വ്യാജമരുന്ന് വിൽപന: 300 ജീവൻരക്ഷ മരുന്നുകൾക്ക് ക്യൂ.ആർ കോഡ് മേയ് മുതൽ
text_fieldsപാലക്കാട്: അടുത്തവർഷം മേയ് ഒന്നുമുതൽ 300 ജീവൻരക്ഷ മരുന്നുകളുടെ പാക്കേജിങ്ങിൽ കേന്ദ്രസർക്കാർ ക്വിക്ക് റെസ്‌പോൺസ് (ക്യൂ.ആർ) കോഡ് നിർബന്ധമാക്കി. ഇത് നടപ്പാക്കാൻ 1945ലെ ഡ്രഗ്സ് റൂൾസിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഭേദഗതി വരുത്തി കരട് ചട്ടം പുറത്തിറക്കി.
രോഗിയുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി, വ്യാജ മരുന്നുകളുടെ വിൽപന തടയാനാണ് ക്യൂ.ആർ കോഡ് കൊണ്ടുവരുന്നത്. മരുന്നിന്‍റെ പൊതുവായ നാമം, ബ്രാൻഡ് നാമം, നിർമാതാവിന്‍റെ പേരും വിലാസവും ബാച്ച് നമ്പർ, നിർമാണ തീയതി, കാലഹരണപ്പെടുന്ന തീയതി, നിർമാണ ലൈസൻസ് നമ്പർ എന്നിവ ക്യൂ.ആർ കോഡിൽ ഉൾപ്പെടുത്തും.
നിയന്ത്രണത്തിന്‍റെ അഭാവത്തിൽ, നിലവിൽ ചില മരുന്നുകമ്പനികൾ സ്വമേധയാ ഉപയോഗിക്കുന്ന ക്യൂ.ആർ കോഡുകളിൽ ഏകീകൃത രൂപമില്ലെന്ന് വിമർശനമുയർന്നിരുന്നു. വ്യാജ ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ തിരിച്ചറിയുക മാത്രമല്ല, നിർമിക്കുന്ന ഉൽപന്നത്തിന് ഗുണനിലവാര പ്രശ്‌നമുണ്ടെങ്കിൽ അവ തിരിച്ചുവിളിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണിത്. ഉൽപന്നങ്ങൾ തിരികെ വിളിക്കാനുള്ള മാന്വൽ സംവിധാനം നിലവിലുണ്ടെങ്കിലും ക്യൂ.ആർ കോഡിന്‍റെ അഭാവത്തിൽ ഇത് ബുദ്ധിമുട്ടുള്ള കാര്യമാണ്.
മരുന്നുകൾ തിരിച്ചുവിളിക്കുന്ന പ്രക്രിയ ലളിതവും കൂടുതൽ വിശ്വസനീയവുമാക്കാൻ ക്യൂ.ആർ കോഡ് സ്കാനിങ്ങിലൂടെ സാധിക്കും. വ്യാജ മരുന്നുകൾ ആഗോള ഭീഷണിയായ സാഹചര്യത്തിൽ മരുന്ന് യഥാർഥമാണോ, വ്യാജമാണോ എന്ന് പരിശോധിക്കാൻ ക്യൂ.ആർ കോഡ് മുഖേന സാധിക്കും.
ക്യൂ.ആർ കോഡുകളോട് കൂടിയ മെഡിസിൻ പാക്കേജുകൾ നിർമാണ പ്രക്രിയ, മരുന്നുകളുടെ ഉള്ളടക്കം, കാലഹരണപ്പെടൽ തീയതി എന്നിവ കൂടി ഉൾപ്പെടുന്നതായതിനാൽ മരുന്നിന്‍റെ പാക്കേജിങ്ങിൽ അച്ചടിച്ച വിവരങ്ങളെ മാത്രം രോഗിക്ക് ഇനി ആശ്രയിക്കേണ്ടിവരില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.