നായ് കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നിർണായകം
text_fieldsകോഴിക്കോട്: മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമാണ് പേവിഷബാധ. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിൽ കാണുന്ന പേവിഷബാധയുടെ വൈറസുകൾ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ മനുഷ്യശരീരത്തിലെത്തി സുഷുമ്ന നാഡിയെയും തലച്ചോറിനെയും ബാധിക്കും.
തെരുവുനായ്, കുറുക്കൻ തുടങ്ങിയവയുടെ കടിയേറ്റ് എത്തുന്നവർ കൂടിവരുന്നതായും ഇക്കാര്യത്തിൽ ജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചു. കടിയേറ്റാൽ പ്രഥമ ശുശ്രൂഷ നിർണായകമാണ്. കടിയേറ്റഭാഗം ഉടൻ കഴുകി വൃത്തിയാക്കിയ ശേഷം ആശുപത്രിയിൽ എത്തിക്കലാണ് അഭികാമ്യം.
സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് കഴുകണം
മൃഗങ്ങളുടെ കടി, മാന്തൽ, പോറൽ എന്നിവയിലൂടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ ഉടൻ കടിയേറ്റ ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തിൽ 15 മിനിറ്റ് നന്നായി കഴുകണം. പൈപ്പിൽനിന്ന് വെള്ളം തുറന്നുവിട്ട് കഴുകുന്നതാണ് ഉത്തമം. മുറിവ് വൃത്തിയാക്കുന്ന വ്യക്തി നിർബന്ധമായും കൈയുറ ധരിക്കണം. ഇങ്ങനെ കഴുകിയാൽ 70 ശതമാനം അണുക്കളും ഇല്ലാതാകും. മുറിവിന് ചുറ്റും കഴുകിയില്ലെങ്കിൽ പേവിഷബാധക്കുള്ള കുത്തിവെപ്പ് എടുത്താലും പേവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കഴുകി വൃത്തിയാക്കിയ ശേഷം ബെറ്റാഡിൻ, അയഡിൻ സൊലൂഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും അണുനാശിനികൾ ലഭ്യമാണെങ്കിൽ അതുപയോഗിച്ചും മുറിവ് വൃത്തിയാക്കാം. കടിയേറ്റ ഭാഗത്ത് ഉപ്പ്, മഞ്ഞൾ, മുളകുപൊടി പോലുള്ള മറ്റുപദാർഥങ്ങൾ ഒരുകാരണവശാലും പുരട്ടരുത്. മുറിവ് അമർത്തി കഴുകുകയോ കെട്ടിവെക്കുകയോ ചെയ്യരുത്. ഡോക്ടർ നിർദേശിക്കുന്ന ദിവസങ്ങളിൽ തന്നെ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം.
- മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകണം
- നായ്ക്കളോ മറ്റേതെങ്കിലും മൃഗങ്ങളോ കടിച്ചാൽ മുറിവ് സാരമുള്ളതല്ലെങ്കിൽകൂടി നിസ്സാരമായി കാണരുത്.
- സസ്തനികളായ വന്യമൃഗങ്ങളാൽ ഉണ്ടാകുന്ന മുറിവുകൾ പേവിഷബാധ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.
- മൃഗങ്ങളിൽനിന്ന് സുരക്ഷിത അകലം പാലിക്കാൻ കുട്ടികൾക്ക് നിർദേശം നൽകണം. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

