വീണ്ടും കോവിഡ് ഭീഷണിയിൽ ജില്ല; ഇതുവരെ 146 കേസ്
text_fieldsപത്തനംതിട്ട: ജില്ലയില്‍ മേയ് മാസത്തില്‍ ഇതുവരെ 146 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു. നിലവില്‍ 122 ആക്ടീവ് കോവിഡ് കേസുണ്ട്. മഴക്കാല രോഗത്തിനൊപ്പം കോവിഡ് കേസുകളും കൂടുന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം. കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണ്.
മഴക്കാലമായതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും മുന്‍കരുതല്‍ വേണം. പനി, ചുമ, പേശിവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സയെടുക്കണം. കൊതുക് പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങള്‍ അടച്ചുസൂക്ഷിക്കുക. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും മാറ്റണം. കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ ലേപനങ്ങളോ വലയോ ഉപയോഗിക്കണം.
തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. കുടിവെള്ള സ്രോതസ്സുകള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. പൊതുടാപ്പുകളും കിണറുകളും വൃത്തിയായി സൂക്ഷിക്കണം. വ്യക്തിശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കണം. മഴക്കാലത്ത് എലിപ്പനിക്കുള്ള സാധ്യത കൂടുതലായതിനാല്‍ തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, മലിനജലസമ്പര്‍ക്ക സാധ്യതയുള്ള തൊഴില്‍ ചെയ്യുന്നവര്‍- ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ 200 മില്ലിഗ്രാം ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
- ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം.
- പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതുസ്ഥലങ്ങളിലും, യാത്രകളിലും മാസ്ക് ധരിക്കുന്നത് അഭികാമ്യം.
- ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രികളിലെത്തുന്നവരും നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കണം.
- അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം.
- കൈകള്‍ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുന്നത് നല്ലതാണ്.
ജില്ലയിലെ ഡെങ്കി ഹോട് സ്പോട്ടുകള്‍ പഞ്ചായത്ത്, വാര്‍ഡ് ക്രമത്തില്‍:
- കുളനട 9
- കോട്ടാങ്ങല്‍ 6, 7
- ചെറുകോല്‍ 9
- വെച്ചൂച്ചിറ 3, 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

