കോവിഡ് കുറച്ചത് ഇന്ത്യക്കാരുടെ 1.6 വർഷത്തെ ആയുർദൈർഘ്യം!
text_fieldsമുംബൈ: കോവിഡ്-19 മഹാമാരി മൂലം 2021-ൽ ഇന്ത്യയുടെ ആയുർദൈർഘ്യം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. 1.6 വർഷത്തെ കുറവാണ് രേഖപ്പെടുത്തിയത്. അതായത് രാജ്യത്തിന്‍റെ മൊത്തത്തിലുള്ള ആയുർദൈർഘ്യം 2019 ൽ 70.4 വർഷമായിരുന്നത് 2021 ൽ 68.8 വർഷമായാണ് കുറഞ്ഞിരിക്കുന്നത്.
ഡിയോണറിലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസിലെ (ഐ.ഐ.പി.എസ്) ഗവേഷകർ നടത്തിയ വിശകലനമനുസരിച്ച്, ഈ തിരിച്ചടി ഏകദേശം ഒരു ദശാബ്ദക്കാലത്തെ ആരോഗ്യ നേട്ടങ്ങളെയാണ് ഇല്ലാതാക്കിയത്.
മഹാമാരിക്ക് മുമ്പുള്ള 2019 നെ അപേക്ഷിച്ച് 2021ൽ ഇന്ത്യയിൽ 2.2 ദശലക്ഷം അധിക മരണങ്ങൾ രേഖപ്പെടുത്തിയതായി കാണിക്കുന്ന സിവിൽ രജിസ്ട്രേഷൻ സിസ്റ്റത്തിൽ നിന്നുള്ള ഡാറ്റ കേന്ദ്ര സർക്കാർ പുറത്തുവിട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ പഠന റിപ്പോർട്ട് വന്നിരിക്കുന്നത്.
വിവരങ്ങൾ വിശകലനം ചെയ്ത 22 സംസ്ഥാനങ്ങളിൽ 19 സംസ്ഥാനങ്ങളിലും ആയുർദൈർഘ്യത്തിൽ കുറവുണ്ടായി. ഗുജറാത്ത്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലാണ് ഏറ്റവും ഗുരുതരമായ കുറവ് രേഖപ്പെടുത്തിയത്. ഈ സംസ്ഥാനങ്ങളിൽ ആയുർദൈർഘ്യം മൂന്ന് വർഷത്തിലധികം കുറഞ്ഞു.
ഇന്ത്യയിലെ പുരുഷന്മാരുടെ ആയുർദൈർഘ്യം 2.2 വർഷത്തിനുള്ളിൽ 68.9 ൽ നിന്ന് 66.7 വർഷമായി കുറഞ്ഞു. അതേസമയം സ്ത്രീകളുടെ ആയുർദൈർഘ്യം 72.1 ൽ നിന്ന് 71.5 വർഷമായി 0.5 വർഷം മാത്രമാണ് കുറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

