Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിത്യജീവിതത്തിലെ ഈ ശീലങ്ങൾ നിങ്ങളുടെ കാഴ്ചയെ ബാധിക്കാം..മുന്നറിയിപ്പുമായി വിദഗ്ധർ

text_fields
bookmark_border
നിത്യജീവിതത്തിലെ ഈ ശീലങ്ങൾ നിങ്ങളുടെ കാഴ്ചയെ ബാധിക്കാം..മുന്നറിയിപ്പുമായി വിദഗ്ധർ
cancel

നിത്യജീവിതത്തിലെ ചില ശീലങ്ങൾ കണ്ണിന്റെ ആരോഗ്യത്ത ഗുരുതരമായി ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ. കാഴ്ച മങ്ങുകയോ കണ്ണുവേദന അനുഭവപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് പലരും പരിശോധനക്ക് തയാറാകുന്നത്. എന്നാൽ ചില നേത്രരോഗങ്ങൾക്ക് വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരിക്കണമെന്നില്ല. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ നിത്യജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കണമെന്ന് നേത്രരോഗ വിദഗ്ധർ പറയുന്നു.

മൊബൈൽ, ലാപ്ടോപ്, ടെലിവിഷൻ എന്നിവ ദീർഘനേരം തുടർച്ചയായി നോക്കുന്നത് കണ്ണുകൾക്ക് ക്ഷീണവും വരൾച്ചയും ഉണ്ടാക്കാം. സ്ക്രീനിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കണ്ണുചിമ്മുന്നതിന്റെ എണ്ണം കുറയുന്നതാണ് ഇതിന് ഒരു കാരണം. ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നോക്കുന്ന 20-20-20 രീതി പിന്തുടരുന്നത് കണ്ണുകൾക്ക് ആശ്വാസം നൽകും. അതുപോലെ, ജോലിക്കുശേഷം കണ്ണുകൾക്ക് ക്ഷീണം അനുഭവപ്പെടുന്നത് സാധാരണമാണെങ്കിലും തുടർച്ചയായ തലവേദന, കണ്ണിനു ചുറ്റുമുള്ള അസ്വസ്ഥത, അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അവഗണിക്കരുത്. പതിയെ കാഴ്ച നഷ്ടപ്പെടാൻ ഇത് കാരണമായേക്കും.

വായിക്കാനും ദൂരെയുള്ള വസ്തുക്കൾ കാണാനും കഴിയുന്നതുകൊണ്ട് കണ്ണുകൾ പൂർണ ആരോഗ്യത്തിലാണെന്ന് ഉറപ്പിക്കാനാവില്ല. കണ്ണുകളുടെ ഏകോപനത്തിലോ അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലോ പ്രശ്നങ്ങളുണ്ടാകാം. സമഗ്രമായ നേത്രപരിശോധനയിലൂടെ ഇത്തരം ബുദ്ധിമുട്ടുകൾ നേരത്തെ കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. കാഴ്ചയിൽ മങ്ങലുണ്ടായിട്ടും പഴയ കണ്ണട ഉപയോഗിക്കുന്നതും കാഴ്ച വീണ്ടും കുറായാനും കണ്ണിന് ക്ഷീണം, തലവേദന തുടങ്ങിയവ ഉണ്ടാകാനും ഇടയാക്കും.

ചൊറിച്ചിലോ ക്ഷീണമോ അനുഭവപ്പെടുമ്പോൾ കണ്ണുകൾ ശക്തിയായി തിരുമ്മുന്നതും ഒഴിവാക്കണം. ഇത് കണ്ണിന്റെ ഉപരിതലത്തിന് അസ്വസ്ഥതയുണ്ടാക്കും. ഇടക്കിടെ ഇങ്ങനെ ചെയ്യുന്നത് കോർണിയയുടെ ആകൃതിയിൽ മാറ്റമുണ്ടാകുന്ന കെരറ്റോകോണസ് പോലുള്ള അവസ്ഥകളുള്ളവരിൽ പ്രശ്നം വഷളാക്കാനും സാധ്യതയുണ്ട്. കണ്ണിലെ ചുവപ്പ്, വരൾച്ച, അസ്വസ്ഥത എന്നിവ മാറാൻ ഡോക്ടറുടെ നിർദേശമില്ലാതെ ഐ ഡ്രോപ്സ് ഉപയോഗിക്കുന്നതും അപകടകരമാണ്. സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്നുകൾ തെറ്റായി ഉപയോഗിച്ചാൽ കണ്ണിലെ മർദം വർധിക്കുക, തിമിരം രൂപപ്പെടുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

കാഴ്ച മങ്ങുകയോ കണ്ണിന് അസ്വസ്ഥതയുണ്ടാകുകയോ ചെയ്യുമ്പോൾ മാത്രമാണ് പലരും നേത്രരോഗ വിദഗ്ധനെ സമീപിക്കുന്നത്. എന്നാൽ ഗ്ലോക്കോമ പോലുള്ള ചില രോഗങ്ങൾ തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല. കാഴ്ചയെ കാര്യമായി ബാധിക്കുന്നതിനുമുമ്പ് ഇത്തരം പ്രശ്നങ്ങൾ കണ്ടെത്താൻ പതിവായ പരിശോധനകൾ സഹായിക്കും. സ്ക്രീൻ ഉപയോഗിക്കുമ്പോൾ ഇടവേളകൾ എടുക്കുക, ആവശ്യത്തിന് ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, പുറത്തുപോകുമ്പോൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് സംരക്ഷിക്കുന്ന സൺഗ്ലാസ് ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങളും കണ്ണുകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daily Habits That Could Harm Your Eyesight
Next Story