍ ഫോണ്‍, യന്ത്രസൈറണ്‍ എന്നിവയാണ് അരോജക ശബ്ദ ശ്രോതസുകൾ. ഇതില്‍ ഏറ്റവും ഹാനികരമാകുന്നത് വാഹനങ്ങളുടെ എയര്‍ഹോണുകളാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അരോചകമായ ശബ്ദം നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് നിപ്മറിലെ ഓഡിയോളജിസ്റ്റ് ആൻ്റ് സ്പീച്ച് പാത്തോളജിസ്റ്റ് കെ. പത്മപ്രിയ പറഞ്ഞു.
ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം, കേള്‍വിക്കുറവ്, ഗര്‍ഭസ്ഥ ശിശുവിനേല്‍ക്കുന്ന ആഘാതം, കര്‍ണപുടത്തിന് ക്ഷതമേല്‍ക്കാനുള്ള സാധ്യത, രക്തസമ്മര്‍ദ്ധം എന്നിവയും ശബ്ദ മലിനീകരണം മൂലം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഉയര്‍ന്ന ഡെസിബല്‍ ഉള്ള ശബ്ദം കാരണം കേള്‍വിക്കുറവ് ഉണ്ടാകാതിരിക്കാന്‍ ഇയര്‍ പ്ലഗ്ഗ്, ഇയര്‍ മഫ്, എന്നിവ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപം ശബ്ദഘോഷത്തോടെയുള്ള കരിമരുന്ന് പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും രാത്രി കാലങ്ങളില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ രോഗികളില്‍ ഹൈപ്പര്‍ ടെന്‍ഷന്‍, ഹൃദയാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

