വേനലിൽ രോഗങ്ങൾ വർധിച്ചു; നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ
text_fieldsകുമ്പള സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ തിരക്ക്
കാസർകോട്: ചൂട് കൂടിയതോടെ രോഗങ്ങളും കൂടി. വിവിധ അസുഖങ്ങൾക്കായി ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ജില്ലയിലെ മിക്ക ആശുപത്രികളിലെയും ഒ.പികൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയിലാണ്.
കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും താലൂക്ക് ആശുപത്രികളിലുമെല്ലാം തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. പ്രധാനമായും ചുമയും കഫക്കെട്ടുമായാണ് മിക്കവരും ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ മാസം വരെ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും മുണ്ടിനീരുമായിരുന്നു ജനങ്ങളെ വലച്ചത്.
ചൂടു കൂടിയപ്പോൾത്തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വേനൽ കനത്താൽ എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ചൂടുകാലത്ത് വ്യാപകമാവുന്ന നേത്രരോഗങ്ങളും മഞ്ഞപ്പിത്തവുമെല്ലാം സ്ഥിതി വഷളാക്കുമോ എന്ന ഭയപ്പാടിലാണ് ആളുകൾ. ആശുപത്രികളിൽ തിരക്ക് കൂടുന്നതിനനുസരിച്ച് സൗകര്യങ്ങൾ ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പല ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാത്തത് രോഗികൾക്ക് ദുരിതമാകുന്നുണ്ട്. ഡോക്ടർമാരുടെ ഒഴിവും ജീവനക്കാരുടെ കുറവും ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
ആശുപത്രികളിൽ പലതിന്റെയും നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്ന കാരണത്താൽ അത് അനിശ്ചിതത്വത്തിലുമാണ്. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രവർത്തകർ ബോധവത്കരണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

