Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുമ്മുമ്പോൾ കണ്ണുകൾ അടയുന്നത് എന്തുകൊണ്ട്?

text_fields
bookmark_border
തുമ്മുമ്പോൾ കണ്ണുകൾ അടയുന്നത് എന്തുകൊണ്ട്?
cancel

തുമ്മുമ്പോൾ കണ്ണുകൾ അടഞ്ഞുപോകുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കണ്ണുകൾ തുറന്നുവെച്ച് തുമ്മിയാൽ കൃഷ്ണമണികൾ പുറത്തേക്ക് തെറിക്കുമെന്ന വിശ്വാസവും പലർക്കുമുണ്ട്. എന്നാൽ, ഇതിന് ശാസ്ത്രീയ അടിത്തറയില്ല. തുമ്മലിനിടെ കണ്ണുകൾ അടയുന്നതിന് പിന്നിൽ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ സ്വാഭാവിക പ്രവർത്തനമാണുള്ളത്.

തുമ്മൽ വരുന്നതിന് തൊട്ടുമുമ്പ് കണ്ണുകൾ അറിയാതെ അടഞ്ഞുപോകുന്നത് എല്ലാവർക്കും പരിചിതമായ അനുഭവമാണ്; ശരീരത്തിന്റെ സ്വാഭാവിക പ്രതിപ്രവർത്തനമാണത്. റിഫ്ലെക്സ് ആക്ഷൻ എന്നു പറയും. പൂമ്പൊടി, കുരുമുളക് പൊടി തുടങ്ങിയവ പ്രവേശിക്കുമ്പോഴോ വൈറസ് ബാധ മൂലം അസ്വസ്ഥതയുണ്ടാകുമ്പോഴോ അവയെ പുറത്താക്കാനുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവർത്തനമാണ് തുമ്മൽ. വൈദ്യശാസ്ത്രത്തിൽ ഇതിനെ 'സ്റ്റെർന്യുട്ടേഷൻ' (Sternutation) എന്നാണ് വിളിക്കുന്നത്.

മൂക്കിനുള്ളിലെ നേർത്ത ആവരണത്തിന് അസ്വസ്ഥത അനുഭവപ്പെടുമ്പോൾ ട്രൈജെമിനൽ നാഡി വഴി തലച്ചോറിലേക്ക് സന്ദേശമെത്തുന്നു. തലച്ചോറിന്റെ താഴ്ഭാഗത്തുള്ള ബ്രെയിൻസ്റ്റെമിലാണ് തുമ്മലിനെ നിയന്ത്രിക്കുന്ന നാഡീവ്യൂഹങ്ങളുള്ളത്. ഇവിടെനിന്നുള്ള നിർദേശപ്രകാരം ശ്വാസകോശം, നെഞ്ച്, വയറ്, തൊണ്ട എന്നിവിടങ്ങളിലെ പേശികൾ ഒരേസമയം പ്രവർത്തിക്കുന്നു. ശക്തിയായി ശ്വാസം പുറത്തേക്ക് പുറന്തള്ളുന്നതിനൊപ്പം കണ്ണുകൾക്ക് ചുറ്റുമുള്ള പേശികളും സജീവമാകുന്നു. ഇതോടെയാണ് കൺപോളകൾ താനേ അടയുന്നത്.

കണ്ണുകൾ തുറന്നുവെച്ച് തുമ്മിയാൽ കണ്ണുകൾ പുറത്തേക്ക് തെറിക്കുമെന്നത് വ്യാപകമായ തെറ്റിദ്ധാരണയാണ്. തുമ്മുമ്പോഴുണ്ടാകുന്ന സമ്മർദം കണ്ണുകളെ പുറത്തേക്ക് തള്ളുമെന്ന വാദത്തിന് ശാസ്ത്രീയ അടിസ്ഥാനമില്ല. കണ്ണുകളെ അവയുടെ സ്ഥാനത്ത് ഉറപ്പിച്ചുനിർത്തുന്നത് ആറ് പേശികളാണ്. കൂടാതെ, മൂക്കിൽനിന്ന് കണ്ണുകളുടെ പിന്നിലേക്ക് സമ്മർദം നേരിട്ട് എത്തുന്നതിനുള്ള തുറന്ന വഴിയുമില്ല.

തുമ്മുമ്പോൾ ഉണ്ടാകുന്ന സമ്മർദം പ്രധാനമായും ശ്വാസനാളങ്ങളിലാണ് അനുഭവപ്പെടുന്നത്. തുമ്മുമ്പോൾ കണ്ണുകൾ അടയുന്നതിന്റെ കൃത്യമായ ലക്ഷ്യത്തെക്കുറിച്ച് ശാസ്ത്രലോകത്ത് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. കണ്ണുകളെ സംരക്ഷിക്കുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവിക സംവിധാനമായിരിക്കാം ഇതെന്നാണ് ഒരു വിശദീകരണം. എന്നാൽ, ഇത് നിർബന്ധമായും ഒരു സംരക്ഷണ സംവിധാനമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. തുമ്മലിനിടെ നിരവധി പേശികൾ ഒരേസമയം പ്രവർത്തിക്കുന്നതിന്റെ ഭാഗമായി കണ്ണുകൾ അടയുന്നതാകാമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Why Do Your Eyes Close When You Sneeze? The Science Explained
Next Story