ഹൃദ്യം ആരോഗ്യം പദ്ധതി; 413 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ പൂർത്തിയാക്കി
text_fieldsകാസർകോട് ജനറൽ ആശുപത്രി
കാസർകോട്: കഴിഞ്ഞ നാലുവർഷത്തിനിടെ ‘ഹൃദ്യം ആരോഗ്യം’ പദ്ധതിയിലൂടെ ജില്ലയിൽ 413 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ പൂർത്തിയാക്കി. സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ച് എട്ടുകോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടുകൂടി കാത് ലാബ് നിർമിച്ചു.
ആൻജിയോഗ്രാം, ആൻജിയോ പ്ലാസ്റ്റി, ഏഴ് ബെഡോടുകൂടിയ സി.സി.യു സൗകര്യം ഉൾപ്പെടുത്തിയാണ് കാത് ലാബ് ഒരുക്കിയിരിക്കുന്നത്. ജന്മനാ ഹൃദയവൈകല്യമുള്ള 18 വയസ്സുവരെയുള്ള കുട്ടികൾക്കായി കേരളസർക്കാർ നടപ്പിലാക്കുന്ന ഹൃദ്യം പദ്ധതിയിലൂടെയാണ് ജില്ലയിലെ 413 കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
കാസർകോട് മെഡിക്കൽ കോളജിൽ നെഫ്രോളജി, ന്യൂറോളജി, റൂമറ്റോളജി തുടങ്ങിയ സൂപ്പർ സ്പെഷാലിറ്റി സേവനങ്ങളും മറ്റ് സ്പെഷാലിറ്റി ഒ.പി സേവനങ്ങളും ആരംഭിച്ചതിനു പുറമേ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ സ്പെഷൽ ന്യൂബോൺ കെയർ യൂനിറ്റ്, സി.എസ്.എസ്.ഡി, പീഡിയാട്രിക് വാർഡ് തുടങ്ങിയവയും ബ്രോങ്കോസ്കോപ്പി സേവനം, കാർഡിയോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പർ സ്പെഷാലിറ്റി സേവനങ്ങളും ഇ.ഇ.ജി മെഷീൻ സേവനവും ആരംഭിച്ചു.
ജനറൽ ആശുപത്രിയിൽ ഇ.സി.ആർ.പിയിലൂടെ 63 ലക്ഷം രൂപ ഉപയോഗിച്ച് പീഡിയാട്രിക് യൂനിറ്റ് സജ്ജീകരിച്ച് പ്രവർത്തനമാരംഭിച്ചു. കേരളസർക്കാർ പദ്ധതിവിഹിതം വഴി അനുവദിച്ച 37 ലക്ഷം രൂപ ഉപയോഗിച്ച് സാമൂഹികാരോഗ്യകേന്ദ്രം പെരിയ, താലൂക്കാശുപത്രി മംഗൽപാടി എന്നിവിടങ്ങളിൽ ഐസൊലേഷൻ വാർഡുകളും 36 ലക്ഷം രൂപ വീതം ഉപയോഗിച്ച് ജില്ലയിലെ 05 സാമൂഹിക ആരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുകയും ചെയ്തു. ദേശീയ ആരോഗ്യ ദൗത്യം ആർ.ഒ.പി ഫണ്ടിലൂടെ അനുവദിച്ച ഏഴ് ലക്ഷം രൂപ വീതം വിനിയോഗിച്ച് ജില്ലയിലെ 64 സബ് സെന്ററുകളെ ജനകീയ ആരോഗ്യകേന്ദ്രങ്ങളായി ഉയർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

