മരുന്നുകളുടെ പരസ്യത്തിനും ലൈസൻസിങ്ങിനും മാർഗനിർദേശങ്ങൾ
text_fieldsമസ്കത്ത്: ഒമാനിൽ മരുന്നുകളുടെ പരസ്യത്തിനും ലൈസൻസിങ്ങിനും പുതിയ മാർഗനിർദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇത് സംബന്ധിച്ച മന്ത്രിതല പ്രമേയം ( നമ്പർ 135/2025 നമ്പർ ) കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ സംരക്ഷണം വർധിപ്പിക്കുന്നതിനും ഔഷധ ഉൽപന്നങ്ങളുടെ ധാർമികവും കൃത്യവുമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ആരോഗ്യ മന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ സബ്തി പുറപ്പെടുവിച്ച ഈ തീരുമാനം.
ഫാർമസി പ്രഫഷനും ഔഷധ സ്ഥാപനങ്ങളും പ്രാക്ടീസ് നിയന്ത്രിക്കുന്ന നിയമം (റോയൽ ഡിക്രി നമ്പർ 35/2015), അതിന്റെ എക്സിക്യൂട്ടിവ് ചട്ടങ്ങൾ (മന്ത്രിസഭ പ്രമേയം നമ്പർ 113/2020), സേവന ഫീസ് സംബന്ധിച്ച മന്ത്രിസഭ പ്രമേയം നമ്പർ 71/2024 എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് നിയന്ത്രണം. പുതിയ തീരുമാനം അനുസരിച്ച്, ലൈസൻസുള്ള ഫാർമസൂട്ടിക്കൽ കമ്പനികൾ, പ്രാദേശിക ഏജന്റുമാർ, അംഗീകൃത ഫാർമസൂട്ടിക്കൽ കൺസൾട്ടിങ് ഓഫിസുകൾ എന്നിവയല്ലാതെ മറ്റൊരു സ്ഥാപനവും ഡ്രഗ് സേഫ്റ്റി സെന്ററിൽനിന്ന് മുൻകൂർ അനുമതി വാങ്ങാതെ മരുന്നുകൾ പരസ്യപ്പെടുത്താൻ പാടില്ല.
പരസ്യങ്ങൾക്കുള്ള ലൈസൻസ് ലഭിക്കാനായി താഴെ പറയുന്ന വ്യവസ്ഥകൾ പാലക്കേണ്ടതാണെന്ന് പ്രമേയത്തിലെ ആർട്ടിക്കിൾ മൂന്ന് വ്യക്തമാക്കുന്നു.
- മരുന്ന് രജിസ്റ്റർ ചെയ്തിരിക്കണം.
- പരസ്യത്തിന്റെയോ വിവരണത്തിന്റെയോ ഉള്ളടക്കം മരുന്നിന്റെ ലഘുലേഖയുമായും മരുന്നിന്റെ സ്വഭാവസവിശേഷതകളുടെ സംഗ്രഹവുമായും വ്യത്യാസം ഉണ്ടാകരുത്
- മരുന്നിന്റെ പരസ്യവും വിവരണവും ഏത് ഗ്രൂപ്പുകളെയാണ് ലക്ഷ്യമാക്കുന്നതെന്ന് വ്യക്തമാക്കണം.
- മരുന്നിന്റെ പരസ്യമോ വിവരണമോ പൊതു ക്രമത്തെയോ പൊതു ധാർമികതയെയോ ലംഘിക്കരുത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നത് ഉൾപ്പെടുത്താതിരിക്കുക.
- മരുന്നിന്റെ പരസ്യത്തിലോ വിവരണത്തിലോ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളോ മറ്റു മരുന്നുകളെ ദോഷകരമായി ബാധിക്കുന്ന ഏതെങ്കിലും വാക്യമോ ഉണ്ടാകരുത്.
- അതിശയോക്തി കലർന്ന വാക്കുകൾ ഒഴിവാക്കുക.
- ലൈസൻസിനായുള്ള അപേക്ഷ ഇനിപ്പറയുന്ന രേഖകളും ഡാറ്റയും സഹിതം കേന്ദ്രത്തിൽ സമർപ്പിക്കണം
- മരുന്നിന്റെ പരസ്യത്തിന്റെയോ വിവരണത്തിന്റെയോ പകർപ്പ്
- മരുന്നിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
കേന്ദ്രം അഭ്യർഥിക്കുന്ന മറ്റേതെങ്കിലും രേഖകളോ ഡാറ്റയോ ലൈസൻസ് അപേക്ഷ സമർപ്പിച്ച തീയതി മുതൽ അറുപത് ദിവസത്തിൽ കൂടാത്ത കാലയളവിനുള്ളിൽ കേന്ദ്രം അതിൽ തീരുമാനമെടുക്കും. ഇതിനുള്ളിൽ മറുപടിയൊന്നും ഉണ്ടായില്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെട്ടതായി കണക്കാക്കും. അപേക്ഷയിൽ ഏതെങ്കിലും വ്യവസ്ഥളോ രേഖകളോ മറ്റോ പാലിക്കുന്നില്ലെങ്കിൽ അപേക്ഷകനെ ആ വിവരം അറിയിക്കും. ഇത് പരിഹരിക്കുന്നതിന് അറിയിപ്പ് തീയതി മുതൽ 30 ദിവസത്തിൽ കൂടാത്ത സമയം നൽകും. അല്ലാത്തപക്ഷം അപേക്ഷ റദ്ദാക്കിയതായി കണക്കാക്കും. മൂന്നു മാസത്തേക്കായിരിക്കും ലൈസൻസുകൾ നൽകുക. ഇതേ കാലയവളവിലേക്ക് വീണ്ടും പുതുക്കി നൽകും. ലൈസൻസ് കാലഹരണപ്പെടുന്നതിന് കുറഞ്ഞത് 20 ദിവസം മുമ്പെങ്കിലും പുതുക്കാനായി അപേക്ഷ സമർപ്പിക്കണം. ലൈസൻസിന് അപേക്ഷിക്കുമ്പോയുള്ള നിബന്ധനകൾ ഇവിടെയും പാലിക്കണം. ലൈസൻസുകൾ നിരസിക്കപ്പെട്ട അപേക്ഷകർക്ക് വിജ്ഞാപനം ലഭിച്ച് 60 ദിവസത്തിനുള്ളിൽ മന്ത്രിക്ക് പരാതി സമർപ്പിക്കാം. 30 ദിവസത്തിനുള്ളിൽ ഇതിൽ തീരുമാനമുണ്ടാകും
മരുന്ന് പരസ്യപ്പെടുത്തുമ്പോൾ ലൈസൻസുള്ളയാൾ ഈ പറയുന്നവ ശ്രദ്ധിക്കണം
- -എല്ലാ പരസ്യങ്ങളിലും മരുന്നിന്റെ ലൈസൻസ് നമ്പർ ഉൾപ്പെടുത്തുക.
- -കേന്ദ്രം അംഗീകരിച്ച ഫോർമാറ്റ് പരസ്യം കർശനമായി പാലിക്കുക.
- -കേന്ദ്രത്തിന്റെ മുൻകൂർ അനുമതിയില്ലാതെ പരസ്യത്തിൽ മാറ്റങ്ങൾ വരുത്തരുത്
- - മരുന്നുകളുടെ പരസ്യം പ്രധാനമായും ഫാർമസിസ്റ്റുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

