അമിത ഫോണുപയോഗം മൂലം 30കാരിക്ക് കാഴ്ച നഷ്ടമായി; സ്മാർട് ഫോണുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക..
text_fieldsഅമിതമായി സ്മാർട്ട്ഫോൺ സ്ക്രീനിലേക്ക് നോക്കുന്നത് നമ്മുടെ കണ്ണിന് പ്രശ്നമുണ്ടാക്കുമെന്നതിനെ കുറിച്ച് ഏകദേശം എല്ലാവർക്കും ധാരണയുണ്ട്. എന്നാൽ, അത് നമ്മുടെ കാഴ്ച ശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞാൽ, വിശ്വസിക്കുമോ..?
വിശ്വസിക്കേണ്ടി വരും. കാരണം, അത്തരമൊരു അനുഭവകഥയാണ് ഹൈദരാബാദിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീർ കുമാർ ട്വീറ്റ് ചെയ്തത്. ദീർഘകാലം സ്മാർട്ട് ഫോൺ ഉപയോഗിച്ചതു മൂലം 30കാരിയുടെ കാഴ്ച പോയത് എങ്ങനെയെന്നാണ് ട്വീറ്റിൽ വിവരിക്കുന്നത്.
സ്മാർട്ഫോൺ വിഷൻ സിൻഡ്രോം
ജോലി ഒഴിവായി വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് 30 കാരിയായ മഞ്ജു മണിക്കൂറുകൾ ഫോണിൽ ചെലവഴിക്കാൻ തുടങ്ങിയത്. ഇതോടെ അവരുടെ കാഴ്ചക്ക് ഗുരുതര പ്രശ്നങ്ങളാണ് അനുഭവപ്പെട്ടത്. പലപ്പോഴും സെക്കന്റുകൾ നീണ്ടു നിൽക്കുന്ന അന്ധത അനുഭവിക്കാൻ തുടങ്ങിയതോടെ മഞ്ജു നേത്രരോഗ വിദഗ്ധനെ സമീപിച്ചു. പരിശോധിച്ചപ്പോൾ സ്‌മാർട് ഫോൺ വിഷൻ സിൻഡ്രോം ആണെന്ന് കണ്ടെത്തി.
ഇവർ പതിവായി മണിക്കൂറുകളോളം സ്മാർട്ട് ഫോണിൽ ചെലവഴിക്കാറുണ്ടായിരുന്നു. കൂടാതെ രാത്രി ലൈറ്റ് അണച്ചശേഷം ദിവസവും രണ്ടു മണിക്കൂറിലേറെ സ്മാർട് ഫോൺ ഉപയോഗിക്കുകയും ചെയ്തിരുന്നു. ഇതാണ് സ്മാർട് ഫോൺ വിഷൻ സിൻഡ്രോമിലേക്ക് നയിച്ചത്.
ഡിജിറ്റൽ സ്‌ക്രീനിലേക്ക് തുടർച്ചയായി കൂടുതൽ സമയം നോക്കുന്നവരെയാണ് സ്മാർട് ഫോൺ വിഷൻ ഡിസോർഡർ ബാധിക്കുന്നത്.
എന്താണ് സ്മാർട് ഫോൺ വിഷൻ സിൻഡ്രോം
ഇത് കൂടുതൽ സമയം കമ്പ്യൂട്ടറുകൾ, സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ എന്നിവ ഉപയോഗികുന്നതു മൂലം കണ്ണിന്റെ കാഴ്ച ശക്തിയെ ബാധിക്കുന്ന പ്രശ്നമാണ്. കമ്പ്യൂട്ടർ വിഷൻ സിൻഡ്രോം അഥവാ ഡിജിറ്റൽ വിഷൻ സിൻഡ്രോം എന്നും അറിയപ്പെടുന്നു. ഈ രോഗത്തിനുള്ള പ്രധാനമരുന്ന് സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കുക എന്നതാണ്.
ഡിജിറ്റൽ ഐ സട്രെയ്ൻ ലക്ഷണങ്ങൾ
- കണ്ണുകൾക്ക് ക്ഷീണം
- കണ്ണുകളിൽ വിട്ടുമാറാത്ത അസ്വസ്ഥത
- വരണ്ട കണ്ണുകൾ
- കണ്ണുകളിൽ എരിച്ചിൽ
- മങ്ങിയ കാഴ്ച
- എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്
- പ്രകാശം തട്ടുമ്പോൾ അസ്വസ്ഥത
- തലവേദന
- കഴുത്തു വേദന
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ഓരോ 20 മിനിറ്റിനു ശേഷവും 20 സെക്കൻഡ് ഇടവേള എടുക്കണം. ഫോണിലെ ഡിസ്പ്ലേ ഫീച്ചറുകളും ഉപയോഗപ്പെടുത്താം.
ബെഡ്‌ടൈം മോഡിലിട്ടാൽ ഫോണുകൾ നിശബ്ദമാകാറുണ്ട്. സ്‌ക്രീനും വാൾപേപ്പറും കുറച്ചു മാത്രമേ പ്രകാശിക്കൂ.
സ്‌ക്രീൻ ബ്ലാക് ആൻഡ് വൈറ്റായി മാറും. സ്‌ക്രീനിൽ നിന്നുവരുന്ന അപകടകാരിയായ നീല വെളിച്ചം അടക്കമുള്ളവ ഇല്ലാതാക്കാം. നീല വെളിച്ചം ഉറക്കം കെടുത്തുമെന്ന് പല പഠനങ്ങളും തെളിയിച്ചുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

