ഇന്ത്യയിൽ ദീർഘകാല വൃക്കരോഗ ബാധിതരുടെ എണ്ണം കൂടുന്നു, ചൈനക്ക് പിന്നിൽ രണ്ടാമത്
text_fieldsന്യൂഡൽഹി: ദീർഘകാല വൃക്കരോഗ ബാധിതരിൽ ചൈനക്ക് പിന്നാലെ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് പഠനം. 2023ലെ ഗുരുതര വൃക്കരോഗ ബാധിതരെക്കുറിച്ചുള്ള റിപ്പോർട്ടിൽ 13.8 കോടി ദീർഘകാല രോഗികൾ ഇന്ത്യയിലുണ്ടെന്ന് ‘ദി ലാൻസെറ്റ് ജേർണൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഒന്നാം സ്ഥാനത്തുള്ള ചൈനയിൽ 15 കോടിയിലധികം വൃക്കരോഗ ബാധിതരാണുള്ളത്. ഉയർന്ന മരണകാരണങ്ങളിൽ ഒമ്പതാമത്തെ കാരണമായി കണക്കാക്കുന്നത് വൃക്ക സംബന്ധമായ രോഗാവസ്ഥയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 204 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും1990 മുതൽ 2023 വരെയുള്ള ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്ത വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിലെ (ഐ.എച്ച്.എം.ഇ) ഗവേഷകരാണ് പഠനം നടത്തിയത്.
2023ൽ ആഗോള തലത്തിൽ 15 ലക്ഷം പേർ മരണപ്പെടാൻ കാരണം വൃക്ക സംബന്ധമായ രോഗമാണെന്നാണ് കണ്ടെത്തൽ. വടക്കെ ആഫ്രിക്കയിലും മധ്യ ഏഷ്യയിലുമാണ് ഈ രോഗാവസ്ഥയുടെ വ്യാപനം ഏറ്റവുമധികം രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണേഷ്യയിൽ ഏകദേശം 16 ശതമാനവും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയ എന്നിവിടങ്ങളിൽ 15 ശതമാനത്തിലധികവും രോഗികളുണ്ട്.
പ്രമേഹം, രക്തസമ്മർദം, ജീവിതശൈലി എന്നിവ നിയന്ത്രിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിലൂടെ വൃക്കരോഗം തടയാനും നിയന്ത്രിക്കാനും സാധിക്കുമെന്ന് ആരോഗ്യ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. പഴങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞ ഉപഭോഗവും ഉപ്പിന്റെ (സോഡിയം) കൂടിയ ഉപയോഗവും ദീർഘകാല വൃക്ക രോഗങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

