കോവിഡ് രണ്ടാംതരംഗം; ചെറുപ്പക്കാരും ജാഗ്രത പുലർത്തണം
text_fieldsകോവിഡ് മഹാമരി അതിെൻറ ഒന്നാം വരവിൽ പിടികൂടിയത് പ്രായം കൂടിയവരെയും ആസ്ത്മ, അർബുദം, ഹൃദ്രോഗം, കരൾരോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങളും കടുത്ത ജീവിതശൈലീ രോഗങ്ങളും ഉള്ളവരെയും ആയിരുന്നുവെങ്കിൽ രോഗത്തിെൻറ രണ്ടാം വരവിൽ അത് ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കൂടി ജീവനെടുത്തുകൊണ്ടാണ് ഭീഷണിയാവുന്നത്.
പറയത്തക്ക അസുഖങ്ങളൊന്നുമില്ലാത്ത സാമാന്യം ആരോഗ്യമുള്ളവരും അതേസമയം കോവിഡ് പോസിറ്റിവ് ആയവരുമായ ചെറുപ്പക്കാരെയാണ് മരണം പിടികൂടുന്നത്. ഇവർക്ക് പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെ തന്നെ പെട്ടെന്ന് ശ്വാസതടസ്സം ഉണ്ടാവുന്നു... രക്തത്തിൽ ഓക്സിജെൻറ അളവ് അപകടകരമാംവണ്ണം കുറയുന്നു... ആശുപത്രികളിൽ എത്തിക്കുംമുമ്പ് ജീവൻ പൊലിയുന്നു. ചിലരാകട്ടെ ആശുപത്രിയിൽ എത്തിച്ച ശേഷം ഏതാനും ദിവസങ്ങളോ ചിലപ്പോൾ മണിക്കൂറുകളോ വെൻറിലേറ്റർ പോലുള്ള ആധുനിക ചികിത്സാസംവിധാനങ്ങൾ ലഭിച്ചിട്ടുപോലും മരണത്തിന് കീഴടങ്ങുന്നു.
ഏതാനും മണിക്കൂറുകൾ മുമ്പുവരെ ഉൗർജസ്വലരായിരുന്നവർ പൊടുന്നനെ മരിക്കുേമ്പാൾ സ്വാഭാവികമായും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിന് തന്നെയും ഞെട്ടലും ദുരൂഹതയും അനുഭവപ്പെടുന്നു. ആശുപത്രികളിൽ എത്തിച്ചശേഷമുള്ള മരണങ്ങളാണെങ്കിൽ ചികിത്സാ പിഴവാണോ എന്ന സംശയവും ഉയരുന്നു. എത്ര ചിന്തിച്ചുനോക്കിയാലും ആരോഗ്യമുള്ള ഒരു യുവാവോ, യുവതിയോ പെട്ടെന്ന് മരിക്കുന്നതിനെ അംഗീകരിക്കാൻ പൊതുവിൽ എല്ലാവരും മടിക്കും. ഫലമോ ഇത്തരത്തിലുള്ള ഓരോ മരണത്തിനു പിന്നിലുമുള്ള കാരണങ്ങളറിയാതെ എല്ലാവരും കുഴങ്ങുന്നു.
കോവിഡ് രോഗികളിലെ ശ്വാസതടസ്സം
കോവിഡ് പോസിറ്റിവായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിനെയാണ് പ്രധാനമായും വൈറസ് ആക്രമിക്കുന്നത്. തുടർന്നുണ്ടാവുന്ന അണുബാധയുടെ ഫലമായി ശ്വാസകോശത്തിനുള്ളിലെ വായുഅറകളിൽനിന്ന് ശരീരത്തിനകത്തേക്ക് ഓക്സിജൻ കൊണ്ടുപോകുന്ന നേർത്ത ധമനികൾ രക്തംകട്ടപിടിച്ച് അടയുകയും രക്തത്തിലേക്കുള്ള ഓക്സിജെൻറ സംയോജനം കുറയുകയും ചെയ്യുന്നു. ഇതോടെ രക്തചംക്രമണത്തിലൂടെ ശരീര കോശങ്ങൾക്ക് ലഭിച്ചിരുന്ന ഓക്സിജൻ ലഭിക്കാതെ 'ഓക്സിജൻ-ന്യൂനത' എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ വ്യക്തിയുടെ മസ്തിഷ്കം, ഹൃദയം തുടങ്ങിയ സുപ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം താളംതെറ്റുന്നു. ഈ അവസ്ഥയെ അടിയന്തര ചികിത്സയിലൂടെ മറികടക്കാനായില്ലെങ്കിൽ രോഗി വിവിധതരത്തിലുള്ള ഗുരുതരാവസ്ഥയിലേക്ക് മാറുകയും അബോധാവസ്ഥയിലാവുകയും തുടർന്ന് മരണത്തിന് വരെ കാരണമാവുകയും ചെയ്യുന്നു. മറ്റു ചില ആരോഗ്യപ്രശ്നങ്ങളും പുകവലിയും ഉള്ളവരിൽ ഇത്തരം അവസ്ഥയെ നിയന്ത്രണാധീതമാകാൻ സാധ്യത കൂടുതലാണ്.
നിലവിൽ ഇൗ ഗണത്തിൽപ്പെട്ട ക്രോണിക് ഒബ്സ്ട്രക്റ്റിവ് പൾമണറി ഡിസീസ്, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫൈസെമ, ആസ്ത്മ, ശ്വാസകോശ തകരാർ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിളർച്ച തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് കോവിഡ് ബാധകൂടി ഉണ്ടാവുന്നതോടെ അവസ്ഥ സങ്കീർണമാവുന്നു.
രക്തത്തിൽ ഓക്സിജൻ കുറഞ്ഞാൽ
കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് ശ്വാസതടസ്സം മൂലമാണെന്ന് ഇന്ന് എല്ലാവർക്കുമറിയാം. ശ്വാസകോശം വഴി രക്തത്തിലേക്ക് ആവശ്യമായ അളവിൽ ഓക്സിജൻ നൽകുന്നതിൽ ശരീരം പരാജയപ്പെടുന്നതോടെ പല പ്രധാനപ്പെട്ട ആന്തരികാവയവങ്ങളുടെയും പ്രവർത്തനം താറുമാറാവുന്നു. രക്താതിസമ്മർദം കുറയുകയും ഹൃദയമിടിപ്പ് ക്രമാതീതമാവുകയും ചെയ്യുന്നതോടെ വൃക്കകളുടെയും മറ്റും പ്രവർത്തനം താളംതെറ്റുന്നു. സർവോപരി ഓക്സിജെൻറ അളവ് കുറയുന്നതോടെ മസ്തിഷ്കത്തിെൻറ പ്രവർത്തനവും തകരാറിലാവുന്നു. ഇതോടെ ശരീരത്തിെൻറ മൊത്തം പ്രവർത്തനത്തെ അത് സാരമായി ബാധിക്കുന്നു.
ചെറുപ്പക്കാരുടെ പെട്ടെന്നുള്ള മരണം എന്തുകൊണ്ട്?
യഥാർഥത്തിൽ ചെറുപ്പക്കാരായ വ്യക്തികളിൽ രക്തത്തിലെ ഒാക്സിജെൻറ അളവ് പെെട്ടന്ന് കുറയുന്നതല്ല. മറിച്ച് ഇവരിൽ രോഗലക്ഷണം പ്രകടമാകാൻ വൈകുന്നതാണ് കാരണം. കോവിഡ് പോസിറ്റിവായതിനെ തുടർന്നുള്ള അണുബാധമൂലം ഇവരുടെ ശ്വാസകോശത്തിെൻറ പ്രവർത്തനം നേരത്തേതന്നെ താളംതെറ്റിയിട്ടുണ്ടാവാമെങ്കിലും വലിയതോതിലുള്ള ലക്ഷണങ്ങൾ പുറമേക്ക് കാണുന്നുണ്ടാവില്ല. സ്വാഭാവികമായും ഇൗ അവസ്ഥയിൽ കൂടുതൽ ചികിത്സയുടെ ആവശ്യം മനസ്സിലാക്കാതെ ഇവർ മുന്നോട്ടുപോകുന്നു. തുടർന്ന് ശരീരത്തിന് താങ്ങാനാവാത്ത നിലയിൽ രക്തത്തിലെ ഒാക്സിജെൻറ അളവ് കുറയുന്നതോെട പെെട്ടന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും ശരീരത്തിെൻറ നില വഷളാവുകയും ചെയ്യുന്നു. ഇൗ അവസ്ഥയിൽ ചിലപ്പോൾ ആശുപത്രികളിൽ എത്തിക്കുന്നതിന് മുമ്പായിതന്നെ രോഗി മരിച്ചുപോകുന്നു. മറ്റു ചിലപ്പോഴാകെട്ട ആശുപത്രിയിലെത്തിക്കുന്ന രോഗിയെ നേരിട്ടുതന്നെ വെൻറിലേറ്റർ പോലുള്ള ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സിക്കേണ്ടിവരുന്നു. രക്തത്തിെല ഒാക്സിജെൻറ നില അപകടകരമാംവണ്ണം താഴുന്നതുകൊണ്ടാണിത്. അതുകൊണ്ടുതന്നെ വെൻറിലേറ്ററിെൻറ സഹായം നൽകിയാൽ പോലും പലരെയും രക്ഷിക്കാനാവുന്നില്ല.ഇൗ പ്രതിഭാസത്തെയാണ് വൈദ്യശാസ്ത്രം 'ഹാപ്പി ഹൈപോക്സിയ' (happy hypoxia) എന്ന് വിശേഷിപ്പിക്കുന്നത്. ഹൈപോക്സിയ എന്നാൽ രക്തത്തിലെ ഒാക്സിജെൻറ അളവ് കുറഞ്ഞുപോകുന്ന അവസ്ഥ എന്നാണർഥം. ഇങ്ങനെ അളവ് കുറഞ്ഞിട്ടുപോലും രോഗി ലക്ഷണങ്ങളൊന്നും കാണിക്കാതെ സന്തോഷത്തോടെ ഇരിക്കുന്നതുകൊണ്ടാണ് ഇൗ അവസ്ഥയെ 'ഹാപ്പി ഹൈപോക്സിയ' എന്നു വിളിക്കുന്നത്.
രക്തത്തിലെ ഒാക്സിജെൻറ നില
ആരോഗ്യമുള്ള വ്യക്തിയുടെ രക്തത്തിലെ ഒാക്സിജെൻറ അളവ് 97 മുതൽ 100 വരെയാണ്. അത് 92 ശതമാനത്തിൽ താഴെ പോയാൽ അപകടസൂചനയായി കാണണം. എന്നാൽ 90 നും താഴെ പോകുകയാണെങ്കിൽ രോഗിക്ക് ഒാക്സിജൻ പുറെമനിന്ന് നൽകേണ്ട അവസ്ഥയിലെത്തുന്നു എന്നർഥം. ഇൗ അവസ്ഥയിൽ രോഗി ഒരു മാസ്ക്കിെൻറ സഹായത്തോടെ സിലിണ്ടറിൽനിന്ന് നേരിട്ട് ഒാക്സിജൻ ശ്വസിച്ചാൽ മതിയാവും. എന്നാൽ, ഒാക്സിജൻ നില വീണ്ടും താഴ്ന്ന് 80 ന് താഴേക്കു കുറയുകയാണെങ്കിൽ മാസ്ക്വഴി ഒരു ചെറിയ യന്ത്രത്തിെൻറ സഹായത്തോടെ ഒാക്സിജൻ നൽകുന്ന നോൺ ഇൻവാസിവ് വെൻറിലേറ്റർ (Non-Invasive Ventilator) ഉപയോഗിക്കേണ്ടിവരും. എന്നിട്ടും രോഗിയുടെ നില മെച്ചപ്പെടുന്നില്ലെങ്കിലാണ് ശ്വാസകോശത്തിലേക്ക് കുഴലുകൾ എത്തിച്ചുള്ള വെൻറിലേറ്ററുകളുടെ സഹായം ആവശ്യമായിവരുന്നത്.അതേസമയം, ചികിത്സാരീതികളും രോഗിയെ വെൻറിലേറ്ററിലാക്കുന്നതുമെല്ലാം രക്തത്തിലെ ഓക്സിജെൻറ നില മാത്രം പരിഗണിച്ചല്ല. മറിച്ച് മറ്റ്ശാരീരിക അവസ്ഥകൾകൂടി നിരീക്ഷിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
എന്താണ് പരിഹാരം
ഇത്തരം അവസ്ഥയെ നേരിടാൻ നമുക്ക് ഏകമാർഗം കോവിഡ് പോസിറ്റിവായിക്കഴിഞ്ഞാൽ ശരീരം പൂർവസ്ഥിതിയിലാവുന്നതുവരെ രക്തത്തിലെ ഒാക്സിജെൻറ നില നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതു മാത്രമാണ്. ഇതിന് ആശുപത്രികളുടെയോ ഡോക്ടർമാരുടെയോ സഹായം ആവശ്യമില്ലാതെ തന്നെ നിർവഹിക്കാവുന്ന ഏറ്റവും ശാസ്ത്രീയമായ മാർഗം വീടുകളിൽ ഒരു 'പൾസ് ഒാക്സിമീറ്റർ' (pulse oximeter) എന്ന ചെറു ഉപകരണം സൂക്ഷിക്കുക എന്നതാണ്. ചെറിയരീതിയിൽ വില നൽകേണ്ടിവന്നാലും ഒരു ജീവൻരക്ഷാ ഉപകരണം എന്ന നിലക്ക് ഇത് വാങ്ങി സൂക്ഷിക്കുന്നതണ് നല്ലത്.
എന്താണ് 'പൾസ് ഒാക്സിമീറ്റർ'?
ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്നതും ചൂണ്ടുവിരലിൽ ഘടിപ്പിക്കാവുന്നതുമായ ലളിതമായ ഇലക്ട്രോണിക്സ് ഉപകരണമാണിത്. രക്തത്തിലെ ഒാക്സിജെൻറ നിലയോടൊപ്പം ഹൃദയമിഡിപ്പും ഇതിലൂടെ അറിയാനാവും. ഒരുതരത്തിലുള്ള പരിശീലനവും ആവശ്യമില്ലാതെതന്നെ ആർക്കുവേണമെങ്കിലും പ്രവർത്തിപ്പിക്കാവുന്ന ഒരു ഉപകരണമാണിത്.
ഒാൺലൈൻ വഴിയും മെഡിക്കൽ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. 'പൾസ് ഒാക്സിമീറ്റർ' വാങ്ങുേമ്പാൾ നിലവാരമുള്ള ഉൽപന്നം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം എന്നുമാത്രം. 'ഹാപ്പി ഹൈപോക്സിയ' നേരത്തേ കണ്ടെത്താനും ജീവൻ രക്ഷിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇൗ ഉപകരണത്തിൽ രക്തത്തിലെ ഒാക്സിജെൻറ അളവ് 92 ശതമാനത്തിൽ കുറയുകയോ എന്തെങ്കിലും കാരണവശാൽ ഇൗ ഉപകരണം ഉപയോഗിക്കാൻ കഴിയാത്തവരിൽ ചെറിയതോതിലായാലും ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താൽ ഏറ്റവും വേഗത്തിൽ വൈദ്യസഹായം തേടേണ്ടതാണ്.
(ലേഖിക നവജാത ശിശുരോഗ വിദഗ്ധയും സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യ ബോധവത്കരണം നടത്തുന്ന പ്രശസ്ത ബ്ലോഗറുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
