‘സർക്കാർ ആശുപത്രിയിലെ ചുമ മരുന്ന് കഴിച്ച് രണ്ടുകുട്ടികൾ മരിച്ചു, സുരക്ഷിതമാണെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടർ അബോധാവസ്ഥയിൽ’
text_fieldsജയ്പൂർ: ചുമ ചികിത്സിക്കുന്ന സിറപ്പ് കഴിച്ച് രണ്ടുകുട്ടികൾ മരിച്ചു, പിന്നാലെ മരുന്ന് സുരക്ഷിതമാണെന്ന് തെളിയിക്കാൻ ഒരുഡോസ് കഴിച്ച ഡോക്ടറെ ബോധരഹിതനായ നിലയിൽ എട്ടുമണിക്കൂറിന് ശേഷം കാറിൽ കണ്ടെത്തി.
രാജസ്ഥാൻ സർക്കാരിനായി സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനി നിർമിച്ച് വിതരണം ചെയ്ത ജനറിക് ചുമ മരുന്ന് കഴിച്ചാണ് അപകടമുണ്ടായത്. രണ്ടാഴ്ചക്കിടെ മരുന്ന് കഴിച്ച് രണ്ടുകുട്ടികൾ മരിച്ചതായും 10ഓളം കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതായും അധികൃതർ വ്യക്തമാക്കി.
കെയ്‌സൺ ഫാർമ എന്ന കമ്പനി നിർമ്മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് എന്ന സംയുക്തം അടങ്ങിയ കഫ് സിറപ്പിന്റെ ചില ബാച്ചുകളാണ് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതായി കണ്ടെത്തിയത്.
രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്നുള്ള അഞ്ച് വയസ്സുകാരൻ നിതീഷിനെ ചുമയും ജലദോഷവുമടക്കം ആരോഗ്യപ്രശ്നങ്ങളോടെയാണ് മാതാപിതാക്കൾ ഞായറാഴ്ച ചിരാനയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സി.എച്ച്.സി) എത്തിച്ചത്. തുടർന്ന് കേന്ദ്രത്തിൽ നിന്ന് ഡോക്ടർ നിർദ്ദേശിച്ച കഫ് സിറപ്പ് രാത്രി 11.30 ഓടെ കുട്ടിക്ക് നൽകുകയായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു.
പുലർച്ചെ മൂന്നിന് നിതീഷ് ഉണർന്ന നിതീഷ് വെള്ളം ആവശ്യപ്പെട്ടു കുടിച്ചു. തിങ്കളാഴ്ച രാവിലെ വിളിച്ചിട്ടും കുട്ടി എഴുന്നേൽക്കാതെ വന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി കണ്ടെത്തുകയായിരുന്നു.
വാർത്ത പുറത്തുവന്നതിന് പിന്നാലെ, സെപ്റ്റംബർ 22ന് ഇതേ ചുമമരുന്ന് കഴിച്ച് മരിച്ച രണ്ടുവയസുകാരിയുടെ കുടുംബവും പരാതിയുമായി രംഗത്തെത്തി. ഭരത്പൂർ സ്വദേശിയായ സാമ്രാട്ട് ജാതവ് എന്ന കുട്ടിയാണ് മരിച്ചത്. ചുമയുമായി സമീപത്തെ പ്രാദേശിക പൊതുജനാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നതായി കുടുംബം പറഞ്ഞു. കെയ്‌സൺ ഫാർമ നിർമ്മിച്ച അതേ ചുമ സിറപ്പ് ഇവിടെ നിന്നും കുറിച്ച് നൽകി.
ഉച്ചയ്ക്ക് 1.30 ന് ജ്യോതി സാമ്രാട്ടിനും സഹോദരങ്ങളായ സാക്ഷിക്കും വിരാടിനും സിറപ്പ് നൽകി. അഞ്ച് മണിക്കൂർ കഴിഞ്ഞിട്ടും മൂന്ന് കുട്ടികളും ഉണർന്നില്ല. വീട്ടുകാർ തട്ടിവിളിച്ചതിന് പിന്നാലെ ഉണർന്ന സാക്ഷിയും വിരാടും ഉടനെ ഛർദ്ദിച്ചു, പക്ഷേ സാമ്രാട്ട് അബോധാവസ്ഥയിൽ തന്നെ തുടർന്നുവെന്നും കുടുംബം പറഞ്ഞു. രണ്ടു വയസ്സുള്ള കുട്ടിയെ ജയ്പൂരിലെ ജെ.കെ ലോൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ബയാനയിൽ, സെപ്റ്റംബർ 24 ന് ചുമ സിറപ്പ് നൽകിയതിനെത്തുടർന്ന് മൂന്നുവയസുകാരൻ അവശനിലയിലായത് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ സമീപിച്ചതോടെയാണ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇൻ ചാർജ് ഡോ. താരാചന്ദ് യോഗി മരുന്ന് ഒരുഡോസ് സ്വയം കഴിച്ചത്. തുടർന്ന് കാറിൽ ഭരത്പൂരിലേക്ക് പുറപ്പെട്ട ഡോക്ടറെ കുറിച്ച് മണിക്കൂറുകൾക്ക് ശേഷവും വിവരമില്ലാതായതോടെ കുടുംബം അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടർന്ന് പാതയോരത്ത് നിറുത്തിയിട്ട കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, രാജസ്ഥാൻ സർക്കാർ 22 ബാച്ച് സിറപ്പുകൾ നിരോധിക്കുകയും വിതരണം മരവിപ്പിക്കുകയും ചെയ്തു. ഈ വർഷം ജൂലൈ മുതൽ ഇതുവരെ സംസ്ഥാനത്ത് 1.33 ലക്ഷം കുപ്പി സിറപ്പ് വിതരണം ചെയ്തതായാണ് ആരോഗ്യ വകുപ്പിൻറെ കണക്ക്.
അതേസമയം, സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മരുന്നുകമ്പനിയുടമക്കായി അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

