നിങ്ങളറിയണം, കാത്ത് ലാബിൽ കരിഞ്ഞുതീരുന്ന ജീവനുകൾ; ഹൃദ്രോഗ വിദഗ്ധരുടെ ജീവിതം പറഞ്ഞ് ഡോ. രാജേഷ്
text_fieldsആൻജിയോപ്ലാസ്റ്റി സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പരാമർശവും അതിനുപിന്നാലെ ഉയർന്ന വിവാദത്തിനുമിടെ ചൂടുള്ള ചർച്ചകളിലാണ് കാത്ത് ലാബുകൾ. കോഴിക്കോട് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജേഷ് ഗോപാലൻ നായർ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തിയതോടെ, സ്വകാര്യ മേഖലയിലെ നിരവധി ഡോക്ടർമാർ അദ്ദേഹത്തിനെതിരെ രംഗത്തുവന്നു. എന്നാൽ കാത്ത് ലാബിൽ എക്സ്-റേ (X-ray) ഏറ്റുവാങ്ങി കരിഞ്ഞുതീരുന്ന ജീവനുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. കാത്ത് ലാബിൽ നിരന്തരം എക്സ്-റേ റേഡിയേഷൻ ഏൽക്കുന്നത് കാരണം ഡോക്ടർമാർ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഡോ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് അനാവരണം ചെയ്യുന്നത്. കേരളത്തിൽ പത്തിധികം ഹൃദ്രോഗ വിദഗ്ധർക്ക് കാൻസർ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്:
എക്സ്-റേയുടെ (X-ray) അപകടങ്ങളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു നെഞ്ചിന്റെ എക്സ്-റേ എടുക്കാൻ ഒരു സെക്കൻഡിന്റെ അല്പം മാത്രം മതി. എന്നാൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും ചെയ്യുമ്പോൾ കാർഡിയോളജിസ്റ്റ് ഫുട് സ്വിച്ച് ചവിട്ടിപ്പിടിച്ചുകൊണ്ട് തുടർച്ചയായി എക്സ്-റേ ഉപയോഗിക്കുന്നു. രോഗിക്ക് ജീവിതത്തിൽ ഒന്നോ രണ്ടോ മൂന്നോ ദിവസം മാത്രം ഒരായുസ്സിൽ അതിൽ കയറേണ്ടി വരുന്നു. ഞങ്ങൾക്കോ? എന്റെ യൂണിറ്റിൽ ഞാൻ ഉൾപ്പെടെ 2 കൺസൾട്ടന്റുകൾ, ബാക്കി റസിഡന്റുകൾ. ആകെ 3 യൂണിറ്റ്. 14 സ്ഥിര തസ്തികകളിൽ ആകെ 7 പേർ മാത്രമാണുള്ളത്. ഒരു ദിവസം ചെയ്യുന്നത് 20-30 കേസുകൾ. എത്ര റേഡിയേഷനാണ് ഞങ്ങൾക്ക് കിട്ടുന്നതെന്ന് ഒന്ന് ആലോചിക്കാമോ? ഒരു സ്വകാര്യ ആശുപത്രിയിൽ ഒന്നോ രണ്ടോ കാർഡിയോളജിസ്റ്റുകൾ മാത്രമാണെങ്കിൽ അവർക്ക് കിട്ടുന്ന റേഡിയേഷൻ ഡോസ് എത്രയായിരിക്കും?
എന്റെ അറിവിൽ ഇന്ന് കേരളത്തിൽ പത്തിധികം കാർഡിയോളജിസ്റ്റുകൾക്ക് കാൻസർ ബാധയുണ്ട്. ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണയും ഇത് വന്നിട്ടുണ്ട്. എന്റെ കൂടെ എന്റെ വകുപ്പിലുണ്ടായിരുന്ന ഒരു അസിസ്റ്റന്റ് പ്രൊഫസർ കാൻസർ മൂലം മരിച്ചിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ. കണ്ണിന്റെ തിമിരം, ത്വക്ക് രോഗങ്ങൾ, വിവിധ തരം കാൻസറുകൾ എന്നിവ കാർഡിയോളജിസ്റ്റുകളിൽ കാണുന്നു. ബ്രെയിൻ ട്യൂമർ, ബ്രെസ്റ്റ് കാൻസർ, സ്കിൻ കാൻസർ, ബ്ലഡ് കാൻസർ, തൈറോയ്ഡ് കാൻസർ എന്നിവ വരാനുള്ള സാധ്യത 8.6 ശതമാനം വരെയാണ്.
എനിക്ക് 40 വയസ്സിൽ തന്നെ തിമിര ശസ്ത്രക്രിയ വേണ്ടിവന്നു. അടുത്ത കാലത്ത് എന്റെ ജൂനിയർ ആയിരുന്ന ഒരു പയ്യനോട് "എന്താ മീറ്റിങ്ങുകൾക്ക് ഒന്നും കാണുന്നില്ലായിരുന്നല്ലോ" എന്നു ഞാൻ ചോദിച്ചപ്പോഴാണ് അറിയുന്നത്, അവന് ബ്രെയിൻ ട്യൂമർ ഓപ്പറേഷൻ കഴിഞ്ഞിട്ട് റെസ്റ്റിൽ ആയിരുന്നു എന്ന്. എന്റെ നെഞ്ചിന്റെ ഫോട്ടോയിലേക്ക് ഒന്ന് നോക്കിയേ, ഒരു സാധനം കണ്ടില്ലേ? അത് എക്സ്-റേയുടെ ഡോസ് നിർണ്ണയിക്കുന്ന ഡോസിമീറ്റർ (Dosimeter) ആണ്. ആ കാത്ത് ലാബിന്റെ പടത്തിലേക്ക് ഒന്ന് നോക്കിയേ, ഹൈ വോൾട്ടേജ് എക്സ്-റേ ഉണ്ടാക്കുന്ന എക്സ്-റേ ട്യൂബ് (ടേബിളിന്റെ അടിയിലുള്ള ഭാഗം) കേസ് ചെയ്യുന്ന എന്റെ കൂടെയുള്ള ഡോക്ടറിന്റെ എവിടെയാണ് ഇരിക്കുന്നത്? ഇടതുവശത്ത് ദേഹത്തോട് തൊട്ടുരുമ്മി! ഈ LAO cranial എന്ന പൊസിഷൻ ആണ് പലതിനും ഉപയോഗിക്കുന്നത്. ടേബിളിൽ നിന്നും ഡോക്ടറിന്റെ ദേഹത്തേക്ക് തെറിക്കുന്ന സ്കാറ്റേർഡ് (Scattered) റേഡിയേഷൻ രശ്മികളാണ് ഇത്.
എക്സ്-റേയുടെ അപകടങ്ങളെ Stochastic effects എന്നും Deterministic effects എന്നും തരംതിരിച്ചിട്ടുണ്ട്. ആദ്യത്തേത് നിനച്ചിരിക്കാതെ വരുന്നത്, അതിന് സുരക്ഷാ പരിധി എന്ന് ഒന്നില്ല. രണ്ടാമത്തേത് ഡോസ് അനുസരിച്ച് സംഭവിക്കുന്നത്; 15 വർഷത്തിൽ കൂടുതൽ സർവീസ് ഉള്ളവർക്ക് ഇതിനുള്ള സാധ്യത 8.6 ശതമാനം വരെയാണ്.
റേഡിയേഷൻ അടിക്കാതെ ഇരിക്കാനുള്ള ഈയം (Lead) കൊണ്ടുള്ള പടച്ചട്ടയും കഴുത്തുമൂടുന്ന കവറും തലമൂടുന്ന തൊപ്പിയും ഇട്ട് കുറെ നേരം (മണിക്കൂറുകൾ) ഒന്ന് നിൽക്കാമോ സഹോദരങ്ങളെ? വൈകുന്നേരമാകുമ്പോഴേക്കും നടുവിന് വേദന, ഒടുക്കത്തെ ക്ഷീണം. തുടർച്ചയായി എക്സ്-റേ കിട്ടുന്ന ദിവസം ചത്തതുപോലെ ഒരു കിടപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

