ജനറൽ ആശുപത്രിയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ; എയർ ആംബുലൻസിൽ ഹൃദയം കൊച്ചിയിലെത്തിക്കും
text_fieldsതിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രി ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നു. എറണാകുളം ജനറൽ ആശുപത്രിയാണ് ഈ നേട്ടം കൈവരിക്കുന്നത്. അപൂർവ ജനിതക രോഗം ബാധിച്ച് ഹൃദയം തകരാറിലായ നേപ്പാൾ സ്വദേശിനി ദുർഗക്കാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച ഷിബുവാണ് ദാതാവ്. കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി 47 വയസുള്ള ഷിബുവിന്‍റെ ഹൃദയമാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നത്. എയർ ആംബുലൻസിലാണ് ഹൃദയം കൊണ്ടു പോകുക. ഷിബുവിന്‍റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, 2 നേത്ര പടലങ്ങൾ, സ്കിൻ എന്നിവ ദാനം ചെയ്യും. വാഹനാപകടത്തിലാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.
ഷിബുവിന്‍റെ ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ട്. കൊല്ലത്ത് ജനറൽ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പത്തുമണിയോടുകൂടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയത്. ശസ്ത്രക്രിയ ഒരു മണിക്കൂർ കൊണ്ട് പൂർത്തിയായി കഴിഞ്ഞാൽ ഹൃദയവുമായി ഡോക്ടർമാരുടെ സംഘം റോഡുമാർഗം തിരുവനന്തപുരം ഡൊമസ്റ്റിക് വിമാനത്താവളത്തിലെത്തിക്കും. അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിലേക്ക് പോകാനുള്ള ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളത്. ശസ്ത്രക്രിയ ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടുപോയാൽ ഉടൻ തന്നെ കൊച്ചിയിലേക്ക് എത്തിക്കുന്നതിന് വേണ്ടി എയർ ആംബുലൻസ് തിരുവനന്തപുരം ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതോടൊപ്പം ചെയ്യുന്നുണ്ട്.
കഴിഞ്ഞ ആറ് മാസത്തിലധികമായി ജനറൽ ആശുപത്രിയിലെ ചികിത്സയിലാണ് ദുർഗ. അപൂർവമായ ജനിതകാവസ്ഥയായ ഡാനോൻ മൂലം ഹൃദയസംബന്ധമായ ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്ന രോഗമാണ് ദുർഗക്ക്. അമ്മയും സഹോദരിയും ഇതേ അസുഖം ബാധിച്ചാണ് മരിച്ചത്. ആറ് മാസം മുമ്പ് കേരളത്തിലെത്തി ചികിത്സ തേടിയെങ്കിലും വിദേശി എന്ന നിലയിൽ ഹൃദയം ലഭിക്കുക നിയമപരമായി ബുദ്ധിമുട്ടായിരുന്നു. അവയവ കൈമാറ്റവുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാനം, മേഖല, ദേശീയ, ഇന്ത്യൻ വംശജർ കഴിഞ്ഞിട്ടു മാത്രമേ വിദേശികൾക്ക് അവയവം ദാനം ചെയ്യാൻ കഴിയൂ. ഒടുവിൽ ഹൈകോടതിയെ സമീപിച്ചാണ് തന്റെ രോഗാവസ്ഥ ബോധ്യപ്പെടുത്തുന്നതും അവയവം സ്വീകരിക്കാൻ ദുർഗക്ക് മുൻഗണന ലഭിക്കുന്നതും.
കോട്ടയം മെഡിക്കൽ കോളജില്‍ മുമ്പ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും ഒരു ജില്ലാ തല ആശുപത്രിയിൽ ഇത് ആദ്യമായാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനുള്ള ലൈസന്‍സ് സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പ്രക്രിയ ഏകോപിപ്പിക്കുന്ന കെ സോട്ടോ, എറണാകുളം ജനറല്‍ ആശുപത്രിക്ക് കൈമാറിയിരുന്നു. ശസ്ത്രക്രിയ നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൂപ്രണ്ട് ഡോ. ഷഹിര്‍ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

