Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലുകളിൽ ചെറിയ തരിപ്പ്… ദിവസങ്ങൾക്കുള്ളിൽ ശരീരം തളർന്നുപോകാം!, കാരണം അറിയാം

text_fields
bookmark_border
കാലുകളിൽ ചെറിയ തരിപ്പ്… ദിവസങ്ങൾക്കുള്ളിൽ ശരീരം തളർന്നുപോകാം!, കാരണം അറിയാം
cancel

ഇന്നലെവരെ സാധാരണപോലെ നടന്ന ഒരാൾക്ക് ഇന്ന് എഴുന്നേറ്റുനിൽക്കാൻ കഴിയുന്നില്ല!. കാലുകളിൽ ചെറിയ തരിപ്പ്… കൈകാലുകൾക്ക് ബലക്കുറവ്, ചിലപ്പോൾ ശ്വാസമെടുക്കാൻപോലും ബുദ്ധിമുട്ട്. ദിവസങ്ങൾക്കുള്ളിൽ ശരീരം തളർന്നുപോകാം! ഇത്തരം അവസ്ഥയ്ക്ക് കാരണമാകാവുന്ന ഗുരുതരമായ ഒരു നാഡീരോഗമാണ് ഗില്ലൻ ബാറെ സിൻഡ്രോം (Guillain-Barré Syndrome – GBS). അപൂർവമാണെങ്കിലും സമയത്ത് തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യേണ്ട രോഗമാണിത്. ഈ അപൂർവ രോഗത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കണം.

എന്താണ് ഗില്ലൻ ബാറെ സിൻഡ്രോം?

ശരീരത്തെ രോഗാണുക്കളിൽനിന്ന് സംരക്ഷിക്കുന്ന പ്രതിരോധസംവിധാനം അബദ്ധത്തിൽ സ്വന്തം നാഡികളെ ആക്രമിക്കുന്ന അപൂർവമായ രോഗമാണിത് (Autoimmune Disorder). പ്രധാനമായും തലച്ചോറിനും സുഷുമ്നാനാഡിക്കും പുറത്തുള്ള നാഡികളെയാണ് ബാധിക്കുന്നത്. നാഡികളുടെ സംരക്ഷണാവരണത്തിനോ (Myelin Sheath) നാഡീതന്തുക്കൾക്കോ കേടുപാടുകൾ സംഭവിക്കുന്നതോടെ തലച്ചോറിൽനിന്നുള്ള സന്ദേശങ്ങൾ പേശികളിലേക്ക് ശരിയായി എത്താതാകുന്നു. ഇതുമൂലം കൈകാലുകൾക്ക് ബലക്കുറവും തളർച്ചയും ഉണ്ടാകുന്നു. ഗുരുതരമായാൽ ശ്വസനപേശികളെയും ബാധിച്ച് ജീവന് ഭീഷണിയാകാം.

എന്തുകൊണ്ടാണ് രോഗം വരുന്നത്?

പലരിലും രോഗം ആരംഭിക്കുന്നതിന് ഒന്നുമുതൽ മൂന്നാഴ്ച മുമ്പ് വയറിളക്കമോ ശ്വാസകോശ അണുബാധയോ ഉണ്ടായിട്ടുണ്ടാകാം. പ്രത്യേകിച്ച് കാംപിലോബാക്ടർ ജെജുനൈ (Campylobacter jejuni) എന്ന ബാക്ടീരിയയുടെ അണുബാധയുമായി ഈ രോഗത്തിന് ബന്ധമുണ്ട്. രോഗാണുക്കളെ നശിപ്പിക്കാൻ പ്രവർത്തിക്കുന്ന ശരീരത്തിന്റെ പ്രതിരോധസംവിധാനം അബദ്ധത്തിൽ സ്വന്തം നാഡികളെയും ആക്രമിക്കുന്നതാണ് പ്രധാന കാരണം. എന്നാൽ എല്ലാവരിലും വ്യക്തമായ കാരണം കണ്ടെത്തണമെന്നില്ല. ഗില്ലൻ ബാറെ സിൻഡ്രോം ഒരു പകർച്ചവ്യാധിയല്ല. രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരില്ല.

ഏഴ് മുന്നറിയിപ്പുകൾ!

കാലുകളിലോ വിരലുകളിലോ തരിപ്പും മരവിപ്പും.

കാലുകൾക്ക് ക്രമേണ ശക്തി കുറയുക.

നടക്കുമ്പോൾ കാലുകൾ തളരുകയോ പടികൾ കയറാൻ ബുദ്ധിമുട്ടുകയോ ചെയ്യുക.

ബലക്കുറവ് കൈകളിലേക്കും വ്യാപിക്കുക.

മുഖപേശികൾക്ക് ബലക്കുറവ് അനുഭവപ്പെടുക.

ഭക്ഷണം വിഴുങ്ങാനോ സംസാരിക്കാനോ ബുദ്ധിമുട്ടുണ്ടാകുക.

ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.

എല്ലാവരിലും ഈ ലക്ഷണങ്ങളെല്ലാം ഉണ്ടാകണമെന്നില്ല. ചിലരിൽ മണിക്കൂറുകൾക്കുള്ളിലോ ദിവസങ്ങൾക്കുള്ളിലോ ബലക്കുറവ് വേഗത്തിൽ വർധിക്കാം.

ഏറ്റവും അപകടകരമായ അവസ്ഥ!

ശ്വസനപേശികളെ ബാധിച്ചാൽ ശ്വസനപരാജയവും ഹൃദയമിടിപ്പിലും രക്തസമ്മർദത്തിലും അപകടകരമായ വ്യതിയാനങ്ങളും ഉണ്ടാകാം.

ശ്വാസതടസ്സമോ വിഴുങ്ങാനുള്ള ബുദ്ധിമുട്ടോ ഉണ്ടായാൽ അടിയന്തര ചികിത്സ അനിവാര്യമാണ്. വേഗത്തിൽ വർധിക്കുന്ന ബലക്കുറവിനും ആശുപത്രിയിൽ നിരീക്ഷണം ആവശ്യമാണ്.

രോഗം സ്ഥിരീകരണം

രോഗലക്ഷണങ്ങളും പേശികളുടെ ശക്തി, നാഡികളുടെ പ്രതികരണശേഷി എന്നിവ പരിശോധിച്ചുമാണ് പ്രാഥമിക രോഗനിർണയം. നാഡികളുടെ വൈദ്യുതപ്രവർത്തന പരിശോധനയും (NCS/EMG) നട്ടെല്ലിലെ ദ്രാവകപരിശോധനയും (CSF study) രോഗനിർണയത്തെ സഹായിക്കുന്നു.

ആദ്യഘട്ടത്തിൽ പരിശോധനാഫലങ്ങൾ സാധാരണമായിരിക്കാം. അതിനാൽ ശക്തമായ രോഗസംശയമുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.

ചികിത്സയുണ്ടോ?

തീർച്ചയായും ചികിത്സയുണ്ട്! നാഡികൾക്കെതിരായ പ്രതിരോധപ്രവർത്തനം നിയന്ത്രിക്കാൻ ഇമ്യൂണോഗ്ലോബുലിൻ ചികിത്സയും (IVIG) പ്ലാസ്മ കൈമാറ്റ ചികിത്സയും (Plasma Exchange) ഫലപ്രദമാണ്.

ഗുരുതരാവസ്ഥയിൽ തീവ്രപരിചരണവും കൃത്രിമ ശ്വസനസഹായവും ആവശ്യമായേക്കാം. ഫിസിയോതെറാപ്പിയും പുനരധിവാസവും രോഗമുക്തിയിൽ നിർണായകമാണ്. ഭൂരിഭാഗം രോഗികളും ഗണ്യമായി സുഖപ്പെടുന്നു. എന്നാൽ പൂർണമായ ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരാം. ചിലരിൽ ദീർഘകാല ബലക്കുറവ് അവശേഷിക്കാം.

ശ്രദ്ധിക്കുക

പനിയോ വയറിളക്കമോ മാറിയശേഷം കൈകാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടാൽ സാധാരണ ക്ഷീണമെന്നു കരുതി അവഗണിക്കരുത്. ബലക്കുറവ് വർധിച്ചാൽ ഉടൻ ആശുപത്രിയിലെത്തുക.

ഇന്നലെ നടന്ന ഒരാൾക്ക് ഇന്ന് നടക്കാൻ കഴിയുന്നില്ലെങ്കിൽ, നാളെ എന്താകുമെന്ന് കാത്തിരിക്കരുത്!

സമയോചിതമായ ചികിത്സ ജീവൻ രക്ഷിക്കാനും ഗുരുതരമായ സങ്കീർണതകൾ കുറയ്ക്കാനും സഹായിക്കും.

ഈ അറിവ് പങ്കുവയ്ക്കൂ. നിങ്ങളുടെ ഒരു പങ്കുവയ്ക്കൽ ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം!.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Guillain-Barré Syndrome
Next Story