ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇനി സിറപ്പുകൾ വാങ്ങാനാവില്ല; കേന്ദ്രത്തിന്റെ നിയന്ത്രണം
text_fieldsന്യൂഡൽഹി: രാജ്യത്ത് സിറപ്പുകൾ വാങ്ങുന്നതിന് കടുത്ത നിയന്ത്രണവുമായി കേന്ദ്രം. എല്ലാ തരത്തിലുള്ള സിറപ്പുകളും ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയില്ല. ചുമ സിറപ്പുകൾ ഉൾപ്പെടെയുള്ള സിറപ്പ് രൂപത്തിലുള്ള മരുന്നുകളുടെ ഓവർ ദി കൗണ്ടർ വിൽപനയാണ് കേന്ദ്ര സർക്കാർ അവസാനിപ്പിച്ചത്.
ഇതിനായി 1945ലെ ഡ്രഗ്സ് നിയമത്തിലെ ഷെഡ്യൂൾ കെ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഭേദഗതി വരുത്തി. ഷെഡ്യൂൾ കെയിൽ ‘ഡ്രഗ്സ് ക്ലാസ്’ എന്ന തലക്കെട്ടിന് കീഴിൽ ഏഴാം നമ്പർ ഇനത്തിലെ ‘സിറപ്പുകൾ’ എന്ന വാക്ക് ഒഴിവാക്കണമെന്ന് ഭേദഗതി പ്രത്യേകം പറയുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹർഷ് മംഗ്ലയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതുവരെ ചില സിറപ്പുകൾക്ക് ഉണ്ടായിരുന്ന ഇളവ് ഒഴിവാക്കിയതോടെ ഇനി സിറപ്പ് രൂപത്തിലുള്ള മരുന്നുകൾ വാങ്ങാൻ ഡോക്ടറുടെ കുറിപ്പ് നിർബന്ധമാകും.
മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷാംശമുള്ള ചുമ സിറപ്പുകളെച്ചൊല്ലിയ വിവാദങ്ങളും മരുന്നുകളുടെ ദുരുപയോഗം തടയേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് സർക്കാർ നടപടി. കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തിറക്കിയ കരട് നിർദ്ദേശത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ച ശേഷമാണ് 2026 ജൂൺ ഒമ്പതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കഴിഞ്ഞ വർഷങ്ങളിൽ ചില ഇന്ത്യൻ നിർമിത ചുമ സിറപ്പുകൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയതിനെ തുടർന്ന് നിയന്ത്രണം കടുപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പുതിയ ചട്ടം നിലവിൽ വന്നതോടെ ഫാർമസികൾക്ക് സിറപ്പുകൾ വിൽക്കുമ്പോൾ ഡോക്ടറുടെ കുറിപ്പടി പരിശോധിക്കേണ്ടിവരും. ചുമ, ജലദോഷം, ദഹനസംബന്ധമായ അസുഖങ്ങൾ എന്നിവക്കായി സാധാരണയായി ഉപയോഗിക്കുന്ന പല സിറപ്പുകളുടെയും വിൽപന ഇനി നിയന്ത്രണ വിധേയമാകും. മരുന്നുകൾ വാങ്ങുന്നവർ ഇനി മുതൽ ഒരു രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർ നൽകുന്ന കുറിപ്പടി ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

