മഴക്കാല രോഗങ്ങൾ; ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്
text_fieldsതൊടുപുഴ: മഴക്കാലത്ത് ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും ജന്തുജന്യ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. വയറിളക്കം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയവയാണ് പ്രധാന ജലജന്യ രോഗങ്ങള്‍. രോഗാണുക്കള്‍ കുടിവെള്ളം, ആഹാരം എന്നിവയിലൂടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഈ രോഗങ്ങള്‍ പിടിപെടുന്നത്.
തുറസ്സായ സ്ഥലത്ത് മല വിസര്‍ജനം ഒഴിവാക്കുക, ക്ലോറിനേഷന് ചെയ്ത് തിളപ്പിച്ചാറ്റിയ ജലം കുടിക്കുക, ആഹാരത്തിനു മുമ്പും ശേഷവും ശൗചാലയം ഉപയോഗിച്ചതിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, ഭക്ഷണസാധനങ്ങള്‍ അടച്ചുവെക്കുക, ചൂടോടെ കഴിക്കുക, തുറന്നുവെച്ച ഭക്ഷണസാധനങ്ങള്‍ കഴിക്കാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കിണറിന് ചുറ്റുമതില്‍ കെട്ടി വലയിട്ട് മൂടുക തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
കൊതുകിനെ തുരത്തണം
മലമ്പനി, മന്ത്, ഡെങ്കിപ്പനി, ചികുന്‍ഗുനിയ തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന കൊതുക് ജന്യ രോഗങ്ങള്‍. മഴക്കാലത്ത് വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുകയും രോഗങ്ങള്‍ പടരുകയും ചെയ്യും. പ്രതിരോധ മാര്‍ഗങ്ങള്‍, കൊതുകിന്റെ പ്രജനന സ്ഥലങ്ങള്‍ നശിപ്പിക്കല്‍, പാത്രങ്ങള്‍, കുപ്പി, ചിരട്ട, ടയര്‍, വീപ്പ, വാട്ടര്‍ ടാങ്ക്, മണ്‍ചട്ടി, ആട്ടുകല്ല്, പൂച്ചട്ടി, വാട്ടര്‍ കൂളര്‍, വാഴപ്പോള, സിമന്റ് ടാങ്കുകള്‍, റബ്ബര്‍പാല്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍, കവറുകള്‍ എന്നിങ്ങനെ വെള്ളം കെട്ടി നില്ക്കാന് സാധ്യതയുള്ളവയില്‍ കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം, വെള്ളം ശേഖരിച്ച് വെക്കുന്ന പാത്രങ്ങള്‍ ടാങ്കുകള്‍ മുതലായവ മൂടിവെക്കുക, ചപ്പുചവറുകള്‍, പ്ലാസ്റ്റിക്ക് തുടങ്ങിയവ ഓടയില്‍ വലിച്ചെറിഞ്ഞ് മലിന ജലം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. കുളങ്ങളിലും തോടുകളിലും കാണുന്ന ജല സസ്യങ്ങള്‍ യഥാസമയം നീക്കം ചെയ്യണം.
കക്കൂസിന് വെന്റിലേറ്റീവ് കുഴലുകളില്‍ ഘടിപ്പിക്കുകയും സാനിറ്ററി കക്കൂസുകള്‍ ഉപയോഗിക്കുകയും വേണം. വെള്ളക്കെട്ടുകളില്‍ കൂത്താടികളെ തിന്ന് നശിപ്പിക്കുന്ന ഗം ബൂസിയ, ഗപ്പി , മാനത്ത് കണ്ണി മുതലായ മീനുകളെ വളര്‍ത്തണം. ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കുകയും കൊതുക് നിവാരണ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും വേണമെന്ന് അധികൃതര്‍ അറിയിച്ചു.
എലിപ്പനിയെ കരുതണം
എലിപ്പനിയാണ് പ്രധാനമായും കണ്ടുവരുന്ന ജന്തു ജന്യ രോഗം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ രോഗാണുവാഹകരായ എലിയുടെ മൂത്രം കലരുക വഴി വെള്ളം മലിനമാകുകയും രോഗാണുക്കള്‍ ആ വെള്ളവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരില്‍ മുറിവില്‍ കൂടിയോ നേര്ത്തെ ചര്‍മ്മത്തില്‍ കൂടിയോ ശരീരത്തില്‍ പ്രവേശിക്കുകയും രോഗം പിടിപെടുകയും ചെയ്യുന്നു. കൃഷിയിടങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പണിയെടുക്കുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലികളെ പരിചരിക്കുന്നവര്‍, കെട്ടിക്കിടക്കുന്ന വെള്ളം നിത്യോപയോഗത്തിന് എടുക്കുന്നവരിലെല്ലാം എലിപ്പനി വരാനുള്ള സാധ്യത കൂടിയവരാണ്. കടുത്ത പനി, തലവേദന, ശരീരവേദന, കണ്ണില്‍ ചുവപ്പ് തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ എത്തി ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

