Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടാമതും ഡെങ്കിപ്പനി!, എന്തുകൊണ്ട് കൂടുതൽ ഗുരുതരമാകുന്നു?

text_fields
bookmark_border
രണ്ടാമതും ഡെങ്കിപ്പനി!, എന്തുകൊണ്ട് കൂടുതൽ ഗുരുതരമാകുന്നു?
cancel

ചില രോഗങ്ങൾ സാധാരണയായി ഒരു തവണ മാത്രമാണ് മനുഷ്യനെ പിടികൂടുക. എന്നാൽ അപൂർവ്വമായി രണ്ടാമതും വന്നാൽ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. അത്തരത്തിലൊരു അസുഖമാണ് ഡെങ്കിപ്പനി.രണ്ടാം തവണ ഡെങ്കി പിടിപെടുമ്പോൾ അത് അപകടകരമായേക്കാം. കൊതുക് വഴി പകരുന്ന ഈ വൈറൽ അണുബാധ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കും. ഡെങ്കിപ്പനി തലവേദന, ശരീരവേദന എന്നിവയ്ക്ക് കാരണമാകും.

മുൻപുണ്ടായ അണുബാധ എല്ലാത്തരം വൈറസുകൾക്കുമെതിരെ സംരക്ഷണം നൽകണമെന്നില്ലെന്നും ഡെങ്കിപ്പനിയിൽ നിന്ന് മുക്തി നേടിയ ശേഷവും മുൻകരുതലുകൾ തുടരണമെന്നും ഡോക്ടർമാർ പറയുന്നു. അതിനാൽ കൊതുകുകടി തടയുന്നതും മുന്നറിയിപ്പ് ലക്ഷണങ്ങൾ തിരിച്ചറിയുന്നതും അത്യന്താപേക്ഷിതമാണ്.

“രണ്ടാമതൊരു അണുബാധ കൂടുതൽ ഗുരുതരവും ചില സന്ദർഭങ്ങളിൽ ജീവന് തന്നെ ഭീഷണിയുമായേക്കാം,” മുംബൈയിലെ നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇൻഫെക്ഷ്യസ് ഡിസീസ് ആൻഡ് ഇന്റേണൽ മെഡിസിൻ ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. ഹർഷദ് ലിമായെ പറയുന്നു.

എന്തുകൊണ്ടാണ് വീണ്ടും വരുന്നത്?

ഒരിക്കൽ ഡെങ്കിപ്പനി വരുന്നത് രോഗത്തിനെതിരെ പൂർണ്ണമായ പ്രതിരോധശേഷി നൽകുന്നില്ല. ഡെങ്കി വൈറസിന് DENV-1, DENV-2, DENV-3, DENV-4 എന്നിങ്ങനെ നാല് വ്യത്യസ്ത സിറോടൈപ്പുകൾ ഉണ്ടെന്ന് ഡോ. ലിമായെ വെളിപ്പെടുത്തി.“ഒരു തരത്തിലുള്ള അണുബാധ ആ പ്രത്യേക സിറോടൈപ്പിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കുന്നുവെങ്കിലും, അത് മറ്റ് മൂന്ന് സിറോടൈപ്പുകൾക്കെതിരെ ദീർഘകാല സംരക്ഷണം നൽകുന്നില്ല,” അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ ഈ നാല് തരങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഒരു അണുബാധയിൽ നിന്ന് മുക്തി നേടിയ ആളുകൾക്ക് മറ്റൊരു സിറോടൈപ്പ് മൂലമുണ്ടാകുന്ന അണുബാധ വീണ്ടും പിടിപെടാനുള്ള സാധ്യത നിലനിൽക്കുന്നു.

കൂടുതൽ ഗുരുതരമാകുന്നത് എന്തുകൊണ്ട്?

രണ്ടാം തവണ ഡെങ്കിപ്പനി വരുന്നത് കൂടുതൽ അപകടകരമാകാനുള്ള പ്രധാന കാരണം, ആദ്യത്തെ അണുബാധയിൽ നിന്ന് ഉണ്ടായ ആന്റിബോഡികൾ മറ്റൊരു തരം ഡെങ്കി വൈറസിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. “മറ്റൊരു ഇനത്തിലുള്ള വൈറസ് മൂലമുണ്ടാകുന്ന രണ്ടാമത്തെ അണുബാധയുടെ സമയത്ത്, ആദ്യത്തെ ഇനത്തിനെതിരെ വികസിച്ച ആന്റിബോഡികൾക്ക് പുതിയ വൈറസിനെ നശിപ്പിക്കാൻ കഴിയില്ല. പകരം, വൈറസിന് പ്രതിരോധ കോശങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ പ്രവേശിക്കാൻ അവ സഹായിക്കുകയും ശരീരത്തിലെ വൈറസിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ‘ആന്റിബോഡി-ഡിപൻഡന്റ് എൻഹാൻസ്‌മെന്റ്’ (Antibody-dependent enhancement - ADE) എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേക പ്രക്രിയയാണ്.”

ഇതിനർത്ഥം, മുൻകാല അണുബാധയിൽ നിന്ന് നിങ്ങൾ വികസിപ്പിച്ചെടുത്ത പ്രതിരോധ സംവിധാനം തന്നെ കൂടുതൽ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിച്ചേക്കാം എന്നാണ്. എന്നാൽ രണ്ടാമത്തെ അണുബാധ ഉണ്ടാകുന്ന ഒരാൾക്ക് നിർബന്ധമായും ഗുരുതരമാകും എന്ന് ഇതിനർത്ഥമില്ല.

ശരീരത്തെ എങ്ങനെ ബാധിക്കും?

ഗുരുതരമായ ഡെങ്കിപ്പനി രക്തക്കുഴലുകളിൽ നിന്ന് രക്തത്തിന്റെ ദ്രാവക ഘടകമായ പ്ലാസ്മ ചോരാൻ ഇടയാക്കും. തുടർന്ന് ഈ ദ്രാവകം ശ്വാസകോശത്തിന് ചുറ്റുമോ വയറ്റിലോ അടിഞ്ഞുകൂടാം. “പ്രതിരോധ സംവിധാനത്തിന്റെ ഈ പ്രതികരണം രക്തക്കുഴലുകളിൽ ചോർച്ചയുണ്ടാക്കുകയും ശ്വാസകോശത്തിലും വയറ്റിലും ദ്രാവകം അടിഞ്ഞുകൂടുന്നതിലേക്കും നയിക്കുന്നു. ഇത് ‘ഡെങ്കി ഷോക്ക് സിൻഡ്രോം’ (Dengue Shock Syndrome) എന്ന അവസ്ഥയിലേക്ക് നയിച്ചേക്കാം. പ്ലാസ്മ ചോർച്ച മൂലം രക്തചംക്രമണം പരാജയപ്പെടുകയും പ്രധാന അവയവങ്ങളിലേക്കുള്ള രക്തയോട്ടവും ഓക്സിജൻ വിതരണവും തടസ്സപ്പെടുകയും ചെയ്യുന്ന അതീവ ഗുരുതരമായ ഒരവസ്ഥയാണിത്,” ഡോ. ലിമായെ വിശദീകരിക്കുന്നു.

പനി കുറയുന്നത് രോഗമുക്തിയോ?

പനി കുറയുന്നത് പലരും രോഗമുക്തിയായി കരുതുന്നുവെങ്കിലും, താപനില കുറയുന്നത് അപകടം ഒഴിഞ്ഞുപോയി എന്ന് അർത്ഥമാക്കുന്നില്ല. പനി കുറഞ്ഞ ശേഷവും ജാഗ്രത പാലിക്കണം. തുടർച്ചയായ ഛർദ്ദി, വയറുവേദന, ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, മോണയിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള രക്തസ്രാവം, അമിതമായ ക്ഷീണം അല്ലെങ്കിൽ അസ്വസ്ഥത, മൂത്രത്തിന്റെ അളവ് കുറയൽ അല്ലെങ്കിൽ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ എന്നിവ ശ്രദ്ധിക്കുക. പനി ശമിക്കുമ്പോൾ നിരന്തരമായ നിരീക്ഷണം അത്യാവശ്യമാണ്. ഡെങ്കിപ്പനി പ്രവചനാതീതമാണെന്നും ലക്ഷണങ്ങൾ പെട്ടെന്ന് വഷളായേക്കാമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

മറ്റൊരു അണുബാധയുടെ സാധ്യത എങ്ങനെ കുറയ്ക്കാം?

ഡെങ്കി പരത്തുന്ന കൊതുകുകൾ വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യണം. നിർമ്മാണ സ്ഥലങ്ങളിലും ശ്രദ്ധ ആവശ്യമാണ്, കാരണം അവിടെയുള്ള പാത്രങ്ങളിലും അസമമായ നിലത്തും ശ്രദ്ധയിൽപ്പെടാതെ വെള്ളം ശേഖരിക്കപ്പെടാം. ശരിയായ ഡ്രെയിനേജ് സംവിധാനവും പതിവായുള്ള പരിശോധനകളും കൊതുകു പെരുപ്പം തടയും. ഡെങ്കിപ്പനിയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ കാണുകയും വേണം.

ലക്ഷണങ്ങൾ:

കഠിനമായ പനി, ശക്തമായ തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കഠിനമായ സന്ധിവേദനയും പേശി വേദനയും, ശരീരത്തിൽ ചുവന്ന പാടുകളോ തടിപ്പുകളോ ഉണ്ടാകുക, ഓക്കാനവും ഛർദ്ദിയും, അമിതമായ ക്ഷീണം.

ഗുരുതരമായ ലക്ഷണങ്ങൾ:

പനി കുറഞ്ഞുതുടങ്ങുമ്പോഴാണ് പലപ്പോഴും ഡെങ്കിപ്പനി കൂടുതൽ ഗുരുതരമാകുന്നത്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്:

തുടർച്ചയായ ഛർദ്ദി, ശക്തമായ വയറുവേദന, മോണകളിൽ നിന്നോ മൂക്കിൽ നിന്നോ ഉള്ള രക്തസ്രാവം, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ ദ്രുതഗതിയിലുള്ള ശ്വാസോച്ഛ്വാസം, മൂത്രത്തിന്റെ അളവ് വളരെ കുറയുകയോ നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dengue second time- why it can be more severe
Next Story