കോവിഡ് മരണം കണക്കിലും മൂന്നിരട്ടി; ആയുർദൈർഘ്യം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന
text_fieldsന്യൂഡൽഹി: കോവിഡ്19 മഹാമാരി ആഗോളതലത്തിൽ വിതച്ച നാശനഷ്ടങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ലോകാരോഗ്യ സംഘടന. 2020നും 2023നും ഇടയിൽ ലോകത്താകെ ഏകദേശം 22.1 മില്യൺ (2.21 കോടി) 'അധിക മരണങ്ങൾ' സംഭവിച്ചിട്ടുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ 'വേൾഡ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ് 2026' റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് ലോകമെമ്പാടും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ട 70 ലക്ഷം കോവിഡ് മരണങ്ങളേക്കാൾ മൂന്നിരട്ടിയിലധികം വരും.
ആഗോള ആരോഗ്യരംഗത്ത് കഴിഞ്ഞ ഒരു ദശാബ്ദക്കാലം കൊണ്ട് കൈവരിച്ച നേട്ടങ്ങളെല്ലാം 2021ഓടെ കോവിഡ് മഹാമാരി തുടച്ചുനീക്കിയതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ആഗോള ആരോഗ്യ സംവിധാനങ്ങൾ നേരിട്ട ചരിത്രപരമായ തിരിച്ചടിയാണിതെന്നും റിപ്പോർട്ട് വിശേഷിപ്പിക്കുന്നു.
റിപ്പോർട്ട് പ്രകാരം, 2019നും 2021നും ഇടയിൽ ആഗോളതലത്തിൽ മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യത്തിൽ 1.8 വർഷത്തിന്റെ കുറവുണ്ടായി. രോഗങ്ങളില്ലാതെ ജീവിക്കാനാകുന്ന ആരോഗ്യകരമായ ആയുർദൈർഘ്യം 1.5 വർഷവും കുറഞ്ഞു. സമീപകാല ചരിത്രത്തിൽ ഇത്രയും വലിയൊരു തിരിച്ചടി ആദ്യമായാണ്. 2021ലായിരുന്നു മരണനിരക്ക് ഏറ്റവും ഉയർന്ന ഘട്ടത്തിലെത്തിയത്. ആരോഗ്യസംവിധാനങ്ങൾ പൂർണ്ണമായി തകർന്ന ആ വർഷം മാത്രം 10.4 മില്യൺ (1.04 കോടി) അധിക മരണങ്ങൾ രേഖപ്പെടുത്തി. പിന്നീട് 2022ൽ ഇത് 4.9 മില്യണായും, 2023ൽ 3.3 മില്യണായും കുറഞ്ഞു. എങ്കിലും പല രാജ്യങ്ങളും ഇപ്പോഴും കോവിഡിന് മുൻപുള്ള ആരോഗ്യസ്ഥിതിയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകുന്നു.
ഒരു നിശ്ചിത കാലയളവിൽ സാധാരണ ഗതിയിൽ സംഭവിക്കേണ്ട മരണങ്ങളേക്കാൾ കൂടുതൽ ഉണ്ടാകുന്ന നിരക്കാണ് അധിക മരണങ്ങൾ. നേരിട്ടുള്ള കോവിഡ് മരണങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, മഹാമാരി കാരണം ആരോഗ്യ സംവിധാനങ്ങൾ തകിടം മറിഞ്ഞതുമൂലം കൃത്യസമയത്ത് ചികിത്സ കിട്ടാതെയും മറ്റും മരണപ്പെട്ടവരും ഈ കണക്കിൽ വരും.
കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് പുരുഷന്മാരെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2021ൽ കോവിഡ് അതിന്റെ ഉച്ചസ്ഥായിയിൽ നിന്നപ്പോൾ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലെ മരണനിരക്ക് 50 ശതമാനം കൂടുതലായിരുന്നു. പ്രായമായവരെയാണ് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത്, പ്രത്യേകിച്ച് 85 വയസ്സിന് മുകളിലുള്ളവരെ. വാക്സിനേഷൻ പ്രോഗ്രാമുകൾ, ക്ഷയം, എച്ച്.ഐ.വി ചികിത്സകൾ, മറ്റ് ഗുരുതര രോഗങ്ങൾക്കുള്ള പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ പാതിവഴിയിൽ തടസ്സപ്പെട്ടത് പരോക്ഷമായ മരണങ്ങളുടെ എണ്ണം കൂട്ടാൻ കാരണമായി.
2020-21 കാലയളവിൽ ഇന്ത്യയിൽ മാത്രം 4.74 മില്യൺ (47.4 ലക്ഷം) അധിക മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന മുൻപ് വിലയിരുത്തിയിരുന്നു. എന്നാൽ ഈ കണക്കുകളെ ഇന്ത്യൻ സർക്കാർ ശക്തമായി എതിർത്തിരുന്നു. ആഗോളതലത്തിൽ മരണങ്ങൾ രേഖപ്പെടുത്തുന്നതിലെ പോരായ്മകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. 2023ൽ ലോകത്താകെ നടന്ന 61 മില്യൺ മരണങ്ങളിൽ വെറും 21 മില്യൺ മരണങ്ങളുടെ കാരണം മാത്രമാണ് കൃത്യമായി ഡബ്ല്യു.എച്ച്.ഒക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരോഗ്യ പരിരക്ഷാ രംഗത്തെ ദാരിദ്ര്യം വർദ്ധിക്കുന്നതായും ആഗോള ആരോഗ്യ മേഖലക്കുള്ള ഫണ്ടിങ് കുറയുന്നതായും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

