പല്ലുകളുടെ പരിപാലനവും ശരിയായ ദഹനവും
text_fieldsഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നത് മുതൽ സംസാരത്തെ സഹായിക്കുന്നത് വരെ, നമ്മുടെ ദൈനംദിന ജീവിതത്തിൽ പല്ലുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. സ്വയം സുഖപ്പെടുത്താനുള്ള കഴിവ് ഇല്ലാത്ത ഒരേയൊരു ശരീരഭാഗം പല്ലുകൾ മാത്രമാണെന്ന് നിങ്ങൾക്കറിയാമോ? ഇത് കൊണ്ട് തന്നെ, നമ്മുടെ വായയുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
പല്ലുകൾ ആരോഗ്യത്തോടെ സൂക്ഷിക്കാൻ ബ്രഷിങ് മാത്രം മതിയാകില്ല. നിങ്ങളുടെ ചർമസംരക്ഷണ ദിനചര്യ പോലെ, ശക്തവും ആരോഗ്യകരവുമായ പല്ലുകൾ ഉറപ്പാക്കാൻ കൃത്യമായ ദന്ത സംരക്ഷണ ദിനചര്യ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യ ശരീരത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ, വിവിധ ഘടകങ്ങൾ പല്ലുകളെ വളരെയധികം സ്വാധീനിക്കും.
ദഹനപ്രക്രിയയെക്കുറിച്ചും പല്ലിന്റെ പ്രസക്തിയെക്കുറിച്ചും പഠിക്കുമ്പോഴെല്ലാം ഭക്ഷണം ചവച്ചരച്ച് കഴിക്കണമെന്ന് നിർദേശിക്കാറുണ്ടെങ്കിലും പലപ്പോഴും തൊണ്ടതൊടാതെ ആഹാരം വിഴുങ്ങുന്നവരാണ് പലരും. എന്നാൽ, പ്രായമേറുമ്പോൾ ഇങ്ങനെ കഴിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. അതോടൊപ്പം വേണ്ടപോലെ ചവയ്ക്കാൻ സാധിക്കാത്ത അവസ്ഥ നേരിടുന്നവരുമുണ്ട്.
ചിലത് ശ്രദ്ധിക്കാം
- പല്ലുകൾ നഷ്ടപ്പെട്ട ഭാഗത്ത് അനുയോജ്യമായ കൃത്രിമദന്തങ്ങൾ യഥാസമയത്ത് വെക്കുക. ദിവസവും രണ്ടുനേരം ദന്തപരിപാലനം യഥാവിധി ചെയ്യുക. പല്ലിന് അധികം ഉരവ്/തേയ്മാനം ഉണ്ടാക്കാത്തതരം മൃദുലമായ ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റുമാണ് അഭികാമ്യം.
- മോണയിൽ പഴുപ്പ്, രക്തസ്രാവം, പല്ലുകൾക്കിടയിൽ അകലം, വേരിന്റെ ഭാഗം കൂടുതൽ തെളിഞ്ഞുകാണുക തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോഴേ ചികിത്സ തേടുക. ഉറക്കത്തിലോ പകൽസമയത്തോ പല്ലിറുമ്മുന്ന ശീലമുള്ളവർ അതുപരിഹരിക്കാനായി പ്രത്യേകതരം ഉപകരണങ്ങൾ ധരിക്കുക.
- ഒരുവശം മാത്രം ഉപയോഗിച്ച് ചവയ്ക്കുന്ന പ്രവണത ഒഴിവാക്കുക
- പല്ലുകളുടെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് പ്രഥമ പരിഗണന നൽകണം. ദന്തക്ഷയം ബാധിച്ച പല്ലുകൾക്ക് അവയുടെ ശ്രേണിയനുസരിച്ച് ചികിത്സ നൽകണം. ആഴംകുറഞ്ഞ പോടുകൾ പല്ലിന്റെ നിറത്തിലുള്ള പദാർഥങ്ങൾകൊണ്ട് അടയ്ക്കാം. ആഴമേറിയ കേട് ബാധിച്ച പല്ലുകൾക്ക് അവയുടെ ദന്തമജ്ജ നീക്കംചെയ്ത് വേരിന്റെ അറ്റംവരെ അടച്ചെടുക്കുന്ന റൂട്ടുകനാൽ ചികിത്സ വേണ്ടിവരും.
- മോണരോഗം ബാധിച്ച് ഇളകുന്ന പല്ലുകളെ അവയുടെ ആരംഭമോ മധ്യമോ ആയ ഘട്ടത്തിലാണെങ്കിൽ മോണ മരവിപ്പിച്ച് മോണയിലെ അണുബാധ നീക്കംചെയ്ത് അസ്ഥി പുനർനിർമിക്കാൻ സഹായിക്കുന്ന ഫ്ലാപ്പ് സർജറിചെയ്ത് നിലനിർത്താൻ കഴിയും.
ഉമിനീർഗ്രന്ഥികളുടെ പ്രവർത്തനം
മരുന്നുകളുടെ പാർശ്വഫലമായിട്ടും അർബുദചികിത്സയ്ക്കായി റേഡിയേഷൻ എടുക്കുന്നവരിലുമൊക്കെ ഉമിനീരിന്റെ തോത് നന്നേ കുറഞ്ഞിരിക്കും. ഇത് വായിൽ വരൾച്ചയുണ്ടാവാനും അതുവഴി ദന്തക്ഷയവും വായിലെ പുകച്ചിലും വർധിക്കാനും കാരണമാവുന്നു. ഉമിനീർ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന തരം മരുന്നുകൾ ലഭ്യമായുണ്ട്. വരൾച്ച മാറ്റാൻ ഉതകുന്ന വായ ശുചീകരണലായനികളും ലഭ്യമാണ്.
താടിയെല്ലിലെ സന്ധിയുടെ പ്രശ്നങ്ങൾ
ചില വ്യായാമങ്ങൾ ഇവിടത്തെ നീർവീക്കം കുറയ്ക്കാൻ സഹായിക്കും. നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക, ഇളംചൂടുവെള്ളത്തിൽ തുണി നനച്ച് സന്ധികളിൽ ഇടയ്ക്ക് പുറമേ വെക്കുക, ചില പ്രത്യേക ഉപകരണങ്ങൾ വായിൽ ധരിക്കുക തുടങ്ങിയവ ഇവിടത്തെ അപാകം പരിഹരിക്കാൻ സഹായിക്കും.
നാവിനെപ്പോലെയുള്ള മൃദുകലകളെ ബാധിക്കുന്ന പ്രശ്നങ്ങൾ
പോഷകക്കുറവുകാരണം നാവിൽ പലതരം വ്യതിയാനങ്ങൾ കാണപ്പെടാറുണ്ട്. ജീവകം സി, ബി കോംപ്ലക്സ് ഗണത്തിൽപ്പെട്ട വിറ്റാമിനുകളുടെ അഭാവമെല്ലാം നാവിൽ പ്രകടമാവും. പലപ്പോഴും നാവിലെ ശ്ലേഷ്മസ്തരത്തിന് പൊട്ടലുണ്ടാവാനും നാവിലെ തൊലി ഇളകിപ്പോകാനുമൊക്കെ ഇതുകാരണമാവും. അതുകൊണ്ടുതന്നെ ശരിയായ പോഷകഗുണമുള്ള ഭക്ഷണം ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. അതിനും ചവയ്ക്കുന്നതിൽ നേരിടുന്ന പ്രശ്നം പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

