എത്യോപ്യയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു; 88 ശതമാനം മരണസാധ്യത, ഒമ്പത് പേർക്ക് രോഗബാധ
text_fieldsന്യൂഡൽഹി: എത്യോപ്യയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ക്ലസ്റ്ററിലെ ഒമ്പത് പേരുടെ സാമ്പിളുകൾ പരിശോധിച്ചതിലാണ് രോഗബാധ കണ്ടെത്തിയത്. ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ ഇതിന് മുമ്പ് കണ്ടെത്തിയ വൈറസ് തന്നെയാണ് എത്യോപ്യയിലും കണ്ടെത്തിയതെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
എത്യോപ്യയുടെ തെക്കൻ മേഖലയിൽ സുഡാനുമായി അതിർത്തി പങ്കിടുന്ന സ്ഥലത്താണ് രോഗബാധ കണ്ടെത്തിയതെന്ന് ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു. രോഗബാധ കണ്ടെത്തിയ ഉടൻ എത്യോപ്യേ സാമ്പിളുകൾ പരിശോധനക്ക് അയക്കുകയും മാർബർഗ് ആണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തുകയുമായിരുന്നു. റുവാണ്ടയിലും കഴിഞ്ഞ വർഷം മാർബർഗ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.
പഴംതീനി വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നതെന്ന് കഴിഞ്ഞ തവണ റുവാണ്ടയിൽ രോഗബാധയുണ്ടായപ്പോൾ കണ്ടെത്തിയിരുന്നു. രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും ശരീരദ്രവങ്ങളിലൂടെയുമാണ് രോഗം പകരുന്നത്. രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും വൈറസ് പകരാം.
88 ശതമാനം മരണസംഖ്യയുള്ള വൈറസിന് ഇപ്പോൾ വാക്സിനോ മറ്റ് ചികിത്സ പ്രോട്ടോകോളോ ഇല്ല. ടുത്ത പനി, തലവേദന, പേശീവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. അസുഖം രൂക്ഷമാകുന്നതോടെ വയറിളക്കം, ചർദി, രക്തസ്രാവം തുടങ്ങിയവയുണ്ടാകും. ജർമ്മനിയിലാണ് വൈറസ് ആദ്യമായി കണ്ടെത്തിയത്. രാജ്യത്തെ മർബർഗ്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

