ഹൃദയാഘാത മരണങ്ങളുമായി കോവിഡിനോ വാക്സിനേഷനോ ബന്ധമില്ലെന്ന് വിദഗ്ധ സമിതി
text_fieldsബംഗളൂരു: സംസ്ഥാനത്ത് അടുത്തിടെ തുടർച്ചയായി ഹൃദയാഘാത മരണങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തിന് കോവിഡ്- 19 ബാധയുമായോ കോവിഡ് പ്രതിരോധ വാക്സിനുമായോ ബന്ധമില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട്. ഇത്തരം മരണങ്ങളുടെ വർധനവിന് ഒറ്റക്കാരണമല്ലെന്നും, പല കാരണങ്ങളായിരിക്കാമെന്നും യുവാക്കളുടെ ഇടയില്‍ ഉയരുന്ന ഹൃദ്രോഗ അപകടങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രതയുണ്ടാകേണ്ടതുണ്ടെന്നും സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
‘അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളുടെ വർധനക്ക് ഒറ്റക്കാരണമില്ല. പെരുമാറ്റം, ജനിതക ഘടകങ്ങള്‍, പരിസ്ഥിതി ഘടകങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ടാകാം. കോവിഡ് പശ്ചാത്തലത്തില്‍ പ്രോ-ഇന്‍ഫ്ലമേറ്ററി അവസ്ഥ മൂലം അപ്രതീക്ഷിത ഹൃദയാഘാതങ്ങള്‍ കുറച്ച് കൂടുതലായിരുന്നു. എന്നാല്‍ ഇത് ദീര്‍ഘകാലത്തേക്ക് (ഒരു വർഷത്തിന് മുകളിൽ) ബാധകമാണെന്ന് കരുതാനാവില്ല. കോവിഡ് മഹാമാരി അവസാനിച്ച് മൂന്നു വര്‍ഷം കഴിഞ്ഞു’- റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയാഘാതങ്ങള്‍ പൊതു ആരോഗ്യ പ്രശ്നമായി ഉയരുന്നുവെന്നതും, പ്രത്യേകിച്ച് യുവജനങ്ങളില്‍ ഇത് ഗുരുതരമായി കാണപ്പെടുന്നതുമാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സാധാരണ ഹൃദ്രോഗ അപകടകാരണങ്ങള്‍ പോലുള്ള ഹൈപ്പര്ടെന്ഷന്, പ്രമേഹം, കോളസ്ട്രോള്‍ അനിയന്ത്രണം, പുകവലി തുടങ്ങിയവ മിക്ക കേസുകളിലും കണ്ടിരുന്നു. ജയദേവ ആശുപത്രിയില്‍ നടത്തിയ നിരീക്ഷണ പഠനം, നേരത്തെ കോവിഡ് ബാധയോ വാക്സിനേഷനോ ഉണ്ടായിരുന്നവരില്‍ ഹൃദ്രോഗം കൂടുതലാണെന്നുള്ള കാര്യം കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് സർക്കാറിന് കൈമാറി. ഹൃദയാഘാതങ്ങൾക്ക് വാക്സിനുകൾ കാരണമല്ലെന്ന് വിദഗ്ധ സമിതി സ്ഥിരീകരിച്ചതായി റിപ്പോർട്ട് ലഭിച്ച ശേഷം വിധാൻസൗധയിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. കോവിഡ് കഴിഞ്ഞുള്ള ആരോഗ്യപ്രശ്നങ്ങളും ജീവിതശൈലി മാറ്റങ്ങളും പ്രധാന കാരണങ്ങളാകാമെന്നു വിദഗ്ധരുടെ കണ്ടെത്തലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമിതിയുടെ റിപ്പോർട്ട് പ്രകാരം, കോവിഡ് കഴിഞ്ഞ് പ്രമേഹം വർധിച്ചതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, ഉയർന്ന രക്തസമ്മർദം, കോവിഡ് ബാധയുടെ ശേഷിച്ച ആരോഗ്യപ്രശ്നങ്ങൾ, വ്യായാമക്കുറവ്, ടെലിവിഷൻ, കമ്പ്യൂട്ടർ തുടങ്ങിയവക്ക് മുന്നിൽ ഏറെ നേരം ചെലവഴിക്കുന്ന ജീവിതശൈലി എന്നിവയും പ്രധാന ഘടകങ്ങളാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഹാസനിലടക്കം തുടർച്ചയായി ഹൃദയാഘാത കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, ഹൃദയാഘാതവും കോവിഡ് ശേഷമുള്ള പ്രശ്നങ്ങളും സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്കായി സർക്കാർ മുൻപ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ സമിതിയെ രൂപവത്കരിച്ചത്. ‘അപ്രതീക്ഷിത മരണങ്ങൾ വർധിക്കുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നതായും വിദഗ്ധ സമിതി ശിപാർശ ചെയ്ത നടപടികൾ സർക്കാർ നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ ഔദ്യോഗിക വിജ്ഞാപനം ഉടൻ ഇറക്കും. സമിതിയുടെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കി സർക്കാർ പ്രധാന നയരൂപവത്കരണം സംബന്ധിച്ച് ആലോചനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കർണാടകയിലെ സ്കൂളുകളിൽ വിദ്യാർഥികൾക്ക് ഹൃദയപരിശോധന നിർബന്ധമാക്കും
ബംഗളൂരു: കർണാടകയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്കൂൾ തലത്തിൽ നിർബന്ധിത ഹൃദയപരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പ്രഖ്യാപിച്ചു. ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ വാസ്കുലാർ സയൻസസ് ഡയറക്ടർ ഡോ. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചശേഷം വിധാൻ സൗധയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
കുട്ടികളിലെ ഹൃദയസംബന്ധമായ അവസ്ഥകൾ നേരത്തേ കണ്ടെത്തുന്നതിനും മരണങ്ങൾ തടയുന്നതിനുമാണ് ഹൃദയപരിശോധന നിർബന്ധമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.15 വയസ്സിന് താഴെയുള്ള വിദ്യാർഥികൾക്ക് ഹൃദയപരിശോധന നിർബന്ധമാക്കുന്നതുവഴി പ്രാരംഭഘട്ടത്തിൽ ഹൃദയസംബന്ധമായ അവസ്ഥകൾ തിരിച്ചറിയാനും സമയബന്ധിതമായി ചികിത്സ നൽകാനും കഴിയും. ഹൃദയാഘാതത്തെയും സാംക്രമികേതര രോഗങ്ങളെയും കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിന്, അടുത്ത അധ്യയന വർഷം മുതൽ സ്കൂൾ പാഠപുസ്തകങ്ങളിൽ അനുബന്ധ ഉള്ളടക്കം ഉൾപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതുവരെ, ധാർമിക വിദ്യാഭ്യാസ പാഠങ്ങളിലൂടെ അവബോധം വളർത്തും.ആശുപത്രികൾക്ക് പുറത്ത് സംഭവിക്കുന്ന പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കൃത്യമായ മരണകാരണം നിർണയിക്കാൻ അത്തരം സന്ദർഭങ്ങളിൽ പോസ്റ്റ്മോർട്ടം പരിശോധനകൾ നിർബന്ധമാക്കുമെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഹൃദയ സംബന്ധമായ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ നടപടിക്കായി റെയിൽവേ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററുകൾ (എ.ഇ.ഡി) സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജീവനക്കാർക്കും കരാർ തൊഴിലാളികൾക്കും നിർബന്ധിത വാർഷിക ആരോഗ്യ പരിശോധനകൾ നടപ്പാക്കാനും സംസ്ഥാനം പദ്ധതിയിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളിലെ ജീവനക്കാർക്കും സമാന ആവശ്യങ്ങൾ ബാധകമാക്കും. അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് വിദഗ്ധ സമിതി നൽകുന്ന എല്ലാ ശിപാർശകളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തുള്ള 86 ആശുപത്രികളിൽ നിലവിൽ പ്രവർത്തിക്കുന്ന പുനീത് രാജ്കുമാർ വിജയജ്യോതി പദ്ധതി താലൂക്ക് തല ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഗുരുതര രോഗങ്ങളുടെ സമയബന്ധിത രോഗനിർണയത്തിനും ചികിത്സക്കും പിന്തുണ നൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

