അതിവേഗം ഒമിക്രോൺ; കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ
text_fieldsഒമിക്രോൺ അതിവേഗം പടരുന്ന സാഹചര്യത്തിൽ കോവിഡ് നിയന്ത്രണങ്ങൾ പുന:സ്ഥാപിച്ച് യൂറോപ്യൻ രാജ്യങ്ങൾ. ജർമനിയും പോർച്ചുഗലും ക്രിസ്മസിന് ശേഷം നിയന്ത്രണങ്ങളും സാമൂഹിക അകലവും കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
പല യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ ആണ് പ്രതിദിനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന വകഭേദം. ഇത് ആരോഗ്യസംവിധാനങ്ങളെയാകെ വീണ്ടും തകരാറിലാക്കുകയാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻ അനുഭവം ആവർത്തിക്കുന്നത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് യൂറോപ്യൻ രാജ്യങ്ങൾ.
ഡിസംബർ 28 മുതൽ ജർമനിയിൽ രാത്രി ക്ലബുകൾക്ക് നിരോധനമേർപ്പെടുത്തി. 10 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾക്കും നിരോധനമുണ്ട്. ഫുട്ബാൾ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയങ്ങൾക്കുള്ളിൽ നടക്കും.
കൊറോണ വൈറസിന് ക്രിസ്മസ് അവധി ബാധകമല്ലെന്ന് ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന തരംഗത്തിന് നേരെ നമുക്ക് കണ്ണടച്ചിരിക്കാനാകില്ല. അത് നമ്മുടെ മേൽ പതിക്കാൻ തുടങ്ങിയിരിക്കുന്നു -അദ്ദേഹം പറഞ്ഞു.
പോർച്ചുഗലിൽ ബാറുകളും രാത്രി ക്ലബുകളും ഡിസംബർ 26 മുതൽ പ്രവർത്തിക്കില്ല. ജനുവരി ഒമ്പത് വരെ വർക് ഫ്രം ഹോം നിർബന്ധമാക്കി. ഒത്തുചേരലുകളിൽ 10ൽ കൂടുതൽ പേർ പാടില്ല.
ഫിൻലൻഡിൽ ബാറുകളും റെസ്റ്ററന്‍റുകളും ക്രിസ്മസ് തലേന്ന് രാത്രി 10ന് അടയ്ക്കണം. ഡിസംബർ 28 മുതൽ റസ്റ്ററന്‍റുകൾ വൈകീട്ട് ആറ് വരെ മാത്രമേ പ്രവർത്തിക്കാവൂ. പുറത്തുനിന്നുള്ളവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.
യു.കെയിൽ ഇംഗ്ലണ്ടിൽ ക്രിസ്മസിന് മുമ്പ് നിയന്ത്രണങ്ങളില്ല. എന്നാൽ, സ്കോട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഒത്തുചേരലുകൾക്ക് നിയന്ത്രണമുണ്ട്.
സ്വീഡനിൽ ബാറുകളും കഫേകളും റസ്റ്ററന്‍റുകളും സീറ്റുകൾക്ക് ആനുപാതികമായി മാത്രമേ ആളുകളെ പ്രവേശിപ്പിക്കൂ. സാധ്യമായവരോടെല്ലാം വീട്ടിലിരുന്ന് ജോലിചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.
നെതർലൻഡിൽ തിങ്കളാഴ്ച മുതൽ കർശന ലോക്ഡൗൺ നിലവിലുണ്ട്. ഇത്തരം കർശന നടപടികൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് പിന്നാലെയുണ്ടായേക്കുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.
യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിൽ 38ലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. മുൻ വകഭേദങ്ങളേക്കാൾ വ്യാപനശേഷി വളരെയേറെ കൂടുതലാണ് എന്നതിനാൽ ഒമിക്രോണിനെതിരെ കനത്ത ജാഗ്രത വേണമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

