സംസ്ഥാനത്ത് വീണ്ടും കോളറ: രോഗം സ്ഥിരീകരിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്
text_fieldsകൊച്ചി: സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിക്കാണ് രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തി കോളറ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 25നാണ് രോഗബാധ സ്‌ഥിരീകരിച്ചത്.
ഇതര സംസ്ഥാനത്തുനിന്ന് എത്തി വൈകാതെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാളെ എറണാകുളം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കോളറ സ്ഥിരീകരിക്കുകയായിരുന്നു. രോഗി അപകടാവസ്ഥ തരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസ് വ്യക്തമാക്കി. ഇയാളുമായി സമ്പർക്കം പുലർത്തിയവരെ ഉൾപ്പെടെ പരിശോധനക്ക് വിധേയരാക്കി.
സംസ്ഥാനത്ത് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ കോളറ കേസാണിത്. കഴിഞ്ഞ വർഷം കോളറ പിടിപെട്ടതിനെ തുടർന്ന് തിരുവനന്തപുരം കവടിയാര്‍ സ്വദേശിയായ 63കാരന്‍ മരിച്ചിരുന്നു. കുട്ടനാട് തലവടി സ്വദേശിയായ 48കാരന്‍ ഈ വര്‍ഷം മേയില്‍ മരിച്ചത് കോളറ ബാധിച്ചാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് മരണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കഴിഞ്ഞ വര്‍ഷം പന്ത്രണ്ടോളം കോളറ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ നിന്ന് കോളറ തുടച്ചുനീക്കിയെന്ന് അവകാശവാദമുണ്ടെങ്കിലും 2009 മുതല്‍ പലപ്പോഴായി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

