ചുമ മരുന്നിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധം; നേരിട്ടുള്ള വിൽപന നിരോധിച്ചു
text_fieldsന്യൂഡൽഹി: ചുമക്കുൾപ്പെടെയുള്ള സിറപ്പ് രൂപത്തിലുള്ള മരുന്നുകളുടെ നേരിട്ടുള്ള വിൽപന കേന്ദ്ര സർക്കാർ നിരോധിച്ചു. ഇത്തരം മരുന്നുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി.
ഇതിനായി ഡ്രഗ്സ് റൂൾസിലെ ഷെഡ്യൂൾ കെയിൽ നിന്ന് ‘സിറപ്പ്’ എന്ന വിഭാഗത്തെ ഒഴിവാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം മരുന്നുകളുടെ നിർമാണം, വിൽപന, വിതരണം എന്നിവയുമായി ബന്ധപ്പെട്ട ചില കർശന നിബന്ധനകളിൽ നിന്ന് ഇളവ് നൽകിയിരുന്ന മരുന്നുകളുടെ വിഭാഗമാണ് ഷെഡ്യൂൾ കെ.
കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്മേൽ പൊതുജനങ്ങളിൽ നിന്നും ബന്ധപ്പെട്ട മേഖലകളിൽ നിന്നും ലഭിച്ച നിർദേശങ്ങൾ പരിഗണിച്ച ശേഷമാണ് നിയമത്തിന് അന്തിമരൂപം നൽകിയത്. മരുന്നുകളുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങളിലെ രാജ്യത്തെ ഏറ്റവും ഉയർന്ന നിയമപരമായ സമിതിയായ ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി നടത്തിയ വിശദമായ കൂടിയാലോചനകൾക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയം ഭേദഗതി വിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷം രാജസ്ഥാനിലും മധ്യപ്രദേശിലും എഥിലിൻ ഗ്ലൈക്കോൾ കലർന്ന കഫ് സിറപ്പുകൾ ഉപയോഗിച്ചതിനെ തുടർന്ന് നാലു കുട്ടികൾ മരണപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

