Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഭക്ഷണത്തിന് ശേഷം ഉടൻ...

ഭക്ഷണത്തിന് ശേഷം ഉടൻ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ!

text_fields
bookmark_border
ഭക്ഷണത്തിന് ശേഷം ഉടൻ ചെയ്യാൻ പാടില്ലാത്ത അഞ്ച് കാര്യങ്ങൾ!
cancel

ഭക്ഷണവും ഉറക്കവും നമ്മുടെ മാനസിക, ശാരീരിക ആരോഗ്യത്തെ കാര്യമായി ബാധിക്കും. എന്തു കഴിക്കുന്നു എന്നതുപോലെ തന്നെ ഭക്ഷണത്തിന് ശേഷം നാം എന്തു ചെയ്യുന്നു എന്നതും പ്രധാനമാണ്. ഭക്ഷണത്തിന് ശേഷമുള്ള നമ്മുടെ പ്രവൃത്തികൾ ദഹനത്തെയും ശരീരത്തിന്റെ ഉപാപജയ പ്രവർത്തനങ്ങളെയും ബാധിക്കും. ഭക്ഷണത്തിന് ശേഷം ചെയ്താൽ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന അഞ്ച് കാര്യങ്ങൾ പരിചയപ്പെടാം.

1. കിടന്ന് ഉറങ്ങരുത്

ഭക്ഷണം കഴിച്ച് ഉടനെ കിടന്നുറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇങ്ങനെ ചെയ്താൽ ദഹനക്കേട്, പുളിച്ചുതികട്ടൽ, അമിതവണ്ണം എന്നിവക്ക് സാധ്യത കൂടുതലാണ്. അതിനാൽ രാത്രി ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം.

ഭക്ഷണം കഴിച്ചയുടൻ കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്റെ എതിരായി ആമാശയത്തിലെ അമ്ലങ്ങൾ അന്നനാളത്തിലേക്ക് തിരികെ ഒഴുകാൻ സാധ്യതയുണ്ട്. ഇത് നെഞ്ചെരിച്ചിലിനും തൊണ്ട എരിച്ചിലിനും കാരണമാകുന്നു.

ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങാൻ കിടക്കുമ്പോൾ ദഹനപ്രക്രിയയുടെ വേഗത കുറയും. ഇത് വയറു വീർക്കൽ, ഗ്യാസ്, മലബന്ധം തുടങ്ങിയവക്ക് കാരമാകും.

ഭക്ഷണം കഴിച്ച് ഉടൻ കിടക്കുമ്പോൾ ശരീരത്തിന് ആവശ്യമായ കലോറി എരിച്ചുകളയാൻ സാധിക്കാതെ വരുന്നു. ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനും ശരീരഭാരം വർധിക്കാനും ഇടയാക്കും. ദഹനം നടക്കുമ്പോൾ ശരീരം പ്രവർത്തനക്ഷമതയോടെ തുടരേണ്ടി വരുന്നതിനാൽ ഗാഢനിദ്രയ്ക്ക് തടസ്സം നേരിടും. ഇത് രാവിലെ ഉണരുമ്പോൾ കടുത്ത ക്ഷീണത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും.

2. കുളിക്കരുത്

ഭക്ഷണം കഴിച്ച ഉടനെ കുളിക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മനുഷ്യശരീരത്തിലെ ദഹന എൻസൈമുകളും കുടലിലെ ഗുണകരമായ ബാക്ടീരിയകളും (Gut Microbiota) ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് സാധാരണ ശരീര താപനിലയിലാണ്. കുളിക്കുമ്പോൾ ശരീരം തണുക്കുന്നതോടെ ദഹനവും ശരീരത്തിന്റെ മറ്റ് ഉപാപജയ പ്രവർത്തനങ്ങളും സാവധാനത്തിലാകുന്നു.

മാത്രമല്ല നാം ഭക്ഷണം കഴിക്കുമ്പോൾ ആഹാരം ദഹിപ്പിക്കുന്നതിനായി ശരീരം ആമാശയത്തിലേക്കും കുടലിലേക്കും രക്തയോട്ടം വർധിപ്പിക്കും. എന്നാൽ കുളിക്കുമ്പോൾ രക്തയോട്ടം ചർമ്മ ഉപരിതലത്തിലേക്ക് വ്യതിചലിക്കുന്നു. ഇത് കുടലിലേക്കുള്ള രക്തയോട്ടം കുറക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു. ഇങ്ങനെ ദഹന പ്രശ്നം വരുമ്പോൾ വയറ്റിൽ അസ്വസ്ഥത, ഗ്യാസ്, വയറു വീർക്കൽ, കഠിനമായ വയറുവേദന എന്നിവക്ക് കാരണമാകുന്നു. കുളിക്കുമ്പോൾ ശരീരത്തിന്റെ താപനിലയിൽ പെട്ടെന്ന് മാറ്റം ഉണ്ടാകുന്നത് ദഹനത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിന് അധികഭാരമാവുകയും ക്ഷീണത്തിനിടയാക്കുകയും ചെയ്യും.

3. കടുത്ത വ്യായാമങ്ങൾ പാടില്ല

ഭക്ഷണം കഴിച്ച് ഒന്നര-രണ്ട് മണിക്കൂർ കഴിയാതെ കടുത്ത വ്യായാമങ്ങൾ ചെയ്യരുത്. ഭക്ഷണം കഴിക്കുമ്പോൾ ശരീരം ആഹാരം ദഹിപ്പിക്കുന്നതിനായി ആമാശയത്തിലേക്കും കുടലിലേക്കും രക്തയോട്ടം വർധിക്കുന്നു. എന്നാൽ കടുത്ത വ്യായാമം ചെയ്യുമ്പോൾ രക്തം പ്രധാനമായും മാംസപേശികളിലേക്ക് തിരിയുന്നു. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും കടുത്ത വയറുവേദനയ്ക്കും ദഹനക്കുറവിനും കാരണമാകുകയും ചെയ്യും. വയറുനിറയെ ഭക്ഷണം കഴിച്ച് ഉടൻ വ്യായാമം ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാരം മുകളിലേക്ക് തള്ളിവരാൻ സാധ്യതയുണ്ട്. ഇത് ഓക്കാനം, ഛർദ്ദി, തലകറക്കം എന്നിവക്ക് ഇടയാക്കും.

ദഹനപ്രക്രിയ താളംതെറ്റുന്നതോടെ ആമാശയത്തിലെ അമ്ലങ്ങൾ അന്നനാളത്തിലേക്ക് എത്തുകയും കടുത്ത നെഞ്ചെരിച്ചിലിനും അസിഡിറ്റിക്കും കാരണമാകുകയും ചെയ്യും.

കൂടാതെ ആഹാരം ദഹിപ്പിക്കാൻ ശ്രമിക്കുന്ന ശരീരത്തിന് വ്യായാമത്തിലൂടെ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നത് കടുത്ത ക്ഷീണത്തിനും മടുപ്പിനും വഴിവെക്കും. ഭക്ഷണ ശേഷം അഞ്ച് മിനിറ്റ് വിശ്രമിച്ചതിന് ശേഷം മാത്രം സാവധാനത്തിലുള്ള നടത്തം പോലുള്ള ലഘു വ്യായാമങ്ങൾ ചെയ്താൽ മതിയാകും.

4. പഴങ്ങളും മധുരവും കഴിക്കരുത്

ഭക്ഷണത്തിന് ശേഷം പഴവർഗങ്ങളും മധുരവും കഴിക്കരുത്. പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കുന്ന ഭക്ഷ്യവിഭാഗത്തിൽ പെടുന്നതാണെങ്കിലും ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് നല്ലത്. കാരണം പഴങ്ങൾ ഫൈബർ സമ്പുഷ്ടമാണ്. ഇതിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഊർജവും ധാരാളം പോഷകങ്ങളും ലഭിക്കും. എന്നാൽ ചോറോ ബിരിയാണിയോ പോലുള്ള ഭാരമേറിയ ആഹാരം കഴിച്ച് ഉടൻ പഴങ്ങൾ കഴിക്കുമ്പോൾ, അവ ആമാശയത്തിൽ ദഹിക്കാതെ മറ്റ് ആഹാരത്തോടൊപ്പം തങ്ങിനിൽക്കുന്നു. ഇത് പഴങ്ങൾ പുളിച്ച് തികട്ടുന്നതിനും ഗ്യാസ്, വയറു വീർക്കൽ, ദഹനക്കുറവ് എന്നിവക്കും കാരണമാകുന്നു.

മധുരം കഴിക്കണമെന്നുണ്ടെങ്കിൽ തന്നെ ഭക്ഷണത്തിന് തൊട്ടുപിന്നാലെ കഴിക്കാതെ, മിതമായ അളവിൽ ഇടവേളകളിൽ കഴിക്കണം. ഭക്ഷണം കഴിച്ച ഉടൻ മധുരമുള്ള പലഹാരങ്ങൾ കഴിക്കുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയർന്ന തോതിലേക്ക് എത്തും. ഇത് ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തെ ബാധിക്കുകയും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

5. തണുത്ത വെള്ളം കുടിക്കരുത്

നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം ചൂടാവുകയും ദഹനം സുഗമമായി നടക്കുകയും ചെയ്യും. ഈ സമയത്ത് തണുത്ത വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ താപനില പെട്ടെന്ന് താഴ്ന്ന് പോവുകയും ദഹനരസങ്ങളുടെയും എൻസൈമുകളുടെയും പ്രവർത്തനക്ഷമത കുറയ്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും.

ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന എണ്ണയോ നെയ്യോ പോലുള്ള കൊഴുപ്പുകൾ തണുത്ത വെള്ളം അകത്തുചെല്ലുമ്പോൾ കൂടുതൽ കട്ടപിടിക്കാൻ സാധ്യതയുണ്ട്. ഇത് ആഹാരം ദഹിക്കുന്നത് വളരെ പ്രയാസകരമാക്കും.

ആമാശയത്തിലെ പെട്ടെന്നുള്ള താപനില വ്യത്യാസം അവിടെയുള്ള പേശികളിൽ വലിച്ചിലിനും കടുത്ത വയറുവേദനയ്ക്കും കാരണമാകും. ദഹനം കൃത്യമായി നടക്കാതെ വരുന്നത് ഗ്യാസ്, വയറു വീർക്കൽ, നെഞ്ചെരിച്ചിൽ എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

ഭക്ഷണം കഴിച്ചയുടൻ ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂർ മുൻപോ അല്ലെങ്കിൽ കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞോ വെള്ളം കുടിക്കുന്നതാണ് ദഹനത്തിന് ഏറ്റവും നല്ലത്. ഭക്ഷണത്തിനിടയിൽ തൊണ്ട നനയ്ക്കാനായി അല്പം വെള്ളം കുഴപ്പമില്ല.

കടപ്പാട്: ഡോ. ദിവ്യ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food cultureDigestionFood StyleLife styleHealth News
News Summary - Five things you shouldnt do immediately after a meal
Next Story