Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightകോവിഡ്​ വാക്​സിൻ;...

കോവിഡ്​ വാക്​സിൻ; അറിയേണ്ടതെല്ലാം...

text_fields
bookmark_border
കോവിഡ്​ വാക്​സിൻ; അറിയേണ്ടതെല്ലാം...
cancel

കോവിഡ്​ വാക്​സിന്‍റെ വിതരണം രാജ്യത്ത്​ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്​. ഓക്​സ്ഫഡ്​ യൂനിവേഴ്​സിറ്റി ആസ്​ട്ര സെനേക്കയുമായി ചേർന്ന്​ വികസിപ്പിച്ച കോവിഷീൽഡ്​ വാക്​സിനാണ്​ രാജ്യത്ത്​ വിതരണം ചെയ്യുന്നത്​. ഈയൊരു സാഹചര്യത്തിൽ കോവിഷീൽഡ്​ വാക്​സിനെ കുറിച്ച്​ സംശയങ്ങൾ ഉയരുക സ്വാഭാവികമാണ്​. സംശയങ്ങൾക്കുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്​ ഒരുപറ്റം ഡോക്​ടർമാർ.

എന്താണ് കോവിഷീൽഡ് വാക്സിൻ ?

ഓക്സ്​ഫഡ് യൂനിവേഴ്സ്റ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും, ആസ്ട്ര സെനേക്ക കമ്പനിയുമായുള്ള സഹകരണത്തോടെ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്സിൻ ആണ് കോവിഷീൽഡ്.

ചിമ്പാൻസിയിൽ അസുഖമുണ്ടാക്കുന്ന ഒരിനം അഡിനോ വൈറസിനെ മനുഷ്യർക്ക് ദോഷകരമല്ലാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തിയാണ് ഈ വാക്സിനിൽ വെക്ടർ ആയി ഉപയോഗിക്കുന്നത്. സാർസ് CoV2 - 19 എന്ന കൊറോണ വൈറസിന്‍റെ ആവരണത്തിലെ മുള്ളുകൾ പോലെയുള്ള സ്പൈക് പ്രോട്ടീൻ നിർമ്മിക്കുന്നതിനാവശ്യമായ ജനിതക ശ്രേണി മേൽപറഞ്ഞ വെക്ടർ വൈറസിൽ സംയോജിപ്പിച്ചിരിക്കുന്നു. ഇതുവഴി ഈ വാക്സിൻ സ്വീകരിക്കുന്ന ആളിൽ സ്പൈക് പ്രോട്ടീൻ ഉൽപ്പാദിപ്പിക്കപ്പെടുകയും തുടർന്ന് അതിനെതിരായ ആന്‍റിബോഡികൾ ഉൽപ്പാദിപ്പിക്കപ്പെടുകയും രോഗപ്രതിരോധം ആർജിക്കുകയും ചെയ്യുന്നു.

കോവിഡ് വൈറസിന്‍റെ സ്പൈക് പ്രോട്ടീൻ മാത്രമാണ് നമ്മുടെ ശരീരത്തിൽ ഉണ്ടാവുക എന്നതിനാൽ വാക്സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് രോഗബാധ ഒരു രീതിയിലും ഉണ്ടാവില്ല. വെക്ടർ ആയി ഉപയോഗിക്കുന്ന ചിമ്പാൻസി അഡിനോ വൈറസിന് നമ്മുടെ ശരീരത്തിൽ പെരുകി വർധിക്കാൻ സാധിക്കാത്ത തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് എന്നതിനാൽ ഇതുമൂലമുള്ള അസുഖങ്ങളും ഉണ്ടാവില്ല.

ആർക്കൊക്കെ കോവിഷീൽഡ് നൽകാം ?

  • പതിനെട്ട് വയസ്സിന് മേലെയുള്ളവരിലെ ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോൾ ഈ വാക്സിന് ലഭ്യമായിട്ടുള്ളത്.
  • പതിനെട്ടു വയസ്സിന് താഴെയുള്ളവരിലും ഗർഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും വാക്സിന്‍റെ സുരക്ഷിതത്വവും കാര്യക്ഷമതയും സംബന്ധിച്ച പഠനഫലങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല.


വാക്​സിനേഷന്​ മുന്നോടിയായി ആരോഗ്യപ്രവർത്തകരോട്​ ഇക്കാര്യങ്ങൾ വെളിപ്പെടുത്തണം

  • നിലവിലെ നമ്മൾ ഏതെങ്കിലും അസുഖ ബാധിതരാണെങ്കിൽ അതിന്റെ വിശദാംശങ്ങൾ
  • മരുന്ന്, ഭക്ഷണപദാർത്ഥങ്ങൾ, കോവിഷീൽഡ് ഉൾപ്പടെയുള്ള വാക്സിനുകൾ എന്നിവയോടുള്ള ഗുരുതരമായ അലർജി.
  • നിലവിൽ പനിയുണ്ടോ എന്നത്.
  • ഏതെങ്കിലും ബ്ലീഡിംഗ് ഡിസോർഡർ നമുക്കുണ്ടോ എന്നതും രക്തം കട്ട പിടിക്കാതിരിക്കാനുള്ള ഏതെങ്കിലും മരുന്നുകൾ കഴിക്കുന്നുണ്ടോ എന്നതും
  • രോഗപ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള അസുഖങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ അതിന് വഴിതെളിക്കുന്ന മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിലോ ആ വിവരങ്ങൾ (immunocompromised)
  • ഗർഭിണിയോ മുലയൂട്ടുന്ന ആളോ ആണോ എന്നത്
  • നേരത്തേ ഏതെങ്കിലും തരത്തിലുള്ള കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടോ എന്നത്.

വാക്സിനേഷൻ ഷെഡ്യൂൾ

0.5 മില്ലി വീതം രണ്ട് ഡോസ് വാക്സിൻ ആണ് എടുക്കേണ്ടത്. ഇടത്തേ ഉദരത്തിന്‍റെ പേശിയിലാണ് കുത്തിവെപ്പ് എടുക്കേണ്ടത്. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 4 മുതൽ 12 ആഴ്ച വരെ ആകാമെങ്കിലും ഇന്ത്യൻ ഗവണ്മെന്റും വാക്സിൻ നിർമ്മാതാക്കളും നാല് ആഴ്ചത്തെ ഇടവേളയാണ് നിഷ്കർഷിച്ചിട്ടുള്ളത്.

ഈ വാക്സിൻ എത്ര മാത്രം കാര്യക്ഷമമാണ്?

ഏകദേശം 70 ശതമാനമാണ് ഈ വാക്സിന്റെ കാര്യക്ഷമത. എന്നാൽ കോവിഡ് രോഗം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ എത്തുന്നതിന് എതിരെ 100% കാര്യക്ഷമത ലഭിക്കും എന്നാണ് ഇതുവരെയുള്ള അറിവ്. പൂർണമായ രോഗ പ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാല് ആഴ്ചകൾ കഴിയേണ്ടതുണ്ട്.

എന്തൊക്കെയാണ് ഈ വാക്സിന്റെ സൈഡ് ഇഫക്ടുകൾ ?

താരതമ്യേന സുരക്ഷിതമായ, ഗുരുതര പാർശ്വഫലങ്ങൾ ഇല്ലാത്ത വാക്സിനാണ് ഇത്.

വളരെ സാധാരണമായ പാർശ്വഫലങ്ങൾ (പത്ത് ശതമാനത്തിൽ കൂടുതൽ ആൾക്കാരിൽ വരാവുന്നത്)

വാക്സിൻ എടുത്ത സ്ഥലത്ത് വേദന, ചൂട്, തടിപ്പ്, ചുവപ്പ്, ചൊറിച്ചിൽ എന്നിവ. ക്ഷീണം, കുളിര്, തലവേദന, ഓക്കാനം സന്ധി / പേശി വേദന

സാധാരണ പാർശ്വഫലങ്ങൾ (പത്ത് ശതമാനത്തിൽ താഴെ)

പനി, ഇഞ്ചക്ഷൻ എടുത്ത സ്ഥലത്ത് മുഴയ്ക്കൽ, ഛർദ്ദി,ഫ്ലൂ ലക്ഷണങ്ങൾ - പനി, തൊണ്ടവേദന, കുളിര്, ജലദോഷം, ചുമ

അത്ര സാധാരണമല്ലാത്ത പാർശ്വഫലങ്ങൾ (ഏകദേശം ഒരു ശതമാനം)

തലകറക്കം, വിശപ്പില്ലായ്​മ, വയറുവേദന, അമിതമായ വിയർപ്പ്, പരുക്കൾ, പൊന്തൽ ലിംഫ് നോഡ് (കഴല) വീക്കം. പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

എഴുതിയത്​: ഡോ.സുനിൽ പി.കെ, ഡോ.പു​രുഷോത്തമൻ കെ.കെ, ഡോ.കിരൺ നാരായണൻ, ഡോ.ജിനേഷ്​ പി.എസ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid Vaccinecovishield
Next Story