ഒമിക്രോൺ XBB.1.5 ഇന്ത്യയിലും, പുതിയ തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധർ
text_fieldsന്യൂഡൽഹി: ഒമിക്രോൺ ഉപ വകഭേദം XBB.1.5 ഇന്ത്യയിലും കണ്ടെത്തി. വെള്ളിയാഴ്ച ഗുജറാത്തിലാണ് ഇന്ത്യയിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. യു.എസിൽ XBB.1.5 വ്യാപകമായി പടരുന്നതിനിടെയാണ് വകഭേദം ഇന്ത്യയിലും കണ്ടെത്തിയത്. വീണ്ടുമൊരു കോവിഡ് തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒമിക്രോൺ ബിഎ.2 വകഭേദങ്ങളുടെ സങ്കലനമാണ് XBB. അതേകുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നേയുള്ളു. അതിനിടെയാണ് അതിനും പുതിയ വകഭേദങ്ങൾ വരികയും XBB.1.5 വ്യാപകമാവുകയും ചെയ്തത്.
അറിവായ വിവരങ്ങൾ വെച്ച് XBB.1.5 മനുഷ്യ കോശങ്ങളുമായി എളുപ്പത്തിൽ കൂടിച്ചേരുന്നവയും വാക്സിനുകളെ വരെ പ്രതിരോധിക്കാൻ ശേഷിയുള്ളവയുമാണ്. ഇതിന് വ്യാപന ശേഷിയും കൂടുതലാണ്. ഒമിക്രോണിന്റെ ഏതൊരു വകഭേദത്തേക്കാളും വ്യാപന ശേഷി കൂടുതൽ XBB.1.5നുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
രണ്ടാഴ്ചകൾക്ക് മുമ്പാണ് യു.എസിൽ XBB.1.5 ആദ്യം കണ്ടെത്തിയത്. എന്നാൽ തൊട്ടു പിറകെ നിരവധി പേരാണ് രോഗം ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്.